ADVERTISEMENT

മൂവാറ്റുപുഴ∙ വൈദ്യുതി പോസ്റ്റിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങൾക്കു ബാറ്ററി ചാർജ് ചെയ്യാനുള്ള വൈദ്യുതി തൂൺ സംവിധാനം ഒരുക്കി കെഎസ്ഇബി. പാതയോരങ്ങളിൽ വൈദ്യുതി പോസ്റ്റുകളിൽ പഴയകാല കോയിൻ ടെലിഫോൺ ബൂത്ത് പോലുള്ള ചാർജിങ് സംവിധാനം മൂവാറ്റുപുഴയിലും സ്ഥാപിച്ചു തുടങ്ങി. കിഴക്കേക്കരയിലാണ് സംവിധാനം ഒരുക്കാൻ ആരംഭിച്ചിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജിങ് ചെയ്യുന്നത് ലളിതവും വ്യാപകവും ആക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിൽ വൈദ്യുതി പോസ്റ്റുകൾ സംവിധാനം ഒരുക്കിയിരിക്കുന്നത്. വൈദ്യുത തൂൺ ചാർജിങ് സ്റ്റേഷനുകൾ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി കെഎസ്ഇബിയുടെ റിന്യൂവബിൾ എനർജി ആൻഡ് എനർജി സേവിങ്സ് (റീസ്) വിഭാഗത്തിനു കീഴിലാണ് സജ്ജമാക്കുന്നത്. ‘ചാർജ് മോഡ്’ എന്ന ആപ്പുമായി ചേർന്ന് സ്വകാര്യ ഏജൻസിയായ ‘ജെനെസിസ്’ ആണ് ചാർജിങ് പോർട്ടുകൾ സ്ഥാപിക്കുന്നത്. ചാർജിങ് സ്റ്റേഷനുകൾ പ്രീ പെയ്ഡ് സംവിധാനത്തിലാണ് പ്രവർത്തിക്കുക.

സ്മാർട് ഫോൺ അനിവാര്യം

ബാറ്ററി ചാർജ് ചെയ്യുന്നതിനു ചെയ്യുന്നതിന് ആദ്യം 'ചാർജ് മോഡ്' എന്ന മൊബൈൽ ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യണം. ഈ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ, യൂസർ നെയിം, പാസ്‌വേഡ് എന്നിവ നൽകിയ ശേഷം ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കണം. ഓൺലൈൻ ബാങ്ക് അക്കൗണ്ട്, യുപിഐ ആപ്പുകളും ഉപയോഗിക്കാം. ചാർജ് ചെയ്യാൻ ഒരുങ്ങുമ്പോൾ ആദ്യം ഈ മൊബൈൽ ആപ്പ് തുറക്കണം. ചാർജിങ് ഓപ്ഷൻ എടുത്താൽ ക്യുആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ വരും. ആ സമയത്ത് ചാർജിങ് യൂണിറ്റിന് പുറത്ത് കാണിച്ചിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യണം.

അതിനുശേഷം വാഹനത്തിന്റെ പ്ലഗ് വയർ എടുത്ത് നിശ്ചിത സ്ഥലത്ത് ഘടിപ്പിച്ച വാഹനവുമായി ബന്ധിപ്പിക്കണം. പിന്നീട് സ്റ്റാർട്ട് ചാർജിങ് അമർത്തുക. ചാർജിങ് പൂർത്തിയാവുകയോ, മതിയെന്ന് തോന്നുമ്പോഴോ, മൊബൈൽ ഫോണിലെ സ്റ്റോപ്പ് അമർത്തി ചാർജിങ് നിർത്തണം. അതിനുശേഷം പ്ലഗ് വയർ ശ്രദ്ധയോടെ ഊരി എടുക്കണം.  അതോടെ ചാർജ് ചെയ്തതിനു തുക, ബന്ധിപ്പിച്ചിട്ടുള്ള ഓൺലൈൻ പേയ്മെന്റ് സംവിധാനത്തിൽ നിന്ന് ഓട്ടമാറ്റിക്കായി എടുക്കും. യൂണിറ്റ് നിരക്കിലാണ് തുക കണക്കാക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com