വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം : സമര ഭൂമിയായി കളമശേരി

protest-image-01
എറണാകുളം ഗവ.മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ മെഡിക്കൽ സൂപ്രണ്ട് ഇൻചാർജ് ഡോ.ഗണേഷ് മോഹനെ മാറ്റി നിർത്തി വിജിലൻസ് അന്വേഷണം ന‌ടത്തണമെന്ന് ആവശ്യപ്പെട്ടു ബിജെപി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാ‍ർച്ച്.
SHARE

കളമശേരി ∙ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ച സംഭവത്തിൽ മെഡിക്കൽ സൂപ്രണ്ട് ഓഫിസിനെതിരെയുള്ള പ്രതിഷേധം കളമശേരിയെ സമര ഭൂമിയാക്കി.മെഡിക്കൽ സൂപ്രണ്ട് ഇൻചാർജ് ഡോ.ഗണേഷ് മോഹനെ മാറ്റി നിർത്തി വിജിലൻസ് അന്വേഷണം ന‌ടത്തണമെന്ന് ആവശ്യപ്പെട്ടു ബിജെപി നിയോജക മണ്ഡലം കമ്മിറ്റി മെഡിക്കൽ കോളജിലേക്കു മാർച്ച് നടത്തി.

മാർച്ച് കോളജ് ഗേറ്റിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് തൃക്കാക്കര ഉദ്ഘാടനം ചെയ്തു. ഗണേഷ് മോഹനെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നു ബിജെപി ആവശ്യപ്പെട്ടു. വൈസ്പ്രസിഡന്റ് പി.പി.സുന്ദരൻ അധ്യക്ഷത വഹിച്ചു. പി.വി.വിനോദ്കുമാർ, ചന്ദ്രിക രാജൻ, രതീഷ് കങ്ങരപ്പടി എന്നിവർ പ്രസംഗിച്ചു.

യൂത്ത്കോൺഗ്രസ് പ്രതിഷേധം

police-image
വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ഡോ.ഗണേഷ് മോഹനെ സംരക്ഷിക്കുന്നതു മന്ത്രി പി.രാജീവാണെന്ന് ആരോപിച്ചു യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി എംഎൽഎ ഓഫിസിനു മുന്നിലേക്കു നടത്തിയ മാർച്ചിൽ പൊലീസ് വലയം ഭേദിച്ചു മുന്നേറിയ സമരക്കാരെ പിടിക്കാൻ പൊലീസ് പിറകേ ഓടുന്നു.

കളമശേരി ∙ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ഡോ.ഗണേഷ് മോഹനെ സംരക്ഷിക്കുന്നത് മന്ത്രി പി.രാജീവാണെന്ന് ആരോപിച്ചു യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുസാറ്റിനു സമീപത്തെ എംഎൽഎ ഓഫിസിനു മുന്നിലേക്കു മാർച്ച് നടത്തി. സമരക്കാരും പൊലീസും തമ്മിൽ പിടിവലി നടന്നു. സമരത്തിൽ പങ്കെടുത്തവരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തു.

വികസന സമിതി പ്രതിഷേധം

protest-image-02
ജനന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച സംഭവത്തിൽ മെഡിക്കൽ സൂപ്രണ്ട് ഇൻചാർജ് ഡോ.ഗണേഷ് മോഹനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടു ആശുപത്രി വികസന സമിതി അംഗങ്ങൾ പ്രിൻസിപ്പൽ ഓഫിസ് ഉപരോധിക്കുന്നു.

കളമശേരി ∙ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ച സംഭവത്തിൽ മെഡിക്കൽ സൂപ്രണ്ട് ഇൻചാർജ് ഡോ.ഗണേഷ് മോഹനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടു ആശുപത്രി വികസന സമിതി അംഗങ്ങൾ പ്രിൻസിപ്പൽ ഡോ.രശ്മി രാജന്റെ ഓഫിസ് ഉപരോധിച്ചു. ഡോ.ഗണേഷ് മോഹനെ നിലനിർത്തി മെഡിക്കൽ കോളജിനെ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും പ്രിൻസിപ്പൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. 

Also read: മെഡിക്കൽ കോളജിന് സമീപം അടിപ്പാത, ചെലവ് 1.3 കോടി; സുരക്ഷാ ജീവനക്കാരും ക്യാമറയുമുണ്ടാകും

തുടർന്നു പ്രിൻസിപ്പൽ ഡിഎംഇയുമായി ചർച്ച നടത്തി. ഡിഎംഇ ചുമതലപ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർത്തിയായ ശേഷം സമിതി അംഗങ്ങളുടെ ആവശ്യത്തിൽ നടപടിയുണ്ടാവുമെന്നു പ്രിൻസിപ്പൽ ഉറപ്പു നൽകിയതിനെത്തുടർന്നു സമരം അവസാനിപ്പിച്ചു. ആശുപത്രി വികസന സമിതി 3 മാസത്തിലൊരിക്കൽ കൂടണമെന്ന നിർദേശം മെഡിക്കൽ സൂപ്രണ്ട് പാലിക്കുന്നില്ലെന്നു അവർ പറഞ്ഞു. സമിതി അംഗങ്ങളായ കെ.കെ.ഇബ്രാഹിംകുട്ടി, പി.എം.എ.ലത്തീഫ്, എം.എ.നൗഷാദ്, ബേബി പാറേക്കാട്ടിൽ, കെ.കെ.ജയപ്രകാശ്, അലോഷ്യസ്, കെ.എം.ജലീൽ, ജേക്കബ് കളപ്പറമ്പത്ത്, അബ്ദുൽ സുധീർ എന്നിവർ സമരത്തിൽ പങ്കെടുത്തു.

meeting-image
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ജനന മരണ റജിസ്ട്രേഷൻ വിഭാഗത്തിൽ കിയോസ്ക് എക്സിക്യൂട്ടീവായി എ.എൻ.രഹ്നയെ നിയമിച്ചതിൽ അപാകതയുണ്ടെന്ന് ആരോപിച്ച് എൽഡിഎഫ് കൗൺസിലർമാർ മുനിസിപ്പൽ സെക്രട്ടറിയുടെ ഓഫിസ് ഉപരോധിച്ചപ്പോൾ.

മുനിസിപ്പൽ സെക്രട്ടറിയെ എൽ‍‍ഡിഎ്ഫ് ഉപരോധിച്ചു

കളമശേരി ∙ ഗവ. മെഡിക്കൽ കോളജിൽ കിയോസ്ക് എക്സിക്യൂട്ടീവായി എ.എൻ.രഹ്നയെ നിയമിച്ചതിൽ അപാകതയുണ്ടെന്നും നിയമനം കൗൺസിൽ അറിഞ്ഞിട്ടില്ലെന്നും ആരോപിച്ച് എൽഡിഎഫ് കൗൺസിലർമാർ മുനിസിപ്പൽ സെക്രട്ടറിയുടെ ഓഫിസ് ഉപരോധിച്ചു. സംഭവത്തിൽ നഗരസഭ പൊലീസിൽ പരാതി നൽകാത്തതിലും പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു.

കുടുംബശ്രീയു‌ടെ ഐടി സെല്ലിൽ അംഗമാണ് രഹ്നയെന്നും കഴിഞ്ഞ വർഷം ഏപ്രിലിലാണു നിയമനം നടത്തിയതെന്നും കൗൺസിലിൽ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS