ഇടക്കൊച്ചി∙ കണ്ണങ്ങാട്ട് പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി നഗരസഭാ ആവിഷ്കരിച്ച പദ്ധതി വിവാദമാകുന്നു. പള്ളുരുത്തിയിൽ നിന്ന് പി.ഗംഗാധരൻ റോഡ് വഴി കണ്ണങ്ങാട്ട് പ്രദേശത്തേക്ക് പൈപ്പിട്ട് ശുദ്ധജല പ്രശ്നം പരിഹരിക്കാനാണ് പദ്ധതിയിട്ടത്. ഇതിനായി 2020-21 ൽ നഗരസഭാ അനുവദിച്ച 1.83 കോടി രൂപ ജല അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. എന്നാൽ, പി.ഗംഗാധരൻ റോഡ് പുനർനിർമിച്ച ശേഷമാണു പൈപ്പിടുന്നതിനായി ജല അതോറിറ്റി എത്തിയത്.
ഇതോടെ, റോഡിൽ കുഴിയെടുക്കുന്നതിനു അനുമതി ലഭിക്കാത്ത സ്ഥിതിയായതോടെ പദ്ധതിയുടെ വഴി മാറ്റാൻ അധികൃതർ തീരുമാനിച്ചു. ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് സമീപം സ്റ്റേറ്റ് ഹൈവേയിൽ നിന്ന് കണ്ണങ്ങാട്ടേക്ക് പൈപ്പിടാനാണു ഇപ്പോൾ തീരുമാനമായത്. എന്നാൽ, ഈ രീതിയിൽ പൈപ്പിട്ടാൽ കണ്ണങ്ങാട്ട് പ്രദേശത്തേക്ക് വെള്ളം കിട്ടില്ലെന്ന് പരാതി ഉയരുകയാണ്.
പള്ളുരുത്തിയിൽ നിന്ന് നേരിട്ട് പൈപ്പിട്ടെങ്കിൽ മാത്രമേ മതിയായ ജലം ഇടക്കൊച്ചിയിലേക്ക് എത്തിക്കാനാകുവെന്നും പദ്ധതി അട്ടിമറിക്കാനുളള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് മുൻ കൗൺസിലർ കെ.ജെ. ബെയ്‌സിൽ ജലവിഭവ വകുപ്പ് മന്ത്രിക്ക് പരാതി നൽകി.
അതേസമയം, മേയറുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് പഷ്ണിത്തോട് പാലത്തിന് സമീപത്ത് നിന്ന് പൈപ്പിടാൻ തീരുമാനിച്ചതെന്ന് കൗൺസിലർ ജീജ ടെൻസൺ പറഞ്ഞു. നിലവിലുളള 200 എംഎം പൈപ്പ് മാറ്റി, പകരം 315 എംഎം പൈപ്പാണ് ഇടുന്നതെന്നും കൂടുതൽ വെള്ളം പ്രദേശത്ത് എത്തിക്കാൻ സാധിക്കുമെന്നും കൗൺസിലർ പറഞ്ഞു.