കൊച്ചി∙ വെറുമൊരു മോഷ്ടാവായ അയാളെ കള്ളനെന്നു വിളിക്കാൻ തോന്നുന്നില്ല കാരണക്കോടം ദീപംനഗർ നിവാസികളായ രാജഭക്തനും ഭാര്യ ലീലാമണിക്കും. പണമെടുത്തതുകൊണ്ടു വേണമെങ്കിൽ കള്ളനെന്നു പറയാമെന്നു മാത്രം. പണവും സുപ്രധാന രേഖകളുമടങ്ങിയ ബാഗ് കളഞ്ഞുപോയതിൽ പണമൊഴികെയുള്ള രേഖകൾ ഇന്നലെ രാജഭക്തനു തപാലിൽ വീട്ടിലെത്തി. മോഷ്ടാവിന്റെ ആ നല്ല മനസ്സിനു നന്ദി പറയുകയാണു കൊച്ചിൻ ഷിപ്‌യാഡിലെ ഈ മുൻ ഉദ്യോഗസ്ഥനും ടെലികോം റിട്ട. ഉദ്യോഗസ്ഥയായ ലീലാമണിയും.
23നു രാവിലെ ദന്താശുപത്രിയിലേക്കു ബൈക്കിൽ പോയപ്പോഴാണു ബാഗ് നഷ്ടപ്പെട്ടത്. സെൻട്രൽ പൊലീസ് സ്റ്റേഷനടുത്തുള്ള ആശുപത്രിയിലെത്തിയപ്പോഴാണു ബൈക്കിന്റെ ഹാൻഡിലിൽ വച്ച ബാഗ് കാണാനില്ലെന്നതു രാജഭക്തന്റെ ശ്രദ്ധയിൽപെട്ടത്. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, വോട്ടർ തിരിച്ചറിയൽ കാർഡ് തുടങ്ങിയവയും പണവും ബാഗിലുണ്ടായിരുന്നു. ബാഗിനുള്ളിൽ മറ്റൊരു ബാഗിലായിരുന്നു രേഖകൾ. പൊലീസിൽ പരാതി നൽകി. ഇടപ്പള്ളിയിൽനിന്നാണു തപാൽ അയച്ചിരിക്കുന്നത്. എന്നാൽ അയച്ചയാളുടെ വിലാസം ഇല്ലെന്നു ലീലാമണി പറഞ്ഞു. ‘പണം പിന്നെയുമുണ്ടാക്കാം. രേഖകൾ പോയാൽ പിന്നെയുണ്ടാക്കൽ ഏറെ ശ്രമകരമല്ലേ. അതും ഈ വിശ്രമ ജീവിതകാലത്ത്’– ലീലാമണിയും രാജഭക്തനും ആശ്വാസത്തോടെ പറയുന്നു.