ADVERTISEMENT

കൊച്ചി∙ കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണു ജില്ല. പാതിവഴിയിൽ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെ പദ്ധതികളുടെ മുന്നോട്ടുള്ള ഭാവി കേന്ദ്ര ബജറ്റിനെ ആശ്രയിച്ചാണ്. കൊച്ചി മെട്രോയുടെ  കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട വികസനം,അങ്കമാലി– കുണ്ടന്നൂർ ബൈപാസ്, ശബരി റെയിൽപാതയുൾപ്പെടെയുള്ള റെയിൽവേ വികസനം, കൊച്ചിൻ ഷിപ്‌യാഡ് വികസന പദ്ധതികൾ, കപ്പൽച്ചാൽ ആഴംകൂട്ടൽ തുടങ്ങി കേന്ദ്രത്തിന്റെ കനിവു കാത്തു കഴിയുന്ന പദ്ധതികൾ ഒട്ടേറെ. 

കേന്ദ്ര ബജറ്റിൽ ജില്ല പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണു റെയിൽവേ വികസനം. മൂന്നാം പിറ്റ്‌ലൈൻ പൂർത്തിയായിട്ടും പുതിയ ട്രെയിനുകൾ ലഭിച്ചിട്ടില്ല.എറണാകുളം– ബെംഗളൂരു വന്ദേഭാരത് ഉൾപ്പെടെ പുതിയ ട്രെയിനുകൾ അനുവദിക്കുക, എറണാകുളം– മുംബൈ തുരന്തോ ഉൾപ്പെടെ 7 ട്രെയിനുകൾ പ്രതിദിനമാക്കുക തുടങ്ങിയ ആവശ്യങ്ങളുമുണ്ട്.

ശബരി പാത 

പദ്ധതിയുടെ പകുതിച്ചെലവു കേരളം വഹിക്കാമെന്ന് അറിയിച്ച ശേഷമുള്ള ബജറ്റാണ് ഇത്തവണത്തേത്. അതിനാൽ ശബരി പദ്ധതി മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കപ്പെടുമെന്നും കൂടുതൽ തുക അനുവദിക്കുമെന്നാണു പ്രതീക്ഷ. 

എറണാകുളം ജംക്‌ഷൻ

സ്റ്റേഷൻ നവീകരണം നടക്കുന്നുണ്ടെങ്കിലും പ്ലാറ്റ്ഫോമുകൾക്കു നീളം കൂട്ടാൻ നടപടിയില്ലാത്തതു തിരിച്ചടിയാണ്. 1, 3 പ്ലാറ്റ്ഫോമുകളിൽ മാത്രമാണ് 24 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താൻ കഴിയുന്നത്. എത്ര വലിയ സ്റ്റേഷൻ കെട്ടിടം പണിതാലും പ്ലാറ്റ്ഫോം നീളം കൂട്ടാതെ യാത്രക്കാർക്കു പ്രയോജനമില്ല. 

പാത ഇരട്ടിപ്പിക്കൽ

ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കൽ ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. എറണാകുളം– കുമ്പളം, കുമ്പളം– തുറവൂർ പാത ഇരട്ടിപ്പിക്കലിനു ഭൂമിയേറ്റെടുക്കാൻ എറണാകുളം, ആലപ്പുഴ കലക്ടറേറ്റുകളിൽ പണം കെട്ടിവച്ച റെയിൽവേ ഇതുവരെ പദ്ധതിയുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകിയിട്ടില്ല. ഭൂമിയേറ്റെടുക്കൽ നടക്കുമെന്നതാണ് ആകെ ആശ്വാസം. കായംകുളം – എറണാകുളം 100 കിലോമീറ്റർ പാതയിൽ 69 കിലോമീറ്റർ ഇരട്ടപ്പാതയാകാനുണ്ട്. 

ഓൾഡ് സ്റ്റേഷൻ 

ബഫർ സോൺ വിവാദത്തിൽ കുരുങ്ങിയിരിക്കുന്ന എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ മംഗളവനം വരുന്നതിനു പതിറ്റാണ്ടുകൾക്കു മുൻപു സ്ഥാപിക്കപ്പെട്ടതാണ്. രാജ്യത്തെ ആദ്യ ഹരിത സ്റ്റേഷനായി റെയിൽവേ പ്രഖ്യാപിച്ച ഇവിടെ സ്റ്റേഷനിലേക്കുള്ള പാത ഇടക്കാലത്തു നവീകരിച്ചതല്ലാതെ മറ്റു നടപടികളുണ്ടായിട്ടില്ല.

മെമു ട്രെയിനുകളുടെ ഹബ്ബാക്കി മാറ്റുമെന്ന പ്രഖ്യാപനവും നടപ്പായില്ല. 42 ഏക്കർ ഭൂമിയാണു ഹൈക്കോടതിയുടെ പിന്നിലായി സ്റ്റേഷനിലുള്ളത്. ഇവിടെനിന്നു പുറപ്പെടുന്ന മെമു  ഇടപ്പള്ളിയിൽ നിന്നു കോട്ടയം/ആലപ്പുഴ ഭാഗത്തേക്കു  പോകുന്ന തരത്തിൽ ക്രമീകരിച്ചാൽ ഏതു ദിശയിലും ഇവിടെനിന്നു മെമു ട്രെയിനുകൾ ഓടിക്കാം. 

ഹാർബർ ടെർമിനസ് 

ഏഴരക്കോടി ചെലവിൽ നവീകരിച്ച ടെർമിനസ് സ്റ്റേഷനും റെയിൽപാതയും കാടുകയറി നശിക്കുകയാണ്. പാത വൃത്തിയാക്കാനും മെറ്റലിടാനും വീണ്ടും പണം െചലവാക്കുന്നതല്ലാതെ സ്റ്റേഷനിൽ നിന്നു ട്രെയിനോടിക്കാൻ റെയിൽവേക്കു കഴിഞ്ഞിട്ടില്ല. എറണാകുളം മാർഷലിങ് യാഡിലെ അറ്റകുറ്റപ്പണിക്കുള്ള പി‌റ്റ്‌ലൈനുകൾ ഇവിടേക്കു മാറ്റിയാൽ മാർഷലിങ് യാഡിലെ നിർദിഷ്ട ടെർമിനൽ പദ്ധതിയിൽ കൂടുതൽ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടുത്താം. മുൻപുണ്ടായിരുന്ന ഷൊർണൂർ– കൊച്ചിൻ ഹാർബർ ടെർമിനസ് പാസഞ്ചർ സർവീസ് പുനഃസ്ഥാപിക്കാനും നടപടി വേണം. 

അങ്കമാലി, ആലുവ

അങ്കമാലി റെയിൽവേ സ്റ്റേഷനിൽ തെക്കു ഭാഗത്ത് ഒരു പ്ലാറ്റ്ഫോമിൽനിന്ന് അടുത്തതിലേക്കു കടക്കാൻ മേൽപാലം വേണം. ചമ്പന്നൂർ റെയിൽവേ പാലത്തിനു കേന്ദ്രാനുമതിയുണ്ടെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല. അങ്ങാടിക്കടവ് റെയിൽവേ അടിപ്പാതയുടെ ടെൻഡർ നടപടി പൂർത്തിയാക്കി നിർമാണം തുടങ്ങണം.

ജില്ലയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ ആലുവ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തു പ്രവേശന കവാടം നിർമിക്കണം എന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ആലുവ– കാലടി റൂട്ടിലെ പുറയാർ ലെവൽ ക്രോസിലെ മേൽപാല നിർമാണം,16 പ്രധാന ട്രെയിനുകൾക്ക് ആലുവയിൽ സ്റ്റോപ് അനുവദിക്കൽ തുടങ്ങിയ ആവശ്യങ്ങളും സജീവമാണ്. 

മാർഷലിങ് യാഡ് 

സ്റ്റേഷന്റെ സാധ്യത പഠന റിപ്പോർട്ട് ഒരു വർഷമായി ദക്ഷിണ റെയിൽവേ ആസ്ഥാനത്തു പൊടിപിടിച്ചു കിടപ്പാണ്. കെ– റെയിൽ പൂർത്തിയാക്കിയ സാധ്യതാ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിപിആർ തയാറാക്കാനുള്ള നടപടിയാണ് അടുത്തതായി വേണ്ടത്. പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ സ്റ്റേഷൻ വികസനം യാഥാർഥ്യമാക്കാനാണു കെ– റെയിൽ ശുപാർശ. 110 ഏക്കർ ഭൂമിയാണു മാർഷലിങ് യാഡിൽ റെയിൽവേക്കുള്ളത്. 

6 പ്ലാറ്റ്ഫോമുകൾക്കുള്ള പ്രാഥമിക രൂപരേഖയാണു കെ– റെയിൽ നൽകിയത്. സ്ഥലപരിമിതി മൂലം എറണാകുളം ടൗണിലും ജംക്‌ഷൻ സ്റ്റേഷനിലും കൂടുതൽ ദീർഘദൂര ട്രെയിനുകൾ കൈകാര്യം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനു പരിഹാരമാണു നിർദിഷ്ട മാർഷലിങ് യാഡ് ടെർമിനൽ പദ്ധതി. 

തൃപ്പൂണിത്തുറ 

തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ മെയിൻ ലൈൻ പ്ലാറ്റ്ഫോം നിർമിക്കണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്. മെയിൻ ലൈൻ പ്ലാറ്റ്ഫോം നിർമിച്ചാൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് ലഭിക്കാൻ സാഹചര്യമുണ്ട്. കൊച്ചി മെട്രോ സ്റ്റേഷൻ– തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ആകാശപ്പാതയും സ്വപ്നമാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com