കൊച്ചി∙ എറണാകുളം അംബേദ്ക്കർ സ്റ്റേഡിയത്തിനു സമീപം ഹോട്ടൽ ജീവനക്കാരൻ കുത്തേറ്റു മരിച്ച നിലയിൽ. പാലക്കാട് കൊല്ലങ്കോട് ആനമാറിയിൽ പരേതനായ പൊന്നുച്ചാമിയുടെ മകൻ സന്തോഷ് (41) ആണു മരിച്ചത്. കൊലപാതകമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കത്തി പോലെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു മുതുകിൽ ആഴത്തിൽ കുത്ത് ഏറ്റിട്ടുണ്ട്. 3 മുറിവുകളുണ്ട്. ഇവയിൽ നിന്നു ചോര വാർന്നാണു മരണം. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനാണ്.
പുലർച്ചെ നാലരയോടെ ഇതുവഴി പോയ ഓട്ടോറിക്ഷാ ഡ്രൈവറാണു ചോരയിൽ കുളിച്ച് കിടന്ന സന്തോഷിനെ ആദ്യം കണ്ടത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും മരിച്ചു. തുടർന്നു വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. എറണാകുളം ശിവക്ഷേത്രത്തിലേക്ക് എന്നു പറഞ്ഞാണു വെള്ളി പുലർച്ചെ സന്തോഷ് ഹോട്ടലിൽ നിന്നിറങ്ങിയത്. പിന്നീടു കുത്തേറ്റ നിലയിലാണു കണ്ടെത്തുന്നത്. അംബേദ്കർ സ്റ്റേഡിയത്തിന്റെ ഗ്യാലറിയോടു ചേർന്നുള്ള ഭാഗത്തു വച്ചാകാം സന്തോഷിനു കുത്തേറ്റതെന്നാണു പൊലീസ് കരുതുന്നത്. തുടർന്ന് ഇവിടെ നിന്ന് ഓടിയ സന്തോഷ് പ്രധാന ഗേറ്റിനു പുറത്തു വീഴുകയായിരുന്നു.
സ്റ്റേഡിയം പരിസരത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് ഡിസിപി എസ്. ശരിധരൻ പറഞ്ഞു. സന്തോഷ് 10 വർഷമായി എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്‌റ്റ് മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. അമ്മ: പാറു. സഹോദരങ്ങൾ: ചന്ദ്രൻ, മോഹനൻ, കുട്ടപ്പൻ, രാജൻ, ശാന്ത, ശാരദ, ശ്യാമള.