കൊച്ചി ∙ കൊച്ചിക്കാർ സൈക്കിൾ ചവിട്ടിത്തുടങ്ങി.ഇത്തിരിയില്ലാത്ത റോഡുകളിൽ ആരു സൈക്കിൾ ചവിട്ടാൻ എന്നൊക്കെ ചോദിച്ചേക്കാം. നഗരത്തിന്റെ പലഭാഗത്തായി 900 സൈക്കിൾ ഇറക്കിവയ്ക്കുമ്പോൾ മൈബൈക്ക് കമ്പനിയും ഇത്രയ്ക്കങ്ങു പ്രതീക്ഷിച്ചില്ല. പക്ഷേ, ലാസ്റ്റ് മൈൽ കണക്ടിവിറ്റിയുടെ ഭാഗമായി കൊച്ചി മെട്രോ ഏർപ്പെടുത്തിയ സൈക്കിൾ പദ്ധതി കൊച്ചിയിൽ വിജയിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 900 സൈക്കിൾ യാത്രക്കാർക്കു വേണ്ടി വച്ചിട്ടുണ്ട്. 100 സൈക്കിൾ റിസർവ് ആയി മൈബൈക്കിന്റെ ഗോഡൗണിൽ. വിവിധ സ്റ്റാൻഡുകളിൽ വച്ചിട്ടുള്ള സൈക്കിളുകളിൽ പകുതിയോളവും ഉപയോഗത്തിലാണ്. അതായത്, കൊച്ചി നഗരത്തിൽ മൈ ബൈക്കിന്റെ 400 – ൽ അധികം സൈക്കിൾ പകൽ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
മെട്രോ സ്റ്റേഷൻ; സൈക്കിൾ സ്റ്റാൻഡും
എല്ലാ മെട്രോ സ്റ്റേഷനിലും സൈക്കിൾ ഉണ്ട്. ഇതിനു പുറമേ, പനമ്പിള്ളി നഗറിൽ 8 സ്റ്റേഷൻ, ഇൻഫോ പാർക്ക്, ഫോർട്ട്കൊച്ചി വെളി, ഐഎൻഎസ് ദ്രോണാചാര്യ, ഫോർട്ട്കൊച്ചി പാർക്ക്, ആസ്റ്റർ മെഡ് സിറ്റി, അമൃത ആശുപത്രി തുടങ്ങി സ്ഥലങ്ങളിലും സൈക്കിൾ ഉണ്ട്. ഏറ്റവും കൂടുതൽ ഫോർട്ട്കൊച്ചിയിൽ, 70.
∙ഫോർട്ട്കൊച്ചിയിലാണു സൈക്കിളോട്ടക്കാർ കൂടുതൽ, അതും വിദേശികൾ. ടൂറിസ്റ്റുകളാണ് സൈക്കിൾ ഉപയോഗിക്കുന്നവരിൽ കൂടുതൽ. ഒരു സൈക്കിൾ എടുത്താൽ മട്ടാഞ്ചേരിയിലും ഫോർട്ട്കൊച്ചിയിലും മുഴുവൻ കറങ്ങാം.
എവിടെയും നിർത്താം, ഇഷ്ടമുള്ളപ്പോൾ ചവിട്ടാം. 10 മണിക്കൂർ കറങ്ങാൻ 20 രൂപ മതി. എറണാകുളത്തുനിന്നു സൈക്കിൾ എടുത്ത് റോഡ് വഴി ഫോർട്ട്കൊച്ചിക്കു പോകുന്നവരുണ്ട്. ബോട്ടിൽ കയറ്റി സൈക്കിൾ കൊണ്ടുപോകുന്നവരും ഉണ്ട്.സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി, ബോട്ട് െജട്ടിവരെ സൈക്കിൾ ഓടിച്ചുപോകുന്നവരും കൂടുതലാണ്.