പറവൂർ ∙ ചിറ്റാറ്റുകര കവലയിലെ ഇറച്ചിക്കടയിൽ വിൽപനയ്ക്കായി സൂക്ഷിച്ച പഴകിയ ഇറച്ചി പിടികൂടി. 250 കിലോഗ്രാമിലേറെ മാംസം ഉണ്ടായിരുന്നു. പുതിയതും പഴയതുമായ ഇറച്ചി ഒരുമിച്ചിട്ടാണു വിൽപന നടത്തിയത്. ഈ കടയിൽ നിന്നു വാങ്ങിയ ഇറച്ചി ഒരു സ്ത്രീ പാചകം ചെയ്യാൻ എടുത്തപ്പോൾ പുഴുവിനെ കണ്ടെത്തി. ഇവർ വിവരമറിയിച്ചതിനെത്തുടർന്നു പഞ്ചായത്ത് അധികൃതർ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു.
ഭക്ഷ്യ സുരക്ഷ വകുപ്പ് പറവൂർ സർക്കിൾ ഓഫിസർ ഡോ.സിന്ധ്യ ജോസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വൃത്തിഹീനമായാണ് ഇറച്ചി ഫ്രീസറിൽ സൂക്ഷിച്ചിരുന്നത്. പഴകിയ ഇറച്ചിക്കും പണ്ടം, കുടൽ എന്നിവയ്ക്കും 3 ദിവസം പഴക്കമുണ്ടെന്നു കച്ചവടക്കാരൻ സമ്മതിച്ചു. സാംപിൾ പരിശോധനയ്ക്ക് അയച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച കട അടച്ചുപൂട്ടി. കടയുടമ കാഞ്ഞിരപറമ്പിൽ നൗഫൽ ഇറച്ചിക്കടയുടെ സമീപത്തു പൊട്ടുവെള്ളരി കച്ചവടവും നടത്തിയിരുന്നു.
ഇറച്ചി സൂക്ഷിച്ചിരുന്ന ഫ്രീസറിൽ വൃത്തിഹീനമായി പൊട്ടുവെള്ളരിയും സൂക്ഷിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ വി.ആർ.നിതീഷ്, എ.പി.നിന്റോ, പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വൈസ് പ്രസിഡന്റ് പി.പി.അരൂഷ്, സ്ഥിരം സമിതി അധ്യക്ഷരായ വി.എ.താജുദ്ദീൻ, സെമീറ ഉണ്ണിക്കൃഷ്ണൻ, ലൈബി സാജു, അംഗങ്ങളായ ഉഷ ശ്രീദാസ്, എം.എസ്.സുരേഷ് ബാബു, പി.എ.ഷംസുദ്ദീൻ, ഹെഡ് ക്ലാർക്ക് ടി.പി.ജീൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.