ADVERTISEMENT

കാക്കനാട്∙ മോട്ടർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനോടു ചേർന്ന സ്ഥലത്തെ പുല്ലിനു തീ പിടിച്ചതിനാൽ ഇന്നലെ ഡ്രൈവിങ് ടെസ്റ്റ് മണിക്കൂറുകളോളം മുടങ്ങി.രാവിലെ 10നാണ് തീ പിടിത്തമുണ്ടായത്. ഡ്രൈവിങ് ടെസ്റ്റ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം. തീയും പുകയും ഉയർന്നതോടെ ടെസ്റ്റ് നിർത്തി വച്ചു.

മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ചു തൃക്കാക്കര ഫയർ സ്റ്റേഷനിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി തീ അണച്ചതിനു ശേഷമാണ് ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിച്ചത്.  ഉപേക്ഷിച്ച നിലയിൽ പുല്ലിനിടയിൽ കിടന്ന 3 വാഹനങ്ങളിലേക്ക് തീ പടരാതെ അഗ്നിരക്ഷാ സേന നിയന്ത്രിച്ചു. 

സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫിസർ ഏബ്രഹാം പുന്നൂസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. തൃക്കാക്കര പൊലീസും സ്ഥലത്തെത്തിയിരുന്നു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്.പി.ബിജുമോൻ, ജിനു ജോൺ എന്നിവർ ഉച്ചയ്ക്കു ശേഷമാണ് ഡ്രൈവിങ് ടെസ്റ്റ് പൂർത്തിയാക്കിയത്.

നൂറോളം പേർ ഡ്രൈവിങ് ടെസ്റ്റിനെത്തി. ടെസ്റ്റ് ഗ്രൗണ്ടിനോടു ചേർന്നു ചരിഞ്ഞ പ്രദേശം കുറ്റിക്കാടും പുല്ലും ഉണങ്ങിയ നിലയിലാണ്. പുകവലിച്ച ശേഷം ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽ നിന്നാകാം തീ പടർന്നതെന്നാണ് സംശയം. ചെറിയ തോതിൽ ഉയർന്ന പുക പെട്ടെന്നു തീനാളമായി കത്തിപ്പടർന്നു. 

കത്തിപ്പടരുന്നു; ഉണങ്ങിയ പുല്ലും മാലിന്യവും

ഒഴിഞ്ഞ പറമ്പുകളിൽ ഉണങ്ങി നിൽക്കുന്ന പുല്ലും കുറ്റിക്കാടും, രാത്രി സമയത്ത് ഇവിടങ്ങളിൽ ആളുകൾ കൊണ്ടുവന്നു തള്ളുന്ന മാലിന്യവും അഗ്നിരക്ഷാ സേനയ്ക്കും നാട്ടുകാർക്കും പണിയുണ്ടാക്കുന്നു. നിത്യേനെ ഒട്ടേറെ ഇടങ്ങളിൽ ഇത്തരം തീ പിടിത്തം നേരിടേണ്ടി വരാറുണ്ടെന്നു അഗ്നിരക്ഷാ സേന പറഞ്ഞു. കഴിഞ്ഞ ദിവസം കാളച്ചാൽ പാടശേഖരത്തു തീ പിടിച്ച മാലിന്യവും പുല്ലും ദിവസങ്ങളോളം പുകഞ്ഞു നിന്നതു പരിസരവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.  കാക്കനാട്ട് വൻ പദ്ധതി പ്രദേശങ്ങൾ മുതൽ സ്വകാര്യ പ്ലോട്ടുകളിൽ വരെ ഉണങ്ങി നിൽക്കുന്ന പുല്ലിനു തീ പിടിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com