ADVERTISEMENT

വൈപ്പിൻ∙ ബൈക്കുകളുടെ മരണപ്പാച്ചിൽ പോക്കറ്റ് റോഡുകളിൽ കാൽനടക്കാർക്കും മറ്റു വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്നു. ലൈസൻസ് ഇല്ലാത്തവരും  ലഹരിമരുന്ന് ഉപയോഗിച്ചവരും  എല്ലാം ഇത്തരത്തിൽ ഇരുചക്ര വാഹനങ്ങളിൽ ചീറിപ്പായുന്നതു  പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.

പെരുമ്പിള്ളി കിഴക്കുള്ള പോക്കറ്റ് റോഡിൽ കഴിഞ്ഞദിവസം മറെല്ലോ സ്കൂളിനു സമീപം ഇത്തരത്തിൽ ഉണ്ടായ അപകടത്തിൽ സഹോദരിമാരായ വിദ്യാർഥിനികൾക്ക് സാരമായി പരുക്കേറ്റു. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഇവരെ പിന്നിൽ നിന്ന് അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പുത്തൽപുരയ്ക്കൽ ജോളിയുടെ മക്കളായ എയ്ഞ്ചൽ(14),കാതറിൻ (12)എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ എയ്ഞ്ചിന്റെ  പരുക്ക് സാരമുള്ളതാണ്.

കൂടിയ എൻജിൻ ശേഷിയുള്ള സൂപ്പർ ബൈക്കാണ് ഇവരെ ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഓടിച്ചിരുന്ന യുവാവിന് ലൈസൻസ് ഇല്ലെന്നാണ് സൂചന. വണ്ടിയാകട്ടെ  മറ്റൊരാളുടേതും.  റോഡിന് വളവുള്ളതും ഇരുഭാഗത്തേക്കും പോക്കറ്റ് റോഡുകൾ ഉള്ളതുമായ ഈ ഭാഗത്ത് ബൈക്കുകളുടെ മരണപ്പാച്ചിൽ  പതിവായിരിക്കുകയാണെന്ന് പരിസരവാസികൾ പറയുന്നു. സമീപത്തു തന്നെ സ്കൂളുകൾ ഉള്ളതിനാൽ റോഡിൽ വിദ്യാർഥികളുടെ തിരക്കുള്ള സ്ഥലമാണിത്. ഇതിനിടയിലൂടെയാണ് ചെറുപ്പക്കാർ അമിതവേഗത്തിൽ ബൈക്കിൽ പായുന്നത്. 

ഇതിനു മുൻപും പലതവണ ഇവിടെ അപകടം ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ പതിവായ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ.പോക്കറ്റ് റോഡുകളിൽ പൊലീസ് പരിശോധന ഉണ്ടാവാറുണ്ടെങ്കിലും ഇത്തരം നിയമലംഘനങ്ങൾക്ക് തടയാൻ ശക്തമായ നടപടിയില്ലെന്ന പരാതി വ്യാപകമാണ്. 

 പൊലീസ് കൈ കാണിച്ചാലും നിർത്താതെ പോകുന്ന ബൈക്കുകളെ പിന്തുടർന്ന് പിടികൂടുക  പ്രായോഗികം അല്ലെങ്കിലും നമ്പർ  കേന്ദ്രീകരിച്ച് വാഹന ഉടമയെ കണ്ടെത്താനും നടപടി സ്വീകരിക്കാനും കഴിയും. എന്നാൽ ഇത്തരം നീക്കങ്ങൾ ഒന്നും ഉണ്ടാകാത്തത് നിയമലംഘകർക്ക് ധൈര്യമാകുന്ന സാഹചര്യമാണ്.  അമിത വേഗത്തിൽ പായുന്ന ബൈക്കുകളെ പരിശോധനയ്ക്ക് വിധേയമാക്കിയാൽ ലഹരി മരുന്ന് വിൽപന അടക്കമുള്ള അനധികൃത  ഇടപാടുകളും പിടികൂടാൻ കഴിയും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പല പോക്കറ്റ് റോഡുകളിലും പ്രായപൂർത്തിയാകാത്ത  കുട്ടികൾ വാഹനങ്ങളുമായി ഇറങ്ങുന്നതും പതിവാണ്. എടവനക്കാട് നെടുങ്ങാട് റോഡിലും മറ്റും ഇത്തരത്തിൽ സ്ഥിരമായി  വാഹനം ഓടിക്കുന്ന കുട്ടി ഡ്രൈവർമാരെ കുറിച്ച് വിവരം അറിയിച്ചിട്ടും പൊലീസിന്റെയും  മോട്ടർ വാഹന അധികൃതരുടെയും ഭാഗത്തു നിന്ന് നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രായപൂർത്തി ആകാത്തവർ വാഹനം ഓടിച്ചു കഴിഞ്ഞാൽ രക്ഷിതാവ് അടക്കമുള്ളവർ പ്രതിയാവുകയും  വൻതുക പിഴ  അടയ്ക്കേണ്ടി വരികയും ചെയ്യുമെങ്കിലും  ഇതേക്കുറിച്ച് പലരും ബോധവാന്മാരല്ലാത്ത സ്ഥിതിയാണ്. 

പോക്കറ്റ് റോഡുകളിൽ വാഹന പരിശോധന കർശനമാക്കുകയും സ്വകാര്യ സ്ഥാപനങ്ങളും  വീടുകളും റോഡിലേക്ക്  സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്താൽ തന്നെ ഇത്തരം നിയമലംഘനങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com