ആലുവ∙ കെഎസ്ആർടിസി ബസിന്റെ വാതിൽ അബദ്ധത്തിൽ തുറന്നു റോഡിൽ തെറിച്ചുവീണ വിഷ്ണുവിനു തന്റെ ശ്രവണ സഹായി തിരികെ കിട്ടി. അപകടനില തരണം ചെയ്തതിനെ തുടർന്നു വിഷ്ണുവിനെ ഐസിയുവിൽ നിന്നു മുറിയിലേക്കു മാറ്റുകയും ചെയ്തു. എങ്കിലും ഓർമ പൂർണമായും ശരിയായിട്ടില്ലെന്നു വീട്ടുകാർ പറഞ്ഞു.
തൃക്കാക്കര ഭാരത മാതാ കോളജ് ഒന്നാം വർഷ ബികോം വിദ്യാർഥി ഉളിയന്നൂർ സ്വദേശി വിഷ്ണു (19) ചൊവ്വാഴ്ച രാവിലെ കോളജിൽ പോകുമ്പോൾ തായിക്കാട്ടുകര കമ്പനിപ്പടിയിലാണ് അപകടത്തിൽ പെട്ടത്. 7 ലക്ഷം രൂപയുടെ ശ്രവണ സഹായി നഷ്ടപ്പെട്ടു. പരിസരത്ത് തിരഞ്ഞെങ്കിലും കിട്ടിയില്ല. അപകട സമയത്ത് അതിലൂടെ കടന്നുപോയ ചൂണ്ടി സ്വദേശി ഷിബുവിന് ഇതു ലഭിച്ചിരുന്നു. അദ്ദേഹം കാരോത്തുകുഴി ആശുപത്രിയിലെ പിആർഒ ശിവൻ മുപ്പത്തടത്തിനെ ഏൽപിച്ചു. ശിവൻ വീട്ടുകാർക്കു കൈമാറി. റോഡിൽ വീണെങ്കിലും ഉപകരണത്തിനു തകരാറൊന്നും സംഭവിച്ചില്ല.