വരാപ്പുഴ ∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതെന്ന വ്യാജേന ലോഡ്ജിൽ താമസിച്ചു രാസലഹരി വിൽപന നടത്തിയിരുന്ന മൂന്നു പേരെ ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ആലുവ എടത്തല സ്വദേശികളായ തോപ്പിൽ നൗഫൽ (28), തുരുത്തുമേൽപറമ്പിൽ സനൂപ് (38), മുണ്ടക്കയം സ്വദേശി മഞ്ഞമാവുങ്കൽ അപർണ രാധാകൃഷ്ണൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു 7.45 ഗ്രാം രാസലഹരിയും 6 എൽഎസ്ഡി സ്റ്റാംപും 2.37 ഗ്രാം കഞ്ചാവ് ഓയിലും 48 ഗ്രാം കഞ്ചാവും 4 ലഹരിഗുളികകളും പിടികൂടി. ചേരാനല്ലൂർ അതിർത്തിയിലുള്ള ആശുപത്രിയുടെ സമീപത്തെ ലോഡ്ജിലാണ് ഇവർ കഴിഞ്ഞ ഒരു മാസമായി താമസിച്ചിരുന്നത്. പ്രതിയായ സനൂപിന് കേരളത്തിൽ വിവിധ ജില്ലകളിൽ ലഹരിമരുന്നു കച്ചവടമായി ബന്ധപ്പെട്ടു കേസുകൾ നിലവിലുണ്ട്.
നൗഫൽ ഓടിച്ചിരുന്ന യൂബർ ടാക്സിയിൽ അപർണ വഴിയാണ് ലഹരിമരുന്ന് വിൽപന നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. ചേരാനല്ലൂർ എസ്ഐ കെ.എക്സ്.തോമസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തു.