ചെറായി പൂരത്തിന് ജനസാഗരം; പുതുപ്പള്ളി കേശവനു വിജയത്തിടമ്പ്

HIGHLIGHTS
  • ആവേശത്തിമിർപ്പിൽ ആനകളുടെ തലപ്പൊക്ക മത്സരം; പുതുപ്പള്ളി കേശവൻ ജേതാവ്
elephant-image
ചെറായി ഗൗരീശ്വര ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു നടന്ന തിടമ്പേറ്റൽ ചടങ്ങിനായി തെക്കേ ചേരുവാരത്തിന്റെ പുതുപ്പള്ളി കേശവനും വടക്കേ ചേരുവാരത്തിന്റെ ചിറക്കൽ കാളിദാസനും ഗജമണ്ഡപത്തിൽ അണിനിരന്നപ്പോൾ. പുതുപ്പള്ളി കേശവൻ (ഇടത്) തിടമ്പേറ്റാനുള്ള അവകാശം നേടി.
SHARE

വൈപ്പിൻ∙ ആയിരങ്ങളുടെ ആവേശത്തെ ആകാശത്തോളമുയർത്തി ഗൗരീശ്വര ക്ഷേത്രാങ്കണത്തിൽ തെക്കേ ചേരുവാരത്തിന്റെ പുതുപ്പള്ളി കേശവനു വിജയത്തിടമ്പ്. വടക്കേ ചേരുവാരം രംഗത്തിറക്കിയ ചിറയ്ക്കൽ കാളിദാസനെ പിന്നിലാക്കിയാണു ഭഗവാൻ സുബ്രഹ്‌മണ്യന്റെ തിടമ്പേറ്റാനുള്ള അവകാശം കേശവൻ ആന സ്വന്തമാക്കിയത്.

ചെറായി പൂരത്തിനു മുന്നോടിയായി ഗജമണ്ഡപത്തിൽ തിടമ്പേറ്റൽ ചടങ്ങിനായി  കേരളത്തിലെ പേരുകേട്ട കൊമ്പന്മാർ അണിനിരക്കുന്നതിനു മുൻപേ കിഴക്കു വശത്തെ മൈതാനത്തു ജനം തിങ്ങിനിറഞ്ഞിരുന്നു. പാപ്പാന്മാരുടെ പ്രേരണയില്ലാതെ നിശ്ചിത സമയം ഏറ്റവും ഉയരത്തിൽ തല ഉയർത്തിപ്പിടിക്കുന്ന  ഗജവീരനാണു തിടമ്പേറ്റാനുള്ള  അർഹത നേടുക.

Also read: ആന ഇടഞ്ഞ് ഓടിയത് റോഡിലൂടെ 12 കിലോമീറ്റർ; ഒപ്പം പാപ്പാൻമാരും നാട്ടുകാരും ഓടി

temple-festival
ചെറായി ഗൗരീശ്വര ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന പകൽ‌പ്പൂരം.

ഇടയ്‌ക്കിടെ കഴിയുന്നത്ര ആഞ്ഞുയർന്നു മേൽക്കോയ്‌മ നേടാൻ കാളിദാസൻ ശ്രമിച്ചെങ്കിലും ഉയർത്തിയ തല തെല്ലും താഴ്‌ത്താതെ നിന്ന കേശവൻ ജേതാവായി. വിജ്ഞാന വർധിനി സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ, ചേരുവാരം പ്രസിഡന്റുമാരായ  സൈജു ചന്ദ്രാസ്, രാജു കൊട്ടാരത്തിൽ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു  ചടങ്ങുകൾ.   

പേരുകേട്ട  ഗജവീരന്മാർ അണിനിരന്ന പകൽപൂരവും വാദ്യമേളങ്ങളും തിങ്ങിനിറഞ്ഞ പുരുഷാരവും ചേർന്ന്  ചെറായി പൂരം ഒരിക്കൽക്കൂടി വൈപ്പിൻദ്വീപിന് അനുഭൂതിയായി. പുതുപ്പള്ളി കേശവൻ  തിടമ്പേറ്റി പൂരം നയിച്ചു. ചടങ്ങു കഴിഞ്ഞയുടൻ ശ്രീബലി ആരംഭിച്ചു. വൈകിട്ട് ആരംഭിച്ച പകൽപൂരത്തിനു വെയിലാറിയതോടെ തിരക്കേറി. മൈതാനത്തിന്റെ ഇരുവശങ്ങളിലുമായി ഇരുചേരുവാരങ്ങളുടേയും ഗജവീരൻമാർ അണിനിരന്നു. 

തുടർന്നു നടന്ന കുടമാറ്റവും അവേശമുയർത്തി. സന്ധ്യ കഴിഞ്ഞതോടെ ഇരുചേരുവാരങ്ങളുടെയും ആനകൾ ഒന്നിച്ച് അണിനിരന്നു കൂട്ടിയെഴുന്നള്ളിപ്പ് ആരംഭിച്ചു. രാത്രി നടന്ന കരിമരുന്നുപ്രയോഗവും വൈക്കം വേണു ചെട്ടിയാരുടെ നേതൃത്വത്തിലുള്ള നാദസ്വരക്കച്ചേരിയും ആകർഷകമായി. പുലർച്ചെ ആറാട്ടും രാവിലെ  എഴുന്നള്ളിപ്പും നടന്നു. വിജ്ഞാന വർധിനി സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ, സെക്രട്ടറി പി.ജി. ഷൈൻ തുടങ്ങിയവർ നേതൃത്വം  നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS