ADVERTISEMENT

കൊച്ചി ∙ ജില്ലയ്ക്കോ കൊച്ചി മഹാനഗരത്തിനോ ആഹ്ലാദിക്കാൻ കേന്ദ്ര ബജറ്റിൽ ഒന്നുമില്ല. പദ്ധതികളൊന്നും പേരെടുത്തു പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ജില്ല പ്രതീക്ഷിച്ചിരുന്ന വികസന പ്രവർത്തനങ്ങളുടെ പേരു പോലും കേന്ദ്ര ബജറ്റിൽ പര‌ാമർശിച്ചിട്ടില്ല. എന്നാൽ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള പല പദ്ധതികളിൽ നിന്നും കൊച്ചി നഗരത്തിനു നേട്ടമുണ്ടാക്കാൻ അവസരമുണ്ട്.

റെയിൽവേ പദ്ധതികളിൽ ശബരിപാത ഉൾപ്പെടുത്തുമെന്നതായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. അതേക്കുറിച്ചു ബജറ്റിൽ പരാമർശമില്ല. ദേശീയപാത അതോറിറ്റി അംഗീകരിച്ച കുണ്ടന്നൂർ– അങ്കമാലി 47 കിലോമീറ്റർ ബൈപാസ് പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ വികസനം സംബന്ധിച്ചും ബജറ്റിൽ മൗനമാണ്. പുതിയ ഫണ്ടിങ് ഏജൻസിയെക്കുറിച്ചോ കേന്ദ്ര വിഹിതം സംബന്ധിച്ചോ പ്രാഥമിക കണക്കുകളിൽ പറയുന്നില്ല.

∙ കോസ്റ്റൽ കണക്ടിവിറ്റി
എന്നാൽ കോസ്റ്റൽ കണക്ടിവിറ്റി പദ്ധതിയിൽ വിശദമായ പദ്ധതികൾ സമർപ്പിച്ചാൽ കൊച്ചിക്കു വിഹിതം നേടിയെടുക്കാൻ കഴിയും.

∙ സമുദ്രമേഖല
ഫിഷറീസ് മേഖലയ്ക്കു 6000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ബ്ലൂ ഇക്കണോമി പോളിസി നടപ്പാക്കാനാവും ഇതിന്റെ പ്രധാന പങ്കും ഉപയോഗപ്പെടുത്തുക. അതേസമയം, തുറമുഖങ്ങളുടെ വികസനം, പരമ്പരാഗത മത്സ്യമേഖലയുടെ നവീകരണം, മത്സ്യ സംസ്കരണ മേഖലയുടെ ആധുനികവൽക്കരണം എന്നിവയിൽ പദ്ധതികൾ സമർപ്പിക്കാനാവും.

∙ സുസ്ഥിര വികസനം
മെച്ചപ്പെട്ട നഗരാസൂത്രണത്തിലൂടെ ഇടത്തരം നഗരങ്ങൾക്കു ഒന്നാംനിര നഗരങ്ങളുടെ നിലവാരത്തിലേക്ക് ഉയരാൻ അവസരമൊരുക്കുന്ന പദ്ധതി കൊച്ചി നഗരത്തിന് ഉപയോഗപ്പെടുത്താനാവും. ഇതിനായി ഒട്ടേറെ പരിഷ്കരണ നടപടികൾ നടപ്പാക്കേണ്ടിവരും. നഗരഭൂമിയുടെ പരിധി നിർണയിക്കുന്ന നിയമനിർമാണങ്ങൾ റദ്ദാക്കുക, ട്രാൻസിറ്റ് ഓറിയന്റ് ഡവലപ്മെന്റ് എന്നിവയെല്ലാമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. കൊച്ചി മെട്രോ ഇടനാഴിയുടെ ഇരുവശത്തും ഭൂമി കണ്ടെത്തി സംയോജിത വികസനം നടപ്പാക്കാൻ കെഎംആർഎൽ പദ്ധതി തയാറാക്കിയതാണെങ്കിലും സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്നു വേണ്ടെന്നു വച്ചതാണ്. ഇതിന് വീണ്ടും ശ്രമിക്കാനാവും.

∙ മുനിസിപ്പൽ ബോണ്ട്
സംസ്ഥാന സർക്കാരുകളുടെ കനിവിനു കാത്തുനിൽക്കാതെ മുനിസിപ്പാലിറ്റികൾക്കും കോർപറേഷനും വികസന പദ്ധതികൾക്കു സ്വന്തംനിലയിൽ ധനസമാഹരണം നടത്താനുള്ള സാധ്യതയാണ് ഇതിലൂടെ കൈവരുന്നത്. കൊച്ചി കോർപറേഷൻ, തൃക്കാക്കര, കളമശേരി, മരട് നഗരസഭകൾക്ക് ഇതു പ്രയോജനപ്പെടുത്താൻ കഴിയും.

∙ അർബൻ ഫണ്ട്
രണ്ടും മൂന്നും നിരയിലുള്ള നഗരങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനു പ്രതിവർഷം 10000 കോടി രൂപയുടെ പദ്ധതിയാണിത്. മുൻ സർക്കാരുകളുടെ കാലത്തു സമാന രീതിയിൽ നടപ്പാക്കിയ ജനറം, സ്മാർട്സിറ്റി പദ്ധതികൾ ഉപയോഗപ്പെടുത്താൻ കൊച്ചിക്കു കഴിഞ്ഞു. എന്നാൽ പുതിയ പദ്ധതിയുടെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

∙ ഡീൻ കുര്യാക്കോസ് എംപി
കേന്ദ്ര ബജറ്റിൽ ശബരി റെയിൽ പാത പരാമർശിക്കാത്തതിൽ ന്യായീകരണമില്ലെങ്കിലും 2.40 ലക്ഷം കോടി രൂപ റെയിൽവേക്കായി നീക്കിവച്ചിരിക്കുന്നതിൽ പ്രതീക്ഷയുണ്ട്. പുതിയ റെയിൽപാതകൾക്കു 31,850 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശബരി പാതയ്ക്കു ആവശ്യമായ ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നതാണിത്.

∙ ഹൈബി ഇൗഡൻ എംപി
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിനു പരിഗണന നൽകാത്ത ബജറ്റ് കൊച്ചി നഗരത്തെ പാടേ അവഗണിച്ചു. മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കും മുൻപേ രണ്ടാംഘട്ടവും തത്വത്തിൽ അംഗീകരിച്ചതാണ്. ശബരി റെയിൽപാത ഒഴിവാക്കിയതിനും ന്യായീകരണമില്ല.

ബജറ്റ്: പ്രതികരണങ്ങൾ

∙ നിക്ഷേപകരെ ആകർഷിക്കും
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുൻഗണനാ മേഖലകളെയും ഉൾക്കൊള്ളുന്നതാണ് ബജറ്റ്. 50 പുതിയ വിമാനത്താവളങ്ങൾ, ജലഗതാഗത പാതകളുടെ വികസനം തുടങ്ങിയ പ്രഖ്യാപനങ്ങൾ രാജ്യാന്തര നിക്ഷേപകരെയും ബിസിനസുകളെയും ആകർഷിക്കും. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തമാകും.– എം.എ.യൂസഫലി, ചെയർമാൻ, ലുലു ഗ്രൂപ്പ്.

∙ കർഷകർ, എംഎസ്എംഇ
കർഷകർക്കും എംഎസ്എംഇകൾക്കും വേണ്ടിയുള്ളതാണ് ബജറ്റിന്റെ ഭൂരിഭാഗവും. അടിസ്ഥാന സൗകര്യവികസനം, വിനോദസഞ്ചാരം എന്നിവയ്ക്കായി സംസ്ഥാന സർക്കാരിനുള്ള സാമ്പത്തിക സഹായം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.– അരുൺ ഡേവിഡ് മൂക്കൻ, പ്രസിഡന്റ്‌, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി

∙ സാധാരണക്കാർക്ക് ഗുണം
47.8 കോടി പ്രധാനമന്ത്രി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നത് സാധാരണക്കാർക്ക് ഗുണം ചെയ്യും. അർബൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ട് (യുഐഡിഎഫ്) പ്രവർത്തനക്ഷമമാക്കുന്നതോടെ ടയർ 2, 3 നഗരങ്ങളിൽ അടിസ്ഥാനസൗകര്യ വികസനത്തിന് ഉത്തേജനം ലഭിക്കും.– മുരളി രാമകൃഷ്ണൻ, എംഡി ആൻഡ് സിഇഒ, സൗത്ത് ഇന്ത്യൻ ബാങ്ക്

∙ ബാങ്കിങ് മേഖല
കാർഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയർത്തിയത് ഗ്രാമീണ മേഖലയിലെ വളർച്ച ത്വരിതപ്പെടുത്താൻ സഹായിക്കും. എംഎസ്എംഇകൾക്കുള്ള ക്രെഡിറ്റ് ഗാരന്റി സ്‌കീമിലേക്ക് 9000 കോടി രൂപ കൂടി വകയിരുത്തിയതോടെ രണ്ട് ലക്ഷം കോടി രൂപയുടെ അധിക ഈടുരഹിത വായ്പ ഗ്യാരന്റി ലഭ്യമാകും.– വെങ്കട്ടരാമൻ വെങ്കടേശ്വരൻ, ഫെഡറൽ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ്, സിഎഫ്ഒ

∙ രാജ്യത്തിന്റെ മുന്നേറ്റം
ഗ്രാമീണ മേഖലയിലെ യുവ കാർഷിക സംരംഭകർക്കായി പ്രഖ്യാപിച്ച അഗ്രികൾചർ ആക്‌സിലറേറ്റർ ഫണ്ട് അഗ്രിടെക്ക് സ്റ്റാർട്ടപ്പുകൾക്ക് ഏറെ ഗുണകരമാകും. 6000 കോടി രൂപയുടെ പിഎം മത്സ്യസമ്പദ് യോജന മത്സ്യത്തൊഴിലാളി സമൂഹത്തിന് പ്രയോജനപ്പെടുന്ന പദ്ധതിയാണ്.– കെ. പോൾ തോമസ്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡി ആൻഡ് സിഇഒ

∙ ഗാർഹിക സമ്പാദ്യം
എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ സ്വയംതൊഴിൽ സംരംഭകരെയും ചെറുകിട വ്യവസായങ്ങളെയും സഹായിക്കും. വ്യക്തിഗത ആദായ നികുതി ഇളവ് ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഇന്ത്യയുടെ വളർച്ചയെ സുസ്ഥിരപ്പെടുത്തും.– വി.പി.നന്ദകുമാർ, മണപ്പുറം ഫിനാൻസ് എംഡി ആൻഡ് സിഇഒ

∙ അവഗണിച്ചു
കേന്ദ്ര ബജറ്റിൽ ചെറുകിട വ്യാപാരികളെ പൂർണമായും അവഗണിച്ചു. ചെറുകിട-ഇടത്തരം വ്യാപാരികൾക്കായി ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാത്തതും നിലവിലെ ജിഎസ്ടി നിയമങ്ങളിൽ മാറ്റം വരുത്താത്തും പ്രതിഷേധാർഹമാണ്.– പി. വെങ്കിട്ടരാമ അയ്യർ, സംസ്ഥാന പ്രസിഡന്റ്, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്

∙ സുസ്‌ഥിര ബജറ്റ്
എല്ലാവരെയും ഉൾക്കൊള്ളുന്ന, വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന സന്തുലിതവും പുരോഗമനപരവുമായ ബജറ്റ്. നികുതി നിരക്കുകളിലെ പരിഷ്കരണം ഉപഭോഗത്തിന് മികച്ച പ്രതീക്ഷ നൽകും.– ഡോ.എം.ഐ.സഹദുല്ല, ചെയർമാൻ, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ.

∙ സമ്മിശ്രം
ആദായനികുതി സ്ലാബുകളുടെ കാര്യത്തിൽ നടപ്പാക്കിയ പരിഷ്‌കാരത്തിലൂടെ കൂടുതൽ നികുതിദായകരെ പുതിയ സ്‌കീമുകളിലേക്ക് കൊണ്ടുവന്ന് ടാക്‌സ് കാൽക്കുലേഷൻ സുതാര്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പക്ഷേ, ഇതിന്റെ ഫലമായി ഇൻഷുറൻസ് പോലുള്ളവയുടെ ആകർഷണീയത നഷ്ടമാകും.– കെ.സി. ജീവൻകുമാർ, ജിയോജിത് ഇൻവെസ്റ്റ്‌മെന്റ് അഡൈ്വസറി സർവീസസ് മേധാവി

∙ വ്യാപാരികൾക്ക് നിരാശ
കോടിക്കണക്കിനു രൂപ ജിഎസ്ടി ഇനത്തിൽ പിരിച്ച് ഖജനാവിലേക്ക് അടയ്ക്കുന്ന ചെറുകിട ഇടത്തരം വ്യാപാരികൾക്ക് സമാശ്വാസം നൽകുന്ന ഒരു നിർദേശവും ബജറ്റിൽ ഇല്ല.– രാജു അപ്സര, സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി

∙ നിരാശാജനകം
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാത്തതു നിരാശാജനകമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. അതേസമയം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമമാണ് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആശങ്കാജനകം
വാണിജ്യ, വ്യവസായ മേഖലകളെക്കുറിച്ച് ബജറ്റിൽ കാര്യമായ പരാമർശങ്ങളില്ല. സ്വകാര്യവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേക്ക് 2.4 ലക്ഷം കോടി രൂപയുടെ ഉയർന്ന വിഹിതം പ്രഖ്യാപിച്ചത് ആശങ്കാജനകമാണ്.– കെ.എം.മുഹമ്മദ് സഗീർ, പ്രസിഡന്റ്, കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ്

∙ റബർ
കോംപൗണ്ട് റബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ച ബജറ്റ് തീരുമാനം സ്വാഗതം ചെയ്യുന്നു. എങ്കിലും അത് ഇന്ത്യ– ആസിയാൻ സ്വതന്ത്ര വ്യാപാര കരാറിൽ ഉൾപ്പെട്ട രാജ്യങ്ങൾക്കു ബാധകമാണോ എന്നതിൽ വ്യക്തമല്ല.– ജെഫ്രി റെബല്ലോ, പ്രസിഡന്റ്, ദ് യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ

∙ നിരാശ മാത്രം
ബജറ്റിൽ മത്സ്യബന്ധന മേഖലയ്ക്കായി 6000 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളുടെ വിഹിതം കിഴിച്ച് കേരളത്തിന് എത്ര കിട്ടുമെന്ന് കാത്തിരുന്നു കാണണം.– ചാൾസ് ജോർജ്, സംസ്ഥാന പ്രസിഡന്റ്, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി.

∙ ഡിജിറ്റൽ വിദ്യാഭ്യാസം
ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നത് വിദ്യാഭ്യാസമേഖലയെ പുതിയ ദിശയിലേക്ക് നയിക്കും.– രാജേന്ദ്ര കുമാർ, ഡീൻ, അമൃത വിശ്വവിദ്യാപീഠം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com