ADVERTISEMENT

ആലുവ∙ നഗരം താമസിയാതെ 53 എച്ച്ഡി ക്യാമറകളുടെ നിരീക്ഷണ വലയത്തിലാകും. 24 മണിക്കൂറും അവ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ ഒരേസമയം നഗരസഭ ഓഫിസ്, റൂറൽ എസ്പി ഓഫിസ്, ജോയിന്റ് ആർടി ഓഫിസ് എന്നിവിടങ്ങളിൽ എത്തും. നഗരസഭയിൽ റോഡരികിൽ മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനു ക്യാമറ സ്ഥാപിക്കാൻ കഴിഞ്ഞ ബജറ്റിൽ 25 ലക്ഷം രൂപ വകയിരുത്തി. അതുപയോഗിച്ചാണ് ഇപ്പോൾ ക്യാമറ സ്ഥാപിക്കുന്നതെന്നു നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ പറഞ്ഞു.

വടക്ക് മംഗലപ്പുഴ പാലം മുതൽ തെക്ക് പുളിഞ്ചോട് കല്ലുകടവ് വരെയും പടിഞ്ഞാറ് തോട്ടയ്ക്കാട്ടുകര പെരിയ്ക്കപ്പാലം മുതൽ കിഴക്ക് മാർവർ ജംക്‌ഷൻ വരെയും ഉള്ള ജനസാന്ദ്രത കൂടിയതും ഗതാഗതത്തിരക്ക് ഉള്ളതുമായ 44 സ്ഥലങ്ങളിലായാണ് 53 ക്യാമറ  സ്ഥാപിക്കുക. പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുമായി ബന്ധിപ്പിച്ചു സൗരോർജ പാനലുകളിൽ പ്രവർത്തിക്കുന്ന ക്യാമറ  അരക്കിലോമീറ്റർ ദൂരപരിധിയിലുള്ള ദൃശ്യങ്ങൾ പകർത്തും. രാത്രിയിലെ ദൃശ്യങ്ങളും വ്യക്തമായി കിട്ടാനുള്ള സംവിധാനമുണ്ട്. നഗരസഭ ഓഫിസിൽ 4 എൽഇഡി മോണിറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.

ദൃശ്യങ്ങൾ അപ്പപ്പോൾ പരിശോധിച്ചു നടപടി സ്വീകരിക്കാൻ പ്രത്യേകം ജീവനക്കാർ ഉണ്ടാകും. ക്യാമറകൾക്കും മറ്റും ഉണ്ടാകുന്ന തകരാർ പരിഹരിക്കാൻ വർഷത്തേക്കു കരാർ നൽകിയിട്ടുണ്ട്. മാലിന്യം തള്ളുന്നവരിൽ നിന്നു 5,000 രൂപ മുതൽ 30,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. പൊലീസും മോട്ടർ വാഹന വകുപ്പും അവരുടേതായ നിയമ നടപടികളും സ്വീകരിക്കും. ക്യാമറകൾ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. ഏപ്രിൽ 15നു മുൻപു പൂർത്തിയാകും. റൂറൽ ജില്ലാ പൊലീസ് 6 വർഷം മുൻപ് ആലുവയിൽ 79 ക്യാമറകൾ സ്ഥാപിച്ചിരുന്നു. 2018ലെ പ്രളയത്തിൽ അതിൽ ഭൂരിഭാഗവും തകരാറിലായി. ചിലതു മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. നഗരസഭ ക്യാമറകൾ സ്ഥാപിക്കുന്നതു കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പൊലീസിനും സഹായകമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com