ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം മൃഗശാലയിൽ നിന്നു വർഷങ്ങൾക്കു മുൻപ് ‘ജോർജ്’ എന്ന കടുവ ചാടിയതു ഫ്രഞ്ച് എഴുത്തുകാരിയും നർത്തകിയുമായ ക്ലെയർ ലേ മിഷേലിന്റെ മനസ്സിലേക്കാണ്. ‘ദ് മിസ്റ്റീരിയസ് ജേണൽ ഓഫ് മിസ്റ്റർ കാർബൺ ക്രോ’ എന്ന പുസ്തകമായി അത് എഴുതിയശേഷം ക്ലെയർ വീണ്ടും കേരളത്തിലെത്തിയിരുന്നു; മൃഗശാലാ വളപ്പിൽ ജോർജിനെ സംസ്കരിച്ച ഇടം കാണാനും അവനെക്കുറിച്ചെഴുതിയ പുസ്തകം അൽപനേരം അവിടെ വയ്ക്കാനും. ആ  സൗഹൃദത്തിന്റെ കഥ ഫ്രാൻസിലെ സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ട്. കൊച്ചിയിലെത്തിയ ക്ലെയർ പുതിയ പുസ്തകത്തെപ്പറ്റിയും അതിനു പിന്നിലെ യാത്രകളെക്കുറിച്ചും സംസാരിക്കുന്നു.

കടുവ കഥാപാത്രം 

മനുഷ്യനും മൃഗങ്ങളും കഥാപാത്രങ്ങളായി വരുന്ന പുസ്തകത്തിന്റെ വിവരശേഖരണത്തിനു 2020ൽ ആണ് കേരളത്തിലെത്തിയത്. ‘ജോർജ്’ കടന്നുവരുന്നതും അങ്ങനെയാണ്. പിന്നെ, മൃഗശാലയിലെത്തി ജോർജിനെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തു. എന്റെ ആത്മാവിനോളം സ്നേഹിച്ചിരുന്നതാണ്.  വയനാടൻ കാടുകളിൽ നിന്നാണ് ജോർജ് മൃഗശാലയിലെത്തുന്നത്. അൽപം പ്രായമായി തന്റെ മേഖലയിൽ നിന്നു പുറത്താകുന്ന അവസ്ഥയിൽ ഇരുപതിലേറെ ആടുമാടുകളെ പലപ്പോഴായി പിടിച്ചപ്പോഴാണ് അവനെ പിടികൂടി മൃഗശാലയിലാക്കുന്നത്.

ആ സമയത്തെ ഹിറ്റ് മലയാള സിനിമയിൽ നിന്നാണു കടുവയ്ക്കു ചിത്രത്തിലെ നായകന്റെ പേരു കിട്ടിയത്.  മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷമാണു പ്രധാനമായും എന്റെ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. മൃഗശാലയിൽ പല ജീവികൾ ഉണ്ടെങ്കിലും വ്യത്യസ്തമായി തോന്നിയതും ആശയവിനിമയം എളുപ്പം സാധ്യമായതും ജോർജുമായാണ്. അതാണു പുസ്തകം ജോ‍ർജിന്റെ കണ്ണുകളിലൂടെ അവതരിപ്പിച്ചത്. നിരീക്ഷിക്കാനും നമ്മളെ ഓർത്തുവയ്ക്കാനും അവനു നല്ല കഴിവായിരുന്നു. 2021ലെ ഡിസംബറിലായിരുന്നു അവന്റെ മരണം.

കേരളം തന്ന കാഴ്ചകൾ 

4 വർഷം മുൻപ് ചാവറ കൾചറൽ സെന്ററിൽ നൃത്തപരിപാടിയുമായി എത്തിയിട്ടുണ്ട്. കേരളത്തിലെ പല കലാകാരന്മാരുമായി ചേർന്നായിരുന്നു കലാപരിപാടികൾ. കേരളത്തിലെ പല സ്ഥലങ്ങളും കാഴ്ചകളും ഏറെ ഇഷ്ടമാണ്. ‘നന്ദി’ ഉൾപ്പെടെ ഏതാനും മലയാളം വാക്കുകളും പഠിച്ചു. ഇനി പോകുന്നതു ബിനാലെ കാഴ്ചകളിലേക്കാണ്.

ചാവറ കൾചറൽ സെന്റർ, ഫ്രഞ്ച് ഭാഷാ പഠനകേന്ദ്രമായ അലിയോൻസ് ഫ്രാൻസെസ് എന്നിവയുടെ നേതൃത്വത്തിൽ ചാവറ പബ്ലിക് ലൈബ്രറിയിൽ വിദ്യാർഥികളുമായി സംവദിക്കാനാണു ക്ലെയർ ലേ മിഷേൽ എത്തിയത്. ചാവറ ഡയറക്ടർ ഫാ. തോമസ് പുതുശേരി, അലിയോൻസ് ഫ്രാൻസെസ് ഡയറക്ടർ ഇവാ മാർട്ടിൻ, മിയ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. തേവര എസ്എസ് കോളജ്, ആലപ്പുഴ സെന്റ് ജോസഫ് കോളജ്, അലിയോൻസ് ഫ്രാൻസെസ് കൊച്ചി എന്നിവിടങ്ങളിലെ വിദ്യാർഥികളാണു സംവദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com