വായു മലിനീകരണം; കൊച്ചിയിൽ മേഘ സ്ഫോടനത്തിനും മിന്നൽ പ്രളയത്തിനും സാധ്യത

HIGHLIGHTS
  • രാത്രി 8 മണി മുതൽ പുലർച്ചെ 8 മണിവരെ നഗരപ്രദേശങ്ങളിലെ മലിനീകരണ തോത് ന്യൂഡൽഹിയിലെ പകൽസമയ മലിനീകരണത്തിനു തുല്യം
Kochi Flood
എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷനടിയിലെ വെള്ളക്കെട്ട്. ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ (ഫയൽ ചിത്രം)
SHARE

കൊച്ചി∙ നഗരങ്ങളിലെ വായു ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്) പ്രകാരം കൊച്ചിയിലെ മലിനീകരണത്തിന്റെ തോത് തുടർച്ചയായി ഉയർന്നു നിൽക്കുന്നതു മേഘ സ്ഫോടനത്തിനും മിന്നൽ പ്രളയത്തിനും വഴിയൊരുക്കാമെന്നു വിലയിരുത്തൽ. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നഗരം നേരിട്ട മിന്നൽ പ്രളയത്തിന്റെ ഒരു കാരണം അന്തരീക്ഷത്തിൽ കൂടിയ തോതിൽ തങ്ങിനിൽക്കുന്ന രാസപദാർഥങ്ങളുടെ സൂക്ഷ്മ കണികകളും ബാഷ്പവുമാണെന്നും നിഗമനം.

ഇന്ത്യൻ നഗരങ്ങളിലെ വായു മലിനീകരണത്തിന്റെ സ്വഭാവം പഠിച്ചു കാൺപുർ ഐഐടി പുറത്തുവിട്ട പഠന റിപ്പോർട്ടിലാണു അന്തരീക്ഷത്തിലേക്കു സൂക്ഷ്മ കണങ്ങൾ അധികമായി തള്ളുന്നതു മേഘ സ്ഫോടനത്തിനു വഴിയൊരുക്കുന്നതായി വെളിപ്പെടുത്തുന്നത്. കൊച്ചിയിലെ വായുവിൽ രാത്രി രാസഗന്ധം വമിക്കുന്നതായുള്ള പരാതിയിൽ നാഷനൽ ഗ്രീൻ ട്രൈബ്യൂണൽ നിയോഗിച്ച ഉപസമിതിയും അന്തരീക്ഷത്തിലേക്കു രാസപദാ‍ർഥങ്ങളും സൂഷ്മ കണികകളും (പിഎം 2.5) പുറന്തള്ളുന്ന 14 ഉറവിടങ്ങൾ (ഫാക്ടറികൾ) കണ്ടെത്തിയിരുന്നു.ജില്ലയുടെ പലഭാഗങ്ങളിലും സ്ഥാപിച്ചിട്ടുള്ള വായു മലിനീകരണ മാപിനികൾ വഴി ശേഖരിച്ച ഡേറ്റ പ്രകാരം രാത്രി 8 മണി മുതൽ പുലർച്ചെ 8 മണിവരെ നഗരപ്രദേശങ്ങളിലെ മലിനീകരണത്തിന്റെ തോത് ന്യൂഡൽഹിയിലെ പകൽസമയ മലിനീകരണത്തിനു തുല്യമാണ്.

Also read: പിണങ്ങിപ്പോയ അമ്മയോട് ഫോണിൽ സംസാരിച്ചു; പിഞ്ചുകുഞ്ഞുങ്ങൾക്ക് പിതാവിന്റെ ക്രൂരമർദനം

ഗ്രീൻ ട്രൈബ്യൂണൽ ഉപസമിതിയുടെ പ്രാഥമിക പരിശോധനകൾക്കു ശേഷം വൈറ്റില ജംക്‌ഷനിലെ മലിനീകരണ മാപിനിയിൽ നിന്നുള്ള കണക്കുകൾ മാത്രമാണു ഇടവിട്ട ദിവസങ്ങളിലെങ്കിലും ലഭിക്കുന്നത്. എറണാകുളം കച്ചേരിപ്പടി, വ്യവസായ മേഖലയായ ഏലൂർ ഉദ്യോഗമണ്ഡൽ എന്നിവിടങ്ങളിലെ മാപിനികളിൽ നിന്നുള്ള ഡേറ്റ മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിലുള്ള വെബ്സൈറ്റുകളിൽ ലഭ്യമല്ല.

കാൺപുർ ഐഐടിയുടെ പഠന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി യുഎസിലെ പസഫിക് നോർത്ത് വെസ്റ്റ് നാഷനൽ ലബോറട്ടറി ന്യൂഡൽഹിയിലും കാൺപൂരിലും നടത്തിയ പഠനങ്ങളും ഇന്ത്യൻ നഗരങ്ങളിലെ മിന്നൽ പ്രളയങ്ങൾക്കു വഴിയൊരുക്കുന്ന മേഘ വിസ്ഫോടനങ്ങൾക്ക് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ബാഷ്പകണങ്ങളും സൂക്ഷ്മകണികകളും കാരണമാകുന്നതായി സ്ഥിരീകരിച്ചിരുന്നു.ന്യൂഡൽഹിക്കു തുല്യമായ പിഎം 2.5 സൂക്ഷ്മകണികാ മലിനീകരണമാണു കൊച്ചിയിലും നിലനിൽക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS