ADVERTISEMENT

കൊച്ചി∙ ഇല്ലാത്ത ജീവനക്കാരുടെ പേരിൽ സപ്ലൈകോ ഔട്‌ലെറ്റുകളിൽ ശമ്പളം എഴുതിയെടുത്തു ലക്ഷങ്ങൾ വെട്ടിച്ചതിൽ നടപടി നേരിട്ടതു 15 ജീവനക്കാർ. ക്രമക്കേടിന്റെ വ്യാപ്തി ഇതിനെക്കാൾ കൂടുതലാണെന്ന സപ്ലൈകോ ആഭ്യന്തര വിജിലൻസ് സംഘത്തിന്റെ കണ്ടെത്തൽ കാറ്റിൽപറത്തിയാണ് നടപടി. പാലക്കാട് മേഖലയിൽ നിന്നു മാത്രം 15 പേർക്ക് എതിരെയാണു പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയത്. 

കോട്ടയം റീജനിൽ ആറു പേർക്കെതിരെയാണു കണ്ടെത്തൽ. കോഴിക്കോട് റീജനിൽ ക്രമക്കേടുണ്ടെങ്കിലും തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല. അന്വേഷണം തുടരുകയാണെന്നും പല കണ്ടെത്തലുകൾക്കും കൂടുതൽ തെളിവെടുപ്പ് ആവശ്യമായതിനാൽ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും സപ്ലൈകോ വൃത്തങ്ങൾ സൂചിപ്പിച്ചു. 

അന്വേഷണ റിപ്പോർട്ടിൽ നഷ്ടപരിഹാരത്തിനു പുറമേ വകുപ്പുതല നടപടിക്കും ശുപാർശയുണ്ട്. എന്നാൽ സസ്പെൻഷൻ, പുറത്താക്കൽ തുടങ്ങിയ നടപടികൾക്കു പകരം ഇരട്ടിപ്പിഴ ഈടാക്കിയുള്ള ശിക്ഷ മാത്രമാണിപ്പോൾ നടപ്പാക്കിയത്. 21.13 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണു റിപ്പോർട്ട്.

ഇതിൽ ഇരട്ടിപ്പിഴയായി 10.42 ലക്ഷം തിരിച്ചു പിടിച്ചിട്ടുണ്ട്. ശമ്പളത്തിൽ നിന്ന് ബാക്കി ഗഡുക്കളായി ഈടാക്കാനാണു തീരുമാനം.എന്നാൽ ഇരട്ടിപ്പിഴയ്ക്കെതിരെ സപ്ലൈകോ ജീവനക്കാരുടെ സംഘടന സിഎംഡിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇരട്ടിപ്പിഴ ഈടാക്കാൻ അധികാരമില്ലെന്നും ബാധ്യതത്തുകയുടെ 18% പിഴ നിശ്ചയിക്കുന്നതാണു വ്യവസ്ഥയെന്നുമാണു യൂണിയന്റെ വാദം. ഇതുസംബന്ധിച്ച് യൂണിയൻ നേതാക്കൾ മന്ത്രിയെ നേരിട്ടു കണ്ടും പരാതി അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com