കൊച്ചി∙ വിവാദമായ ആട്, തേക്ക്, മാഞ്ചിയം കേസിലെ പ്രതി പീഡനക്കേസിൽ വീണ്ടും അറസ്റ്റിൽ. സിനിമാ നിർമാതാവായ തൃശൂർ നടത്തറ സിറ്റാഡെൽ ഹൗസിൽ മാർട്ടിൻ സെബാസ്റ്റ്യനെയാണു (57) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന പ്രതിയെ തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുകയും പലതവണ ശാരീരികോപദ്രവങ്ങൾക്കു വിധേയയാക്കുകയും ചെയ്തെന്നാണു പരാതി. ഒരു മാസം ഒളിവിലിരുന്ന പ്രതി ഹൈക്കോടതിയിൽനിന്നു മുൻകൂർജാമ്യം നേടിയ ശേഷം കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാവുകയായിരുന്നു.
2 ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ എറണാകുളത്തെ ആഡംബര ഹോട്ടലിൽ ഉൾപ്പെടെ എത്തിച്ചു തെളിവെടുപ്പു നടത്തി. സൂര്യനെല്ലി കേസിൽ ഉൾപ്പെടെ പ്രതിയാണു മാർട്ടിൻ. 2000 മുതൽ 2002 വരെയുള്ള കാലയളവിലാണു യുവതി പീഡനത്തിനിരയായത്. സിനിമയിൽ അവസരം നൽകാമെന്നു പ്രലോഭിപ്പിച്ചു യുവതിയെ സ്വാധീനിച്ച പ്രതി ഭാര്യയുമായി താൻ അകൽച്ചയിലാണെന്നും വിവാഹം ചെയ്യാമെന്നും വിശ്വസിപ്പിച്ചു ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. മുംബൈ, ബെംഗളൂരു, വയനാട്, എറണാകുളം എന്നിവിടങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചു.
പലപ്പോഴും ലൈംഗിക വൈകൃതങ്ങൾക്കു വിധേയയാക്കുകയും യുവതിയെ മർദിക്കുകയും ചെയ്തു. യുവതിയുടെ 78,60,000 രൂപയും 80 പവൻ സ്വർണവും തട്ടിയെടുത്തെന്നും പരാതിയുണ്ട്. ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിലുണ്ട്. 1990 കാലഘട്ടത്തിൽ വൻ കോളിളക്കമുണ്ടാക്കിയ ആട്, തേക്ക്, മാഞ്ചിയം കേസിലെ പ്രതിയാണു മാർട്ടിൻ. മാർട്ടിനും സഹോദരങ്ങളായ എം.എസ്. തങ്കച്ചൻ, ആന്റണി, തോമസ് എന്നിവർ ചേർന്നു സൂര്യനെല്ലി പ്ലാന്റേഷൻ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങി പണം സമാഹരിച്ചു തട്ടിപ്പു നടത്തുകയായിരുന്നു.