ADVERTISEMENT

ആലുവ∙ ശിവരാത്രിയോട് അനുബന്ധിച്ചു നഗരസഭ സംഘടിപ്പിക്കുന്ന ഒരു മാസത്തെ വ്യാപാര മേള, അമ്യൂസ്മെന്റ് പാർക്ക്, ദൃശ്യോത്സവം എന്നിവ കുറ്റമറ്റ രീതിയിൽ നടത്തുന്നതിനു നടപടി സ്വീകരിക്കാൻ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗം തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങൾ മൂലം 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു മണപ്പുറത്തു കലാപരിപാടികളും മറ്റും നടത്തുന്നത്. 

ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും 1200 പൊലീസ് ഉദ്യോഗസ്ഥരെ മണപ്പുറത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വിന്യസിക്കും. പൊലീസ് സേനാംഗങ്ങളുടെ താൽക്കാലിക ക്യാംപിനു 18, 19 തീയതികളിൽ നഗരസഭയുടെ 2 ടൗൺ ഹാളുകൾ വിട്ടുനൽകും. നഗരസഭ, ജില്ലാ ആശുപത്രി, അഗ്നിരക്ഷാസേന എന്നിവയുടെ ആംബുലൻസുകൾ മണപ്പുറത്ത് ഉണ്ടാകും. 

Read also: ഇനി ഡീസലടിക്കും, ലാഭത്തിൽ !; കർണാടകയിൽ നിന്ന് ഡീസൽ നിറച്ചാൽ മാസം 7 ലക്ഷത്തോളം രൂപ ലാഭം

അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനു മണപ്പുറത്തു ഫയർ ഹൈഡ്രന്റ് സ്ഥാപിക്കാൻ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി. മണപ്പുറത്തു ശുദ്ധജല വിതരണം ഉറപ്പു വരുത്താൻ താൽക്കാലിക വാട്ടർ കലക്‌ഷൻ പോയിന്റുകൾ സ്ഥാപിക്കും. ശുദ്ധജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ക്വാളിറ്റി കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥരെ നിയോഗിക്കും.

മണപ്പുറത്തും പരിസരത്തും വൈദ്യുതി വിതരണം ഉറപ്പു വരുത്താനും കൂടുതൽ തെരുവു വിളക്കുകൾ സ്ഥാപിക്കാനും കെഎസ്ഇബി നടപടി സ്വീകരിക്കും. റോഡരികിൽ ഗതാഗതത്തിനു തടസ്സമില്ലാത്ത വിധം താൽക്കാലിക സ്റ്റാളുകൾ കെട്ടി കച്ചവടം നടത്താൻ അനുമതി നൽകും. നടപ്പാതകളിലെ തകരാറിലായ സ്ലാബുകൾ മാറ്റും. 

നടപ്പാലം ഉള്ളതിനാൽ പെരിയാറിൽ വഞ്ചി സർവീസ് അനുവദിക്കില്ല. ഇതു പരിശോധിക്കാൻ കനാൽ ഓഫിസറും 2 അസിസ്റ്റന്റുമാരും ഉണ്ടാകും.  കെഎസ്ആർടിസി 213 സ്പെഷൽ ബസ് സർവീസ് നടത്തും. വിവിധ ഡിപ്പോകളിൽ നിന്നാണിത്. മണപ്പുറത്തു താൽക്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫിസും വർക്‌ഷോപ്പും പ്രവർത്തിക്കും. 

താലൂക്ക് സപ്ലൈ ഓഫിസ്, ലീഗൽ മെട്രോളജി വകുപ്പ് എന്നിവയുടെ പ്രത്യേക സ്ക്വാഡുകൾ ശിവരാത്രി ദിവസങ്ങളിൽ പ്രത്യേക പരിശോധന നടത്തും. എക്സൈസിന്റെ പരിശോധനയും കർശനമാക്കും. നേവിയുടെ മുങ്ങൽ വിദഗ്ധരുടെ സേവനം ആവശ്യപ്പെടും. 

നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ സൈജി ജോളി മൂത്തേടൻ, സ്ഥിരം സമിതി അധ്യക്ഷരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, മിനി ബൈജു, ലിസ ജോൺസൺ, വാർഡ് കൗൺസിലർ ദിവ്യ സുനിൽകുമാർ, തഹസിൽദാർ സുനിൽ മാത്യു, നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫി, പൊലീസ് ഇൻസ്പെക്ടർ എൽ. അനിൽകുമാർ,

ജലഅതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബി. പ്രിയദർശിനി, ഫയർ ഓഫിസർ ജോസ് ജയിംസ്, കെഎസ്ഇബി അസി. എൻജിനീയർ ബി.വി. റസ്സൽ, പിഡബ്ല്യുഡി അസി. എൻജിനീയർ ട്രീസ സെബാസ്റ്റ്യൻ, കനാൽ വിഭാഗം അസി. എൻജിനീയർ ഹാറൂൺ റഷീദ്, കെഎസ്ആർടിസി എടിഒ പി.എൻ. സുനിൽകുമാർ, താലൂക്ക് സപ്ലൈ ഓഫിസർ പി.എ. റിയാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com