ADVERTISEMENT

പിറവം∙ കടുത്ത വേനലിൽ ഉൽപാദനക്കുറവിനു പുറമേ വിലയിടിവും വാഴ കർഷകരെ പ്രതിസന്ധിയിലാക്കുന്നു.  കഴിഞ്ഞ വർഷം കിലോഗ്രാമിനു 65 രൂപ വരെ എത്തിയ ഏത്തക്കായ് ഇപ്പോൾ 34 മുതൽ 38 രൂപ വരെ നിരക്കിലാണു വ്യാപാരം. കഴിഞ്ഞ മാസങ്ങളിലും വിപണി തകർച്ചയിലായിരുന്നുവെങ്കിലും വേനൽ രൂക്ഷമാകുന്നതോടെ ഉൽപാദനക്കകുറവു മൂലം വില ഉയരാറുണ്ട്.

ഇൗ ദിവസങ്ങളിൽ  കഴിഞ്ഞ മാസത്തെ അപേക്ഷിച്ചു വില പിന്നെയും താഴുകയാണെന്നു പാമ്പാക്കുട കർഷക വിപണി പ്രസിഡന്റ് വി.ജെ.ബിജു പറഞ്ഞു.ഏത്തക്കായ് കിലോഗ്രാമിനു 50 രൂപ എങ്കിലും ലഭിച്ചാൽ മാത്രമേ മുതൽ മുടക്കു തിരികെ ലഭിക്കുകയുള്ളൂവെന്നാണു കർഷകർ പറയുന്നത്.

രാസവളങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില ഉയർന്നതാണു തിരിച്ചടിയാകുന്നത്. രാസവളങ്ങൾക്കു കിലോഗ്രാമിനു ശരാശരി 35 രൂപയാണു വില. വിളവെടുക്കുന്ന ഘട്ടമാകുമ്പോഴേക്കും ഒരു വാഴയ്ക്കു 300 രൂപയോളം മുടക്കു വരും. കാലാവസ്ഥാ വ്യതിയാനവും മറ്റും മൂലം നശിക്കുന്ന വാഴകളുടെ എണ്ണം കൂടി കണക്കിലെടുത്താൽ ഇപ്പോഴുള്ള വിലയിൽ വരുമാനവും ചെലവും പൊരുത്തപ്പെടില്ലെന്നതാണ് അനുഭവം. 

തമിഴ്നാട്ടിൽ നിന്നുള്ള കായ്് വരവ് ഉയർന്നതാണു നാടൻ കുലകൾക്കു തിരിച്ചടിയായത്. വാഹനങ്ങളിൽ പഴം എത്തിച്ചു വിൽക്കുന്നവർ സജീവമായിട്ടുണ്ട്. ഇതോടെ നാടൻ കായ് വാങ്ങുന്നതിനു വ്യാപാരികളും മടിയ്ക്കുകയാണ്. പൂവൻ, ഞാലിപൂവൻ തുടങ്ങിയ ഇനങ്ങളുടെ വിപണിയും ആശാവഹമല്ല. വിലയിടിയുന്ന സമയത്തു ഹോർട്ടി കോർപ്പു പോലുള്ള ഏജൻസികളുടെ സഹകരണവും പ്രയോജനകരമല്ലെന്നാണു പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com