ADVERTISEMENT

 

പുത്തൻവേലിക്കര ∙ പഞ്ചായത്തിൽ ശുദ്ധജലക്ഷാമം രൂക്ഷമായി തുടരുന്നു. ജലവിതരണം അവതാളത്തിലായി ഒരു മാസമായിട്ടും പരിഹാരമായില്ല. ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നുണ്ടെന്ന ന്യായം പറഞ്ഞ് ഒഴിയുകയാണ് അധികൃതർ. നിർജീവമായ പഞ്ചായത്ത്, ജല അതോറിറ്റി അധികൃതർക്കെതിരെ പ്രതിഷേധം ശക്തം. ജനകീയസമരം തുടങ്ങാനുള്ള ആലോചനകൾ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നു. ഒരു ദിവസം പഞ്ചായത്തിന് മുന്നിൽ സമരം നടത്തി എന്നല്ലാതെ പ്രതിപക്ഷമായ കോൺഗ്രസും കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ട്.

ഓവർഹെഡ് ടാങ്ക് നിർമിക്കുകയും പൈപ്പ് കണക്‌ഷനുകൾ നൽകുകയും ചെയ്തതനുസരിച്ച് ഇളന്തിക്രയിലെ ജല ശുദ്ധീകരണ ശാല, പമ്പ് ഹൗസ് എന്നിവ വികസിപ്പിക്കാത്തതാണു പ്രശ്നം. ആവശ്യത്തിന് വെള്ളം ശുദ്ധീകരിച്ചു വിതരണം ചെയ്യാൻ കഴിയാതെ പൈപ്പ് കണക്‌ഷനുകൾ നൽകിയിട്ട് കാര്യമില്ല. കൃത്യമായ പഠനം നടത്താതെ പദ്ധതികൾ നടപ്പാക്കിയതാണു തിരിച്ചടിയായത്. പമ്പിങ് നടന്നാലും പല സ്ഥലങ്ങളിലും എല്ലാ ദിവസവും വെള്ളം കിട്ടുന്നില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം വെള്ളം എത്തുന്ന സ്ഥലങ്ങളുണ്ട്.

പഞ്ചായത്തിലെ 17 വാർഡുകളിലേക്കു മാത്രമായി ശുദ്ധജലവിതരണ പദ്ധതിയുണ്ടായിട്ടും വെള്ളം ലഭ്യമാക്കാൻ കഴിയാത്തതാണു ദയനീയം. തുരുത്തിപ്പുറം, വെള്ളോട്ടുപുറം പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാൻ മാനാഞ്ചേരിക്കുന്നിൽ സ്ഥാപിച്ച ഓവർഹെഡ് ടാങ്കിലേക്കു പോലും കൃത്യമായി വെള്ളം എത്തുന്നില്ല.

ഇളന്തിക്കര ജലശുദ്ധീകരണ ശാലയുടെയും പമ്പ് ഹൗസിന്റെയും വികസനമാണ് ആദ്യം നടപ്പാക്കേണ്ടത്. ജില്ലാ പഞ്ചായത്ത് ഫണ്ട് 30 ലക്ഷം രൂപ ഉപയോഗിച്ചു ഇളന്തിക്കര ജല ശുദ്ധീകരണശാലയിൽ ഒരു ഫിൽറ്റർ കൂടി സ്ഥാപിച്ചു പ്രവർത്തനം തുടങ്ങിയെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com