കാക്കനാട്∙ ഒരേ സമയത്തു സർവീസ് നടത്തുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ചില്ല് സ്വകാര്യ ബസ് ഇടിച്ചു തകർത്തതായി പരാതി. ജീവനക്കാർ തമ്മിലും സംഘർഷമുണ്ടായി. സീപോർട്ട് എയർപോർട്ട് റോഡിൽ തൃക്കാക്കര വള്ളത്തോൾ ജംക‍്ഷനു സമീപമായിരുന്നു സംഘർഷം. തൃപ്പൂണിത്തുറ–ആലുവ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസും ഏലൂർ–തൃപ്പൂണിത്തുറ റൂട്ടിൽ ഓടുന്ന ‘സിനാൻ’ ബസും ഒരേ ദിശയിൽ സഞ്ചരിക്കവേയാണ് സംഭവം.
വള്ളത്തോൾ ജംക‍്ഷനിൽ സ്വകാര്യ ബസ് മനഃപൂർവം വലത്തേയ്ക്ക് തിരിച്ചു കെഎസ്ആർടിസി ബസിൽ ഇടിച്ചെന്നാണ് ഡ്രൈവറുടെ പരാതി. ബസിന്റെ ചില്ല് തകർന്നു. വശങ്ങളിൽ കേടുപാടുണ്ട്. സ്വകാര്യ ബസിനും കേടു സംഭവിച്ചു. കെഎസ്ആർടിസി ബസിലെ ഏതാനും യാത്രക്കാർക്ക് ചില്ല് തെറിച്ചു നിസാര പരുക്കേറ്റു. ഇരു ബസുകളും തൃപ്പൂണിത്തുറ ഭാഗത്തു നിന്നു വരികയായിരുന്നു.
കെഎസ്ആർടിസി അധികൃതരുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ–ആലുവ റൂട്ടിൽ സ്വകാര്യ ബസുകൾ കെഎസ്ആർടിസി ബസുകൾക്ക് ഭീഷണിയാണെന്നു കെഎസ്ആർടിസി ഡ്രൈവർമാർ പരാതിപ്പെട്ടു. തൊട്ടു മുൻപിൽ സഞ്ചരിച്ചു യാത്രക്കാരെ കയറ്റുന്നതിനാൽ കെഎസ്ആർടിസി ബസുകളിലെ കലക്‌ഷൻ കുറയുന്നതായും അവർ പറഞ്ഞു.