100 കോടി രൂപ പിഴയിട്ടതിനു കൊച്ചി കോർപറേഷനു വെള്ളത്തിലും ‘പണി’ വരുന്നു

SHARE

കൊച്ചി ∙ ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നു ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴയിട്ടതിനു പിന്നാലെ കൊച്ചി കോർപറേഷനു വെള്ളത്തിലും ‘പണി’ വരുന്നു. 1974ലെ ജല മലിനീകരണ നിയന്ത്രണ നിയമ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാത്തതിനു പിഴ ഈടാക്കാതിരിക്കാനുള്ള കാരണം കാണിക്കാൻ ആവശ്യപ്പെട്ടു മലിനീകരണ നിയന്ത്രണ ബോർഡ് കോർപറേഷനു നോട്ടിസ് നൽകി.

കോർപറേഷനിൽ പ്രതിദിനം 70 ദശലക്ഷം മലിനജലമാണുണ്ടാകുന്നത്. എന്നാൽ ദ്രവ മാലിന്യ സംസ്കരണത്തിനുള്ള മതിയായ സംവിധാനമൊരുക്കാതെ ജലാശയങ്ങളിലേക്കു തുറന്നു വിടുന്നതിനാൽ അവ മലിനമാകുമെന്നുവെന്നു ചൂണ്ടിക്കാണിച്ചാണു ബോർഡിന്റെ നോട്ടിസ്. ഒരു ദശലക്ഷം ലീറ്റർ ശേഷിയുള്ള സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ മൂലധനച്ചെലവ് 1.75 കോടി രൂപയും അതിനുള്ള ശൃംഖലാ സംവിധാനത്തിന്റെ നിർമാണ ചെലവ് 5.55 കോടി രൂപയുമാണെന്നു കണക്കാക്കിയാണ് ഇത്തരം സാഹചര്യങ്ങളിൽ പരിസ്ഥിതി ആഘാത നഷ്ടപരിഹാര തുക നിർണയിക്കുകയെന്നും ബോർഡ് കോർപറേഷനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

മലിനീകരണത്തിന് ഇടയാക്കുന്ന വസ്തുക്കൾ ജലാശയങ്ങളിലേക്കു തുറന്നു വിടുന്നതു നിരോധിച്ചിട്ടുണ്ട്. കൊച്ചിയിലെ ജലാശയങ്ങളിലെ വെള്ളത്തിനു പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരമുള്ള നിലവാരമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ജലാശയങ്ങളിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. ശരിയായ രീതിയിൽ സംസ്കരിക്കാതെ ശുചിമുറി മാലിന്യം ജലാശയങ്ങളിലേക്കു തുറന്നു വിടുന്നതാണ് ഇതിനുള്ള കാരണം. തേവര– പേരണ്ടൂർ (ടിപി) കനാൽ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. കോർപറേഷനിൽ 167 അപ്പാർട്മെന്റുകൾ / റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ‌ സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ പ്രവർത്തിക്കുന്നില്ലെന്നും ഇവിടെ നിന്നുള്ള ശുചിമുറി മാലിന്യം ടിപി കനാലിലേക്കു തുറന്നു വിടുന്നുണ്ടെന്നും ബോർഡ് ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഈ അപ്പാർട്മെന്റുകൾ്കും റസ്റ്ററന്റുകൾക്കും ബോർഡ് നോട്ടിസ് നൽകിയിട്ടുണ്ട്.

ഫൈറ്റോറിഡ് വിദ്യ പരിഗണനയിൽ

നാഷനൽ എൻവയൺമെന്റൽ എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (നീരി) വികസിപ്പിച്ച ഫൈറ്റോറിഡ് മലിനജല സംസ്കരണ സംവിധാനം ടിപി കനാലിലെ മലിനീകരണം നിയന്ത്രിക്കാൻ താൽക്കാലികമായി പ്രയോജനപ്പെടുത്തുന്നതു പരിഗണിക്കുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശ പ്രകാരമാണു നടപടി. ജലമലിനീകരണം നിയന്ത്രിക്കാൻ ശാസ്ത്രീയവും സാങ്കേതികവുമായ സഹായങ്ങൾ നൽകാമെന്നു നീരി മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടുണ്ട്. മലിന ജലം പ്രത്യേക അറകളിലൂടെ കടത്തിവിട്ടു പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചു സംസ്കരിച്ചെടുക്കുകയും മലിന വസ്തുക്കൾ ഒഴിവാക്കുന്നതുമാണ് ഫൈറ്റോറിഡ് സാങ്കേതികവിദ്യയിൽ ചെയ്യുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA