ADVERTISEMENT

കൊച്ചി∙ കൃത്യമായ ആസൂത്രണവും നിലയ്ക്കാത്ത പ്രചാരണവും ദ്രവമാലിന്യ സംസ്കരണ രംഗത്ത് അനിവാര്യമാണെന്നു ശുചിത്വ കോൺക്ലേവിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. സ്ഥലലഭ്യത തീർത്തും കുറവായതാണു കേരളത്തിന്റെ പ്രശ്നം. 

   സർക്കാരിന്റെ തന്നെ സൗകര്യപ്രദമായ സ്ഥലം ഇതിനായി വിനിയോഗിക്കാവുന്നത് ആലോചിക്കണമെന്നും ‘ദ്രവമാലിന്യ സംസ്കരണ രംഗത്തെ പുതിയ സാങ്കേതികത’ എന്ന വിഷയത്തിൽ നടന്ന ചർ‌ച്ചയിൽ അഭിപ്രായമുയർന്നു. 

   സാങ്കേതിക വിദ്യയുടെ വിപുലമായ സാധ്യതകൾ ഈ രംഗത്ത് പ്രയോജനപ്പെടുത്തണം. സ്വകാര്യ പങ്കാളിത്തം ഉറപ്പു വരുത്തണം. ആകർഷകങ്ങളായ പുതിയ സെപ്റ്റേജ് മാലിന്യ പ്ലാന്റുകളുടെ മോഡലുകൾ ലഭ്യമാണ്. ഇതു തദ്ദേശ സ്ഥാപനങ്ങൾ പരിശോധിക്കുകയും താമസം വരുത്താതെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്താൽ സ്വകാര്യ സംരംഭകരും എൻജിഒകളും പ്രവർത്തനങ്ങളിൽ സഹകരിക്കുമെന്നും അഭിപ്രായമുയർന്നു. സംസ്ഥാന നഗര വികസന കാര്യ ഡയറക്ടർ‌ അർജുൻ കെ.വിജയൻ അധ്യക്ഷത വഹിച്ചു. സുജയ രതി (എൻഎഫ്എസ്എം അലയൻസ്) മോഡറേറ്ററയി. ഡോ. ഉദയ് ഭോണ്ട് (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ്), ആനന്ദിത മുഖർജി  (സെന്റർ ഫോർ പോളിസി റിസർച്ച്), ഡോ.സന്തോഷ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ സെറ്റിൽമെന്റസ്), രാജീവ് രാമൻ (വാട്ടർ ആൻഡ് സാനിറ്റേഷൻ കൺസൽറ്റന്റ്), സുനിൽ അഗർവാൾ (ടോയ്‌ലറ്റ് ബോർഡ് കോയലീഷൻ) എന്നിവർ പ്രസംഗിച്ചു. 

 

ന്നാ വാ, ശുചിത്വം 

കാണാം

 

ഗ്ലോബൽ എക്സ്പോയുടെ സ്റ്റാളുകൾക്കിടയിൽ കാസർകോട് ബേഡഡുക്ക പഞ്ചായത്തിന്റെ സ്റ്റാളിന് ഒരു സിനിമാബന്ധം കൂടിയുണ്ട്. ‘ന്നാ താൻ കേസ് കൊട്’ സിനിമയിൽ പൊലീസുകാരനായി അഭിനയിച്ച ലോഹിതാക്ഷൻ സ്റ്റാളിൽ ശുചിത്വ ബോധവൽക്കരണവുമായി സജീവമാണ്. ഹരിത കേരള മിഷൻ കാസർകോട് ജില്ലാ റിസോഴ്സ് പഴ്സനാണു ലോഹിതാക്ഷൻ. ശുചിത്വ രംഗത്തു സംസ്ഥാനത്തു രണ്ടാം സ്ഥാനം നേടിയ ബേഡഡുക്കയുടെ സ്റ്റാളിൽ കയറിയാൽ അവരുടെ പ്രവർത്തന വിശേഷം ലോഹിതാക്ഷൻ വിവരിക്കും. 

 

പുനരുപയോഗം

 

ഏതുതരം പ്ലാസ്റ്റിക്കും ഞൊടിയിടയിൽ‌ സംസ്കരിച്ചു കടുകുമണിയോളം വലുപ്പത്തിലുള്ള ഗ്രാന്യൂളുകളാക്കുന്ന സാങ്കേതികവിദ്യയുമായി തമിഴ്നാട് രാജപാളയത്തു നിന്നുള്ള എസ്ബിഎം എക്സ്ട്രൂഷൻ ഗ്ലോബൽ എക്സ്പോയിൽ ശ്രദ്ധേയരാകുന്നു. പ്ലാസ്റ്റിക് സ്ട്രാപ്, പ്ലാസ്റ്റിക് ബാഗ്, തുടങ്ങി വിവിധ ഉൽപന്നങ്ങൾ ഗ്രാന്യൂളുകളുടെ പുനരുപയോഗത്തിലൂടെ ഉണ്ടാക്കാമെന്നു സംഘാടകർ പറഞ്ഞു.

 

എക്സ്പോ: ആവേശത്തോടെ

തദ്ദേശ സ്ഥാപനങ്ങൾ

 

കൊച്ചി ∙ മാലിന്യ സംസ്കരണ രംഗത്തെ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ഗ്ലോബൽ എക്സ്പോയിൽ തദ്ദേശ സ്ഥാപനങ്ങളുടെ നിറഞ്ഞ പങ്കാളിത്തം. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എക്സ്പോയിൽ പങ്കെടുക്കാനെത്തി. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കുകയും ചെയ്തു. 

ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി.ജെ.വിനോദ്, കെ.ജെ.മാക്സി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. ബാലഭാസ്കരൻ തുടങ്ങിയവർ‌ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു. മാലിന്യ സംസ്കരണ രംഗത്തു മികവു തെളിയിച്ച തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ മാതൃകകൾ എക്സ്പോയിൽ അവതരിപ്പിച്ചു.

 

Cഎക്സ്പോയോട് അനുബന്ധിച്ചുള്ള പ്രദർശനത്തിൽ

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് സ്റ്റാൾ. 

 

 

പ്ലാസ്റ്റിക് മാലിന്യ സംഭരണം: 

ജില്ലയിൽ മെല്ലെപ്പോക്ക്

 

 

 

കൊച്ചി ∙ പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ചു ക്ലീൻ കേരള കമ്പനിക്കു കൈമാറി മറ്റു ജില്ലകളിലെ ഹരിതകർമ സേനകൾ മികച്ച നേട്ടമുണ്ടാക്കുമ്പോൾ എറണാകുളം ജില്ലയ്ക്ക് മെല്ലെപ്പോക്ക്. 

   ഏറ്റവും കൂടുതൽ മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്ന ജില്ലയായ എറണാകുളത്തു നിന്നു കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ക്ലീൻ കേരള കമ്പനിക്കു നൽകിയത് 3.31 ലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യമാണ്. എന്നാൽ, കണ്ണൂർ ജില്ലയിൽ നിന്നു ക്ലീൻ കേരള കമ്പനിക്കു ലഭിച്ചത് 15.78 ലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം. 

ഈയിനത്തിൽ കണ്ണൂരിലെ ഹരിതകർമ സേനകൾക്കു വരുമാനമായി 2 വർഷത്തിനിടയിൽ 1.30 കോടി രൂപ ലഭിച്ചപ്പോൾ എറണാകുളത്തെ ഹരിത കർമ സേനയ്ക്കു ലഭിച്ചത് 19 ലക്ഷം രൂപ മാത്രം.

  പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ചു നൽകുന്നതിന് എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ കാര്യമായ താൽപര്യമെടുക്കുന്നില്ലെന്നു ക്ലീൻ കേരള കമ്പനി അധികൃതർ പറയുന്നു. 

ജില്ലയിലെ 68 തദ്ദേശ സ്ഥാപനങ്ങളുമായി പ്ലാസ്റ്റിക് മാലിന്യം വാങ്ങുന്നതിനു ക്ലീൻ കേരള കമ്പനി ധാരണയിലെത്തിയിട്ടുണ്ട്.

   എന്നാൽ മിക്ക തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും എല്ലാ മാസവും പ്ലാസ്റ്റിക് മാലിന്യം ലഭിക്കാറില്ല. കൂത്താട്ടുകുളം നഗരസഭയാണു താരതമ്യേന മെച്ചം. പ്രതിമാസം 2000 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം കൂത്താട്ടുകുളത്തു നിന്നു ക്ലീൻ കേരള കമ്പനി ശേഖരിക്കുന്നുണ്ട്.

 

 

കറുത്ത 

ഹെയർ  ബാൻഡിന്

വിലക്ക്; പിന്നീട്

അനുവദിച്ചു

 

കൊച്ചി∙ മുഖ്യമന്ത്രി പങ്കെടുത്ത ജിഇഎക്സ് കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ പെൺകുട്ടിയെ കറുത്ത ഹെയർ ബാൻഡ് ധരിച്ചതിന്റെ പേരിൽ പൊലീസ് തടഞ്ഞത് കല്ലുകടിയായി. മാധ്യമപ്രവർത്തകർ വിവരം മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടർന്ന് അത്തരം നീക്കങ്ങൾ പാടില്ലെന്ന നിർദേശം വരികയും തിരിച്ചു പോകാൻ തുനിഞ്ഞ പെൺകുട്ടിയെ ഹാളിലേക്കു പൊലീസ് തന്നെ പ്രവേശിപ്പിക്കുകയും ചെയ്തു.

 

 

 

‘ബയോഗ്യാസ് പ്ലാന്റുകൾ മികച്ച മാലിന്യ 

സംസ്കരണ മാതൃക’

 

 

 

കൊച്ചി ∙ പരിപാലനം ശരിയായ വിധത്തിലാണെങ്കിൽ ബയോഗ്യാസ് പ്ലാന്റുകൾ മികച്ച മാലിന്യ സംസ്കരണ മാതൃകയാണെന്നു വിദഗ്ധർ. 

   കേരളത്തിൽ ഒട്ടേറെ ബയോ ഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായി പരിപാലിക്കാത്തതിനാലാണ് അവ വിജയിക്കാത്തതെന്നും മാലിന്യ സംസ്കരണ സാങ്കേതികവിദ്യകളുടെ ആഗോള എക്സ്പോയിൽ നടന്ന സെമിനാർ വിലയിരുത്തി. മാലിന്യ സംസ്കരണവും അതിൽ നിന്നു വരുമാനവും കണ്ടെത്താൻ കഴിയുന്ന സുസ്ഥിര വികസന മോഡലായി ബയോഗ്യാസ് പ്ലാന്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നു ജിപിഎസ് റിന്യൂവബിൾസ് ഡയറക്ടർ രാജേഷ് അയ്യപ്പസുർ പറഞ്ഞു. 

കേരളത്തിന്റെ ഭൂപ്രകൃതി കണക്കിലെടുത്തു കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ മാലിന്യ സംസ്കരണ മാതൃകകൾ ആവശ്യമാണെന്നു കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (കെഎസ്ഡബ്ല്യുഎംപി) പ്രോജക്ട് ഡയറക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു. കെഎസ്ഐഡിസി പ്രോജക്ട് ഡയറക്ടർ ഹരികേശ്, എൻഐഎസ്ടി സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ബി. കൃഷ്ണകുമാർ, നവജ്യോതി ബയോഗ്യാസിലെ സന്തോഷ് ആർ. മേനോൻ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് അസോ. പ്രഫസർ ഡോ. ഷിബു കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com