കാക്കനാട്∙ സ്വകാര്യ ബസുകളിൽ മുൻവശത്തെ ചില്ലിൽ ഉൾപ്പെടെയുള്ള അലങ്കാരപ്പണികൾക്കെതിരെ കടുത്ത നടപടിയുമായി മോട്ടർ വാഹന വകുപ്പ്. ഡ്രൈവറുടെ കാഴ്ച മറക്കുന്ന സ്റ്റിക്കറുകൾ ഉൾപ്പെടെ ഉദ്യോഗസ്ഥർ പറിച്ചു മാറ്റി. ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചായിരുന്നു നടപടി.
കഴിഞ്ഞ ദിവസം എറണാകുളം ലിസി ജംക‍്ഷനിൽ വീട്ടമ്മ സ്വകാര്യ ബസ് കയറി മരിച്ചതിനെ തുടർന്നാണു കർശന നടപടിയുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്. പല ബസുകളിലും മുൻവശത്തെ ചില്ലിൽ പകുതിയോളം സ്ഥലത്ത് എഴുത്തും സ്റ്റിക്കറും നിറഞ്ഞ നിലയിലായിരുന്നു. ബസുകൾക്കെതിരെ പിഴ ചുമത്തിയ ശേഷമാണ് ഇവ പറിച്ചു നീക്കിയത്. മുൻവശത്തെ ചില്ലിൽ ചെറിയ അക്ഷരത്തിൽ പേരെഴുതി വയ്ക്കാമെന്നല്ലാതെ മറ്റൊന്നും പാടില്ലെന്നാണ് ചട്ടം.