പറവൂർ∙ തോന്ന്യകാവ് – കൈതാരം റോഡിൽ തോന്ന്യകാവ് ക്ഷേത്രക്കുളത്തിനു സമീപം ചൊവ്വാഴ്ച രാത്രി പൈപ്പ് പൊട്ടി റോഡ് തകർന്നു. വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകിയതോടെ റോഡിൽ വലിയ കുഴിയുണ്ടായി. കുഴിക്കരികെ കസേര എടുത്തുവച്ച് നാട്ടുകാർ യാത്രക്കാർക്ക് അപകട മുന്നറിയിപ്പു നൽകി. കൈതാരം, കോട്ടുവള്ളി മേഖലയിൽ ഇതുമൂലം ശുദ്ധജലം മുടങ്ങി.
റോഡിനടിയിലൂടെ പോകുന്ന 4 പതിറ്റാണ്ട് പഴക്കമുള്ള പൈപ്പ് പൊട്ടുന്നതു പതിവാണ്. പൈപ്പ് മാറ്റണമെന്ന ദീർഘകാല ആവശ്യം നടപ്പായിട്ടില്ല. ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും റോഡ് തകരും; നാട്ടുകാർ ശുദ്ധജലത്തിന് നെട്ടോട്ടമോടും.ഒട്ടേറെത്തവണ റോഡ് അറ്റകുറ്റപ്പണിയും നടത്തിയിട്ടുണ്ട്. പഴഞ്ചൻ പൈപ്പ് മാറ്റി പുതിയത് ഇടുകയാണ് പരിഹാരമെന്ന് അറിഞ്ഞിട്ടും നടപടിയില്ല.