ADVERTISEMENT

വൈപ്പിൻ∙ ഫിഷിങ് ബോട്ടുകളുടെ ചെറുമീൻ പിടിത്തത്തിന് എതിരെ നിയമനടപടികൾ കർശനമാക്കുമ്പോഴും പുഴകളിലും തോടുകളിലും മീൻകുഞ്ഞുങ്ങളെ  പിടിച്ച് നശിപ്പിക്കുന്നത് തുടരുന്നു. ചെറുവഞ്ചികൾ മുതൽ കണ്ണിയടുപ്പമുള്ള വലകൾ ഉപയോഗിക്കുന്നത് പതിവായതോടെ മീൻ കുഞ്ഞുങ്ങൾ വൻതോതിൽ നശിപ്പിക്കപ്പെടുന്ന സ്ഥിതിയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ആണ് ഈ പ്രതിഭാസം വ്യാപകമായതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

തെള്ളിച്ചെമ്മീന്റെ വില വർധിച്ചതിനെ തുടർന്നാണ് തോടുകളിലും പുഴകളിലും മത്സ്യബന്ധനം നടത്തുന്നവർ തീരെ ചെറിയ കണ്ണി ഉള്ള വലകൾ ഉപയോഗിച്ചു തുടങ്ങിയത്. ഇവയിൽ  തീരെ ചെറിയ മീൻ കുഞ്ഞുങ്ങളും അകപ്പെട്ടു തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികളുടെ ഇടയിൽ നിന്നു തന്നെ ഇതിനെതിരെ പ്രതിഷേധം ഉയർന്നു. ഇത്തരത്തിൽ കുഞ്ഞുങ്ങളെ വൻതോതിൽ പിടിച്ചു നശിപ്പിക്കുന്നത് ഭാവിയിൽ മീൻ വറുതിക്ക് കാരണമാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്. ഇത് സംബന്ധിച്ച് പലരും ഫിഷറീസ് അധികൃതർക്ക് പരാതി നൽകിയെങ്കിലും ആദ്യമൊന്നും കാര്യമായ നടപടികൾ ഉണ്ടായില്ല.

പിന്നീട് വീണ്ടും പരാതികൾ എത്തിയപ്പോൾ പേരിനു പരിശോധന നടത്തിയ അധികൃതർ ഇപ്പോൾ പിൻവാങ്ങിയിരിക്കുകയാണ്. ഇതോടെ കൂടുതൽ മത്സ്യത്തൊഴിലാളികൾ നിയമ വിരുദ്ധ മത്സ്യബന്ധന രീതിയിലേക്ക് തിരിയുകയും ചെയ്തു. ഇത്തരത്തിൽ മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങുന്ന ചെറുമീനുകളിൽ വലിയൊരു ഭാഗം ഇവർ പുഴയിൽ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.

അൽപം വലിപ്പമുള്ളവ കരയിൽ എത്തിച്ച് ഉണക്കുന്നതിനും മറ്റുമായി വിൽപന നടത്തുകയും ചെയ്യുന്നു. വളർച്ചയെത്തിയാൽ അര കിലോഗ്രാം വരെ തൂക്കം എത്തുന്ന മീനിന്റെ കുഞ്ഞുങ്ങളെ 25 ഗ്രാം പോലും വലിപ്പം ആകുന്നതിനു മുൻപാണ് പിടിച്ചെടുക്കുന്നത്. ചെറുവഞ്ചികളും മറ്റും ഇത്തരത്തിൽ വ്യാപകമായി വല ഉപയോഗിക്കുന്നത് കണ്ടെത്തുന്നത് എളുപ്പമല്ലെന്നാണ് അധികൃതർ പറയുന്ന ന്യായം. കടലിലെ ചെറുമീൻ പിടിത്തം മൂലം ഉണ്ടാകുന്ന  പ്രത്യാഘാതത്തിന്റെ അനേകം ഇരട്ടിയായിരിക്കും പുഴയിലും തോടുകളിലും ചെമ്മീൻ കെട്ടുകളിലും ഈ പ്രവണത മൂലം ഉണ്ടാവുകയെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com