ADVERTISEMENT

അങ്കമാലി ∙ ചമ്പന്നൂർ സിഡ്കോ വ്യവസായ മേഖലയുടെ പരിസരത്ത് വൻതോതിലുള്ള അന്തരീക്ഷ മലിനീകരണമുണ്ടെന്നു നാട്ടുകാരുടെ പരാതി. വായുവിലൂടെയും വെള്ളത്തിലൂടെയും പുറത്തുവിടുന്ന രാസമാലിന്യം മാരകരോഗങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നഗരസഭയ്ക്കും മലിനീകരണ നിയന്ത്രണ ബോർഡിനും കലക്ടർക്കും പരാതി നൽകിയിട്ടും നടപടികൾ ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ചില കമ്പനികൾ വൻതോതിലാണ് അന്തരീക്ഷത്തിലേക്കു വിഷപ്പുക പുറത്തുവിടുന്നത്. ചമ്പന്നൂർ പ്രദേശത്തെ മലിനീകരണ തോതിനെ സംബന്ധിച്ചു പഠിക്കുന്നതിനും നാട്ടുകാരുടെ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും നടപടികളില്ല.രാസമാലിന്യവും മലിനജലവും കുട്ടാടൻ കുഴി പാടശേഖരം വഴി മാഞ്ഞാലി തോട്ടിലേക്ക് എത്തുന്നുണ്ട്.

ഈ പാടശേഖരങ്ങളിൽ നിന്നു വെള്ളം കുടിക്കുന്ന പക്ഷിമൃഗാദികൾ പലതും ചാകുന്നു. കഴിഞ്ഞവർഷം മേയാൻ വിട്ടിരുന്ന പശു ചത്ത സംഭവം ഉണ്ടായിട്ടുണ്ട്. പാടശേഖരങ്ങളിൽ മലിനജലം എത്തുന്നതിനാൽ സമീപത്തെ വീടുകളിലെ കിണറുകളിലും രാസമാലിന്യം കലർന്ന വെള്ളം ഉറവയായി എത്തുന്നു.

വ്യവസായ മേഖലയിലെ കമ്പനികളിൽ മാലിന്യസംസ്കരണത്തിനു സംവിധാനങ്ങളില്ല. ചില കമ്പനികളിലെ തൊഴിലാളികൾ കഴിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ റോഡുകളിലാണു ഇടുന്നത്. മാലിന്യം കുന്നുകൂടുമ്പോൾ ഈ കമ്പനികൾ തന്നെ അവ കൂട്ടിയിട്ടു കത്തിക്കുകയും ചെയ്യും. മാലിന്യപ്രശ്നത്തെ സംബന്ധിച്ചു പരാതി നൽകിയിട്ടും ഫലവും ഉണ്ടായിട്ടില്ലെന്നാണു നാട്ടുകാരുടെ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com