പറവൂർ∙ ചേന്ദമംഗലം കൂട്ടുകാട് കൊല്ലമാപറമ്പിൽ ജോർജിന്റെ (57) മരണം ഭക്ഷ്യവിഷബാധ കാരണമാണെന്ന സംശയത്തെത്തുടർന്നു മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. നഗരത്തിലെ മജ്‌ലിസ് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു നൂറിലേറെ ആളുകൾക്കു ഭക്ഷ്യവിഷബാധ ഉണ്ടായ 16നു രാത്രി ഇവിടെ നിന്നു പാഴ്സൽ വാങ്ങിയ കുഴിമന്തി ജോർജ് കഴിച്ചിരുന്നു.
കുഴിമന്തിയുടെ റൈസ്, മയോണൈസ്, സാലഡ് എന്നിവയാണു വാങ്ങിയതെന്നും ചിക്കൻ വാങ്ങിയില്ലെന്നും വീട്ടുകാർ പറഞ്ഞു. പിറ്റേന്നു വയറിന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ താലൂക്ക് ആശുപത്രിയിൽ പോയി. 18ന് എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. അന്നു രാത്രി തന്നെ ലൂർദ് ആശുപത്രിയിൽ എത്തിച്ചു. വയറുവേദന, വയറിളക്കം എന്നിവയാണ് ഉണ്ടായിരുന്നത്. 27ന് ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു മടങ്ങി. ശനിയാഴ്ച രാത്രി 9 മണിയോടെ വീട്ടിൽ മരിച്ചു.
കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന ജോർജ്, പാർക്കിൻസൺസ് രോഗം ഉണ്ടായതിനെത്തുടർന്നു ലോട്ടറി വിൽപന നടത്തുകയായിരുന്നു. ആശുപത്രി വിട്ടിട്ടും ക്ഷീണം പൂർണമായി മാറിയിരുന്നില്ലെന്നു വീട്ടുകാർ പറഞ്ഞു. കുഴിമന്തി കഴിച്ചു വയറിളക്കം ഉണ്ടായതിനെത്തുടർന്നു ജോർജിന്റെ ഭാര്യയും മകനും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ജോർജിന്റെ മരണം ഭക്ഷ്യവിഷബാധ കാരണമാണെന്ന സംശയം ഉയർന്നതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസിന്റെ നേതൃത്വത്തിലാണ് എറണാകുളം ഗവ.മെഡിക്കൽ കോളജിൽ എത്തിച്ചു പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിന്റെ ഫലം വന്നാൽ മാത്രമേ ഭക്ഷ്യവിഷബാധ തന്നെയാണോ മരണകാരണമെന്നു സ്ഥിരീകരിക്കാൻ കഴിയൂവെന്നു പൊലീസ് പറഞ്ഞു. സംസ്കാരം നടത്തി. ഭാര്യ: സിനി. മകൻ: എഡ്വിൻ.