ADVERTISEMENT

ഇൻഡോറിലെ ദേവ്ഗുറാഡിയിലേക്കു മനോരമ സംഘമെത്തുമ്പോൾ അതൊരു പൂന്തോട്ടമാണെന്നാണു തോന്നിയത്. ഇൻഡോറിലെ മാലിന്യ സംസ്കരണ രംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ബേസിക്സ് മുനിസിപ്പൽ വേസ്റ്റ് വെഞ്ച്വേഴ്സ് ടീം ലീഡറായ ദിൽഷാദ് ഖാൻ പറഞ്ഞു– ‘മുൻപ് ഇതൊരു മലയായിരുന്നു; മാലിന്യമല’.

ernakulam-waste-dumping
ഇൻഡോറിലെ ഗാർബേജ് ട്രാൻസ്ഫർ സ്റ്റേഷനുകളിലൊന്ന്.

കുറച്ചു വർഷങ്ങൾക്കു മുൻപ് ഇൻഡോറിലെ ‘ബ്രഹ്മപുര’മായിരുന്നു ദേവ്ഗുറാഡിയ. 100 ഏക്കറോളം വരുന്ന ഭൂമിയിൽ നഗരമാലിന്യം മുഴുവൻ തള്ളിയിരുന്ന ഇടം. ഇതിന്റെ പേരിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചീത്തവിളി പലവട്ടം കേട്ടിട്ടുണ്ട്. അതേ ട്രൈബ്യൂണലിനെ കൊണ്ട് ഇതാണു മാതൃകയെന്നു പറയിപ്പിച്ചതാണ് ഇൻഡോറിന്റെയും ദേവ്ഗുറാഡിയയുടെയും വിജയ കഥ.അഞ്ചു വർഷങ്ങൾക്കു മുൻപ് ഈ 100 ഏക്കറിൽ കുന്നുകൂടി കിടന്നിരുന്നതു 13 ലക്ഷം ടൺ മാലിന്യം.

ernakulam-indore-people-waste-dumping
ഇൻഡോറിൽ വീടുകളിൽ 6 തരത്തിൽ തരംതിരിച്ചു മാലിന്യം ശേഖരിക്കുന്നു.

ബ്രഹ്മപുരത്തെ പോലെ ഇടയ്ക്കിടെ തീപിടിക്കുന്ന സ്ഥലം. 2016–17 കാലത്ത് ആ ചീത്തപ്പേര് അവസാനിപ്പിക്കാൻ ഇൻഡോർ കോർപറേഷൻ തീരുമാനിച്ചു. 2108ലാണു ബയോമൈനിങ് ചെയ്തു കെട്ടിക്കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നടപടി തുടങ്ങിയത്.പുറംകരാർ നൽകിയാൽ ചെലവ് 60–65 കോടി വരുമായിരുന്നു. ഇപ്പോഴത്തെ മധ്യപ്രദേശ് റോഡ് വികസന കോർപറേഷൻ എംഡി അശീഷ് സിങ്ങായിരുന്നു അന്ന് ഇൻഡോർ മുനിസിപ്പൽ കമ്മിഷണർ.  കമ്പനികളെ ആശ്രയിക്കാതെ ഈ ദൗത്യം കോർപറേഷൻ സ്വന്തം നിലയിൽ ചെയ്യാൻ തീരുമാനിച്ചു.

ernakuam-indore-mrdf
ഇൻഡോർ ദേവ്ഗുറാഡിയയിൽ പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിച്ച മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംആർഎഫ്)

വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ നിന്നു പുനരുപയോഗിക്കാൻ കഴിയുന്നവയെല്ലാം നീക്കം ചെയ്തു. വീണ്ടും ഉപയോഗിക്കാൻ കഴിയുന്നവ റീസൈക്ലിങ് യൂണിറ്റുകളിലേക്ക് അയച്ചു. പുനരുപയോഗ സാധ്യമല്ലാത്തവ സിമന്റ് കമ്പനികളിൽ കത്തിക്കാനും റോഡ് നിർമാണത്തിൽ അസംസ്കൃത വസ്തുക്കളുമായി ഉപയോഗിച്ചു.ആറു മാസം കൊണ്ടു ദേവ്ഗുറാഡിയ ക്ലീൻ. ചെലവ് 10 കോടി രൂപയിൽ താഴെ. വീണ്ടെടുത്ത ഭൂമിക്കു 400 കോടി രൂപയാണ് ഇപ്പോഴത്തെ മാർക്കറ്റ് വില. ഈ സ്ഥലത്തു ഗോൾഫ് കോഴ്സും നഗരവനവുമാക്കി വികസിപ്പിക്കാനുള്ള പദ്ധതിക്കും 6 മാസങ്ങൾക്കു മുൻപ് ഇൻഡോർ തുടക്കമിട്ടു.

ernakulam-brahmapuram-plant
ബ്രഹ്മപുരം പ്ലാന്റ് തീപിടിത്തത്തിനു ശേഷം.

വിവിധ കമ്പനികളുടെ ധനസഹായത്തോടെ ഔഷധ സസ്യങ്ങൾ വെച്ചുപിടിപ്പിക്കുക, നടപ്പാതകൾ വികസിപ്പിക്കുക തുടങ്ങിയ പദ്ധതികൾ ഇവിടെ നടപ്പാക്കി വരുന്നു.ദേവ്ഗുറാഡിയയിലെ പൂന്തോട്ടത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂവുകൾക്കു നടുവിലായി ആകാശത്തിലേക്കു കയ്യുയർത്തി ഒരു മാലാഖ നിൽക്കുന്നുണ്ട്. അവിടെ കുന്നുകൂട്ടിയ മാലിന്യത്തിൽ നിന്നു വേർതിരിച്ചെടുത്ത ലോഹം കൊണ്ടു നിർമിച്ചതാണ് ആ പ്രതിമ. ദേവ്ഗുറാഡിയയുടെ മാത്രമല്ല, ഇൻഡോറിന്റെ കൂടി പുനർജനനത്തിന്റെ പ്രതീകമാണ് ആ മാലാഖ.

ഇൻഡോർ മാതൃക

പലരും പലവട്ടം പറഞ്ഞിട്ടുണ്ട്, മാലിന്യ സംസ്കരണത്തിന്റെ ഇൻഡോർ മാതൃകയെക്കുറിച്ച്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും സന്നദ്ധ സംഘടനകളും സ്വകാര്യ കമ്പനികളുമെല്ലാം ഈ ദൗത്യത്തിനായി ഒരുമിച്ചു നിന്നതും അതു ഫലം കണ്ടതുമാണ് ഇൻഡോറിനെ ശുചിത്വത്തിന്റെ കാര്യത്തിൽ രാജ്യത്തെ മറ്റു നഗരങ്ങളെക്കാൾ ബഹുദൂരം മുന്നിലെത്തിക്കുന്നത്.

തരംതിരിക്കുന്നു, ആറായി

കൊച്ചിയിൽ ജൈവം, അജൈവം എന്നിങ്ങനെ രണ്ടായി തരംതിരിച്ചു പോലും വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കാനാകുന്നില്ല. എന്നാൽ, ഇൻഡോറിൽ വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്നത് ആറായി തരംതിരിച്ച്. . അടുക്കള മാലിന്യം,മറ്റു ഖരമാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യം,.സാനിറ്ററി മാലിന്യം,ഹാനികരമായ മാലിന്യം,. ഇ– മാലിന്യം.മാലിന്യം ശേഖരിക്കാൻ വരുന്ന വാഹനത്തിനും  ഭാഗങ്ങളുണ്ട്. വാഹനത്തിന്റെ വരവ് അറിയിക്കാൻ പ്രത്യേക ഗാനം.വീടുകളിൽ നിന്ന് ആളുകളെത്തി വാഹനത്തിലേക്കു മാലിന്യമിടും. വീടിനു പുറത്തു ബിൻ എടുത്തു വച്ചാൽ തൊഴിലാളികൾ വന്നെടുക്കും.വീടുകളുടെ വലിപ്പത്തിന് അനുസരിച്ചു ഖരമാലിന്യ ശേഖരണത്തിനായി 90 രൂപ മുതൽ 200 രൂപ വരെ യൂസർ ഫീ.

എംആർഎഫ്

ദേവ്ഗുറാഡിയയിൽ 4.5 ഏക്കർ സ്ഥലത്ത് ഇൻഡോർ കോർപറേഷനും നേപ്ര വേസ്റ്റ് മാനേജ്മെന്റ് കമ്പനിയും ചേർന്നു പിപിപി മാതൃകയിൽ 55 കോടി രൂപ ചെലവിൽ നടപ്പാക്കിയ എംആർ‌എഫിൽ പ്രതിദിനം 300 ടൺ മാലിന്യം സംസ്കരിക്കാം. ഖരമാലിന്യത്തിൽ നിന്നു പ്ലാസ്റ്റിക്, കടലാസ്, ലോഹം, റബർ തുടങ്ങി പുനരുപയോഗിക്കാൻ കഴിയുന്ന 12 ഇനങ്ങൾ വേർതിരിച്ചെടുക്കും. ബാക്കി വരുന്നവ റെഫ്യൂസ് ഡിറൈവ്്ഡ് ഫ്യുവലായി (ആർഡിഎഫ്) സിമന്റ് കമ്പനികൾക്കും വൈദ്യുതി പ്ലാന്റുകൾക്കും ചൂളയിൽ കത്തിക്കാനായി നൽകും.

മാലിന്യം പിന്നീട് ജിടിഎസിലേക്ക്

വീടുകളിൽ നിന്നു ശേഖരിച്ച മാലിന്യവുമായി പിന്നീടു ഗാർബേജ് ട്രാൻസ്ഫർ സ്റ്റേഷനുകളിലേക്ക് (ജിടിഎസ്). തരംതിരിച്ച മാലിന്യങ്ങൾ അതതു സംസ്കരണ ശാലകളിലേക്ക് അയയ്ക്കുന്നത് ഇവിടെ നിന്നാണ്.വാഹനങ്ങളുടെ തൂക്കം ആദ്യം വെയ്ബ്രിജിൽ പരിശോധിക്കുന്നു.വാഹനത്തിൽ നിന്നു പ്ലാസ്റ്റിക് മാലിന്യം, സാനിറ്ററി നാപ്കിൻ, ഇ വേസ്റ്റ്, ഹാനികരമായ വസ്തുക്കൾ എന്നിവ അതതു സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നു.നനവില്ലാത്ത ഖരമാലിന്യം അതിന്റെ സ്ഥലത്ത് നിക്ഷേപിക്കുംവെയ്ബ്രിജിൽ വീണ്ടും തൂക്കമെടുക്കുന്നു. ഖരമാലിന്യത്തിന്റെ അളവു മനസ്സിലാകും.ജൈവമാലിന്യം അതിന്റെ സ്ഥലത്തു നിക്ഷേപിക്കുംഒഴിഞ്ഞ വാഹനത്തിന്റെ തൂക്കം വെയ്ബ്രിജിൽ എടുക്കും. ജൈവ മാലിന്യത്തിന്റെ അളവും വ്യക്തമാകും. ഖരമാലിന്യം മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംആർഎഫ്) കേന്ദ്രത്തിൽ എത്തിക്കും.

ഇൻഡോറാകുമോ നമ്മൾ?

ഇൻഡോർ

ജനസംഖ്യ 30 ലക്ഷം പ്രതിദിനമുണ്ടാകുന്ന മാലിന്യം– 1900 ടൺ‌ ജൈവ മാലിന്യം– 700 ടൺ, അജൈവ മാലിന്യം– 1200 ടൺ മാലിന്യ ശേഖരണ വാഹനങ്ങൾ– 600 മാലിന്യ ശേഖരണ രംഗത്തു പ്രവർത്തിക്കുന്നത് 8,500 സഫായിമിത്രങ്ങൾ പ്രതിവർഷ വരുമാനം: 14.45 കോടി രൂപ

കൊച്ചി

ജനസംഖ്യ: 7–8 ലക്ഷം. ബ്രഹ്മപുരത്തേക്കു പ്രതിദിനമെത്തിക്കുന്ന മാലിന്യം– 300 ടൺ (ജൈവ മാലിന്യം– 200 ടൺ, അജൈവ മാലിന്യം– 100 ടൺ)മാലിന്യ ശേഖരണ വാഹനങ്ങളുടെ കൃത്യം കണക്കില്ല.mമാലിന്യ ശേഖരണ രംഗത്തു പ്രവർത്തിക്കുന്നവരുടെ കൃത്യം കണക്കില്ല.പ്രതിവർഷം ചെലവ്: 10– 15 കോടി രൂപ

ബ്രഹ്മപുരത്ത് ഇനി

കത്തിയമർന്ന മാലിന്യക്കൂമ്പാരത്തിനു മുകളിൽ കറുപ്പും വെള്ളയും കലർന്ന വിരിപ്പിട്ട പോലെ ബ്രഹ്മപുരത്തു ചാരം മൂടിക്കിടക്കുന്നു. രാത്രിയിൽ പെയ്യുന്ന മഴയിൽ ഒലിച്ചിറങ്ങുന്ന ചാരച്ചാലുകൾ കടമ്പ്രയാറിൽ മുങ്ങി അപ്രത്യക്ഷമാകുന്നു. അപകടകാരിയായ ഒരു കൊടുങ്കാറ്റു വീശി പോയതിന്റെ ശാന്തതയുണ്ട് ഇപ്പോൾ ബ്രഹ്മപുരത്ത്.ദിവസങ്ങളോളം നിന്നു കത്തിയ തീയിൽ എരിഞ്ഞ പ്ലാസ്റ്റിക്കിന്റെ രൂക്ഷഗന്ധമായിരുന്നു കുറച്ചു ദിവസം മുൻപു വരെ ഇവിടെ. മഴ പെയ്തതോടെ മണത്തിനു മാറ്റമുണ്ടായി. കാറ്റടിക്കുമ്പോൾ മുൻപു പതിവുണ്ടായിരുന്ന ദുർഗന്ധം ഇപ്പോൾ വീണ്ടും അറിഞ്ഞു തുടങ്ങി. കൊച്ചിക്കാർ പുറത്തേക്കു തള്ളിയ മാലിന്യവുമായി കുന്നുകൾ കയറി ഇപ്പോഴും ലോറികൾ ബ്രഹ്മപുരത്തേക്കു വരുന്നുണ്ട്. 

തീയിലും പുകയിലും മുങ്ങിയ ബ്രഹ്മപുരത്തെ അന്തരീക്ഷം ശ്വാസമെടുക്കാൻ തുടങ്ങുന്നതേയുള്ളൂ. തീയും പുകയും ഒഴിപ്പിക്കാൻ മാലിന്യക്കൂനകളിലേക്ക് ഊഴമിട്ടു കയറിയ ഹിറ്റാച്ചി കൈകൾ വിശ്രമത്തിലാണ്. എപ്പോൾ വേണമെങ്കിലും ഇനിയുമൊരു തീപ്പൊരി ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മലകളെ പൊള്ളിക്കാമെന്നതിനാൽ അഗ്നിരക്ഷാ സേന സദാ ജാഗരൂകരായി ബ്രഹ്മപുരത്തു തുടരുന്നു.രണ്ടാഴ്ചയോളം വിഷപ്പുകയിൽ ശ്വാസം മുട്ടിയ നഗരവാസികൾ ബ്രഹ്മപുരത്തെയും അവിടുത്തെ മാലിന്യത്തെയും അതിലൂടെ ഒഴുകിയ അഴിമതി പുഴയെയും മറന്നു തുടങ്ങി. ബ്രഹ്മപുരത്ത് ഇനിയെന്ത് എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരം സർക്കാരോ കോർപറേഷനോ നൽകിയിട്ടില്ല. കെട്ടിക്കിടക്കുന്ന മാലിന്യം മുഴുവൻ നീക്കി ബ്രഹ്മപുരത്തെ ഭൂമി വീണ്ടെടുത്തു നാടിനു പ്രയോജനകരമായി രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്.

പക്ഷേ, പ്ലാസ്റ്റിക് കത്തിയ മലയിൽ വിഷപദാർഥങ്ങൾ ചിതറിക്കിടക്കുമ്പോൾ ബയോമൈനിങ്ങിന് ഇനിയും കടമ്പകൾ ബാക്കി. ബ്രഹ്മപുരത്തു കത്തിയ തീയിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണത്തിലാണ്. കോർപറേഷനാകട്ടെ ഉറവിട മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ഊർജം കിട്ടാനുള്ള ഓട്ടത്തിലും. എങ്കിലും ഈ തീയോടെയെങ്കിലും ബ്രഹ്മപുരത്ത് ഒരു മാറ്റമുണ്ടാകുമെന്ന്, അല്ലെങ്കിൽ ഉണ്ടാകണമെന്നു പാവം പൊതുജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com