ADVERTISEMENT

ഫോർട്ട്കൊച്ചി∙ കൊച്ചിയുടെ അവശേഷിക്കുന്ന പൈതൃക കാഴ്ചകളിൽ ഒന്നായ ബ്രിട്ടിഷ് നിർമിത ജല സംഭരണി രാത്രിയുടെ മറവിൽ പൊളിച്ചു നീക്കി. അമരാവതി പള്ളിക്ക് സമീപം റോഡ് അരികിൽ സ്ഥിതി ചെയ്ത ടാങ്കാണ് ഒരു ഇഷ്ടിക പോലും അവശേഷിപ്പിക്കാതെ പൊളിച്ചു നീക്കിയത്.

സംസ്ഥാന ഫയർ ആൻഡ് റസ്ക്യു ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാറ്റിക് ടാങ്ക് എന്ന് അറിയപ്പെടുന്ന ജല സംഭരണി പൊളിച്ചത്. ഡിവിഷൻ കൗൺസിലർ പ്രിയ പ്രശാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അഗ്നി രക്ഷാ സേനയുടെ നടപടി. തീപിടിത്തം ഉണ്ടായാൽ അണയ്ക്കുന്നതിനുള്ള വെള്ളം ശേഖരിക്കുന്ന ഇത്തരം 15 ജല സംഭരണികൾ ബ്രിട്ടിഷ് കൊച്ചിയുടെ പല ഭാഗത്തായി നിർമിച്ചിരുന്നു. ഒരു കുതിരവണ്ടി ജല സംഭരണികൾക്ക് സമീപം സദാ സ‍‍ജ്ജമാക്കി നിർത്തിയിരുന്നതായി പഴമക്കാർ പറയുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആധുനിക അഗ്നി രക്ഷാ സംവിധാനങ്ങൾ വന്നതോടെ ഇവയി‍ൽ പലതും നീക്കം ചെയ്തു. ഇനി പട്ടാളം പ്രദേശത്തും ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് സമീപവുമാണ് 2 ടാങ്കുകൾ അവശേഷിക്കുന്നത്. 

demolition-of-heritage-water-tank1-protest-ernakulam
ഫോർട്ട്കൊച്ചി പട്ടാളത്ത് നില കൊള്ളുന്ന പൈതൃക ജല സംഭരണി

കൗൺസിലറുടെ പരാതിയിൽ മട്ടാഞ്ചേരി അഗ്നിരക്ഷാ നിലയം ഓഫിസർ അന്വേഷണം നടത്തി ടാങ്ക് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്നും ഉപയോഗ ശൂന്യമാണെന്നും റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ജനറൽ ഇത് നീക്കാൻ ഉത്തരവ് നൽകിയത്. ടാങ്ക് റോഡ് വികസനത്തിന് തടസമാകുന്നുവെന്ന് പരാതിയിലുണ്ട്. പൈതൃക നഗരമെന്ന് അറിയപ്പെടുന്ന ഫോർട്ട്കൊച്ചിയിലെ പൈതൃക സമ്പത്ത് നില നിർത്തേണ്ടതിന് പകരം നശിപ്പിക്കുന്ന അധികൃതരുടെ നടപടിയിൽ ചരിത്ര സ്നേഹികൾക്ക് അമർഷമേറെ. 

കൗൺസിലറുടെ  സാന്നിധ്യത്തിലാണ് ടാങ്ക് പൊളിച്ചു നീക്കിയതെന്ന് അഗ്നി രക്ഷാ സേനാംഗങ്ങൾ പറഞ്ഞു. ടാങ്കിന്റെ മൂടി തകർന്നതോടെ അതിൽ മാലിന്യം നിറ‍ഞ്ഞു കിടന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതിയുണ്ടായിരുന്നുവെന്ന് കൗൺസിലർ പ്രിയ പ്രശാന്ത് പറഞ്ഞു. ടാങ്ക് സംരക്ഷിക്കുന്നതിന് പൊതുമരാമത്ത്  വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവർ തയാറായില്ലെന്നും പറഞ്ഞു.

ചരിത്രത്തിന്റെ അടയാളപ്പെടുത്തൽ ഇല്ലായ്മ ചെയ്യുന്നവർക്ക് എതിരെ കർശന നടപടി എടുക്കണമെന്ന് പൈതൃക സ്നേഹികൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com