കാലടി∙ ടൗണിലെ മലയാറ്റൂർ റോഡിൽ വാട്ടർ ടാങ്ക് വളവിനു സമീപം 3 മാസം മുൻപ് പൈപ്പ് ലൈൻ ഇടാൻ ജല അതോറിറ്റി വെട്ടിപ്പൊളിച്ച റോഡ് അപകടക്കെണിയായി. പൈപ്പ് ഇട്ടശേഷം കുഴി വെറുതെ മണ്ണിട്ടു മൂടി. ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിച്ചപ്പോൾ മണ്ണ് താഴേക്കിരുന്ന് വലിയ കുഴിയായി.
വാഹനങ്ങൾ ഇവിടെ കുഴിയിൽ ചാടുന്ന അവസ്ഥയായപ്പോൾ 2 ദിവസം മുൻപ് കരാറുകാർ കുഴിയിൽ മെറ്റൽ നിരത്തി. ഇതേത്തുടർന്നു റോഡിലെ ചാട്ടം ഇല്ലാതായെങ്കിലും ഇരുചക്ര വാഹനങ്ങൾ മെറ്റലിൽ തെന്നിമറിയാൻ തുടങ്ങി.
വലിയ വാഹനങ്ങൾ പോകുമ്പോൾ മെറ്റൽ വശങ്ങളിലേക്കു തെറിക്കാനും തുടങ്ങി. മെറ്റൽ റോഡാകെ പരന്നതോടെ വീണ്ടും കുഴിയായി. ഇപ്പോൾ കുഴിയും മെറ്റലും ചേർന്ന ഇരട്ട അപകടക്കെണിയാണിവിടെ. വളവിനോടു ചേർന്നുള്ള കുഴി പെട്ടെന്നു കാണാനും കഴിയില്ല. പെരിയാറിലെ പമ്പ് ഹൗസ് മുതൽ കാലടി പട്ടണത്തിലൂടെ പൊതിയക്കര ജലസംഭരണി വരെയാണ് പുതിയ പൈപ്പിട്ടത്. പൈപ്പിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും പൈപ്പിടാൻ കുഴിച്ച റോഡുകൾ പഴയമട്ടിലാക്കാൻ നീക്കമില്ല.