ADVERTISEMENT

കെട്ടിടമെന്നു കേട്ടാൽ കോൺക്രീറ്റ് മാളികകൾ ഓർമ വരുന്ന തലമുറയ്ക്കു മുന്നിൽ ആശ്ചര്യ സൗധം തീർത്തു പ്രത്യാശയുടെ സന്ദേശം നൽകുകയാണു വിഖ്യാത വാസ്തുശിൽപി സമീര രാത്തോഡും സംഘവും. സ്ഥലം ഫോർട്ട്കൊച്ചി.. വേദി കബ്രാൾ യാഡിലെ ബിനാലെ പവിലിയൻ. കൊച്ചി മുസിരിസ് ബിനാലെ കലാപ്രദർശന മേളയെന്നതിനൊപ്പം നാളെയെക്കുറിച്ചുള്ള ചിന്ത നമ്മിലുയർത്തുന്ന പ്രചോദനമേളകൂടിയാകുന്നു. ‘പ്രത്യാശയുടെ പേടകം’ (കണ്ടെയ്നർ ഓഫ് ഹോപ്) എന്ന പേരിൽ സമീരയും കൂട്ടരും തീർത്ത പവിലിയൻ നമ്മുടെ ചിന്തയിൽ അക്ഷരാർഥത്തിൽ നിറയ്ക്കുന്നത് അനുകൂല ഊർജമാണ്.

സമീര രാത്തോഡ് കബ്രാൾ യാഡിലെ പവിലിയന്റെ മുന്നിൽ.

കല്ല്, മണ്ണ്, കട്ട, കയർ, കെട്ടിടങ്ങളുടെ നാശാവശിഷ്ടങ്ങൾ ...ഇവ കൊണ്ടുതീർത്ത ആശയ സമ്പുഷ്ടമായ രമ്യ ശിൽപസൗധമാണു ബിനാലെ പവിലിയൻ. പകൽ സൂര്യപ്രകാശം ഉള്ളിലേക്കു കടത്തിവിടുന്ന മേൽക്കൂരയിലൂടെ രാത്രി വീക്ഷിക്കാനാകുക നക്ഷത്രപ്പൊലിമ. പകൽ സൂര്യപ്രകാശത്തിന്റെ തീക്ഷ്ണത പവലിയനുള്ളിൽ എപ്പോഴും ശീതളിമ. പ്രത്യാശയുടെ പേടകത്തിന്റെ വിസ്തീർണം നാലായിരം ചതുരശ്ര അടിയാണ്. കോൺക്രീറ്റ് അടിത്തറയില്ല. കൊൽക്കത്തയിൽ നിന്നും ഡൽഹിയിൽനിന്നും കൊച്ചിയിൽ നിന്നുമുള്ള അറുപതോളം തൊഴിലാളികൾ ഒരുമാസക്കാലം  രാപകലില്ലാതെ അധ്വാനിച്ചതിന്റെ ഫലമാണീ സൗധം.

പുനരുപയോഗിക്കാനാകാത്ത  ഒരു സാധനവും പവിലിയന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നു സമീര പറയുന്നു. പവലിയന്റെ നാലു ചുവരുകളിലും കല്ല്, ചുടുകട്ടയുടെ ചീളുകൾ, ചെങ്കല്ല്, കെട്ടിട നിർമാണത്തിനു ശേഷം വലിച്ചെറിഞ്ഞ അവശിഷ്ടങ്ങൾ എന്നിവ നിറച്ചിരിക്കുന്നു. ക്വാറിയിൽ നിന്നുള്ള ഗ്രാനൈറ്റ് ചീളുകളും മണ്ണും സിമന്റുമുപയോഗിച്ചതാണു  തറ. വലിയ മേൽക്കൂരയിൽ സുതാര്യമായ പ്ലാസ്റ്റിക് പാളിക്കു മുകളിൽ മണ്ണും ചെളിയും കല്ലുകൾക്കൊപ്പം പാകി. പവിലിയന്റെ ചുവരുകളിൽ ഘടിപ്പിച്ച വലിയ സ്ഫടിക ഷട്ടറുകളാണ് ആസ്വാദകരുടെ ശ്രദ്ധ പ്രധാനമായും പിടിച്ചുപറ്റുന്നത്. മുംബൈയിൽ സമീര നടത്തുന്ന ആർക്കിടെക്ചർ–ഇന്റീരിയർ ഡി‌സൈൻ സ്ഥാപനമായ സമീര രാത്തോഡ് ഡി‌സൈൻ അറ്റലിയറിൽ തയാറാക്കിയ പ്ലാസ്റ്റിക് ഷീറ്റാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.

പവിലിയനിലെ മോണിറ്ററും സ്പീക്കറുമെല്ലാം മഴയിൽ നനയരുതെന്നതു മാത്രമാണ് ഉദ്ദേശ്യം. പുനരുപയോഗിക്കാനാകുന്നതാണീ പ്രത്യേകതരം പ്ലാസ്റ്റിക്. സമീരയുടെ സഹപ്രവർത്തകരായ നീതു ലക്ഷ്മി, ഫെനിൽ സോണി, കിരൺ കെലുസ്‌കർ എന്നിവർ ഫോർട്ട്കൊച്ചിയിൽ ഒരു മാസം താമസിച്ചാണു പവിലിയൻ നിർമാണം സാധ്യമാക്കിയത്. സമീര മുന്നോട്ടുവയ്ക്കുന്നതു പ്രധാനമായും രണ്ടു ചിന്തകളാണ്. ഒന്ന്– കെട്ടിടങ്ങളുടെ തകർച്ചയുടെ ഫലമായ അവശിഷ്ടങ്ങളുടെ പുനരുപയോഗം. രണ്ട്– നിർമാണത്തിന്റെ കാവ്യാത്മകത.   ബിനാലെക്കു ശേഷം പവിലിയൻ പൂർണമായും പൊളിച്ചുമാറ്റി ആവശ്യമുള്ളിടത്ത് അതു പുനർനിർമിക്കാം..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com