ADVERTISEMENT

പറവൂർ ∙ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കോട്ടപ്പുറം – മൂത്തകുന്നം പാലം നിർമാണം തുടങ്ങി. കോട്ടപ്പുറത്തു നിന്നു വലിയപണിക്കൻ തുരുത്തിലേക്കും വലിയപണിക്കൻ തുരുത്തിൽ നിന്നു മൂത്തകുന്നത്തേക്കും 2 പാലങ്ങൾ വരുംരണ്ടിടത്തും പാലത്തിന് 16 മീറ്റർ വീതിയും അപ്രോച്ച് റോഡിന് 25 മീറ്റർ നീളവുമുണ്ടാകും.

eklm-pillar-image
ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി തെക്കേനാലുവഴിയിൽ തൂണുകൾ ഉയർന്നപ്പോൾ.

ഓരോ പാലത്തിലും 3 ലൈൻ ട്രാഫിക് ഉണ്ടാകും. കോട്ടപ്പുറം – വലിയപണിക്കൻതുരുത്ത് പാലത്തിന് ആർച്ച് സ്പാനും വലിയപണിക്കൻതുരുത്ത് – മൂത്തകുന്നം പാലത്തിന് സ്ക്വയർ ടൈപ്പ് സ്പാനുമാണ് പണിയുക. കൊടുങ്ങല്ലൂരിൽ നിന്നു മൂത്തകുന്നത്തേക്കു വരുമ്പോൾ വലതു ഭാഗത്താണു പാലം വരിക. സോളർ പാനലുകൾ സ്ഥാപിക്കാനുള്ള തൂണുകളും പാലങ്ങളിൽ നിർമിക്കും.

പാലത്തിന്റെ തൂണുകൾ നിർമിക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. കരയിൽവച്ചു നിർമിച്ച ശേഷം വെള്ളത്തിൽ ഉറപ്പിക്കും. ക്രെയിനും മറ്റു സാമഗ്രികളും പുഴയിലൂടെ കൊണ്ടുപോകാൻ ഇരുമ്പു പൈപ്പുകൾ ഘടിപ്പിച്ച ബാർജുകൾ സജ്ജമാക്കി. മൂത്തകുന്നത്തു നിന്നു കോട്ടപ്പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്കായി നിലവിലെ ദേശീയപാതയിൽ ഉള്ള പാലങ്ങൾ ഉപയോഗപ്രദമാക്കാൻ കഴിയുമോയെന്നു പരിശോധിക്കുന്നുണ്ട്. കഴിഞ്ഞില്ലെങ്കിൽ പുതുതായി പണിയുന്ന 2 പാലങ്ങൾക്കു സമാന്തരമായി 2 പാലങ്ങൾ കൂടി നിർമിക്കും.

കരിങ്കൽ ക്ഷാമത്തിന് പരിഹാരമായില്ല

പറവൂർ ∙ ദേശീയപാത 66 നിർമാണം പ്രതിസന്ധിയിലാക്കുന്ന കരിങ്കൽ ക്ഷാമത്തിന് പരിഹാരമായില്ല. കരിങ്കല്ല് എടുക്കാൻ ക്വാറി ലഭിക്കാത്തതു നിർമാണ പ്രവർത്തനങ്ങളെ ബാധിക്കും. കരാറെടുത്ത ഓറിയന്റൽ സ്ട്രക്ചറൽ കമ്പനി ചാലക്കുടിയിലെ ക്വാറിക്ക് അപേക്ഷ നൽകിയെങ്കിലും ലഭ്യമായിട്ടില്ല.

വലിയ പദ്ധതിയായതിനാൽ ക്വാറിയിൽ നിന്നേ കരിങ്കല്ല് എടുക്കാനാകൂ. ഇടപ്പള്ളി മുതൽ കോട്ടപ്പുറം വരെയുള്ള ഭാഗത്ത് 10 സൈറ്റുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വള്ളുവള്ളി, തെക്കേനാലുവഴി തുടങ്ങിയ സ്ഥലങ്ങളിൽ മേൽപ്പാലങ്ങളുടെ തൂണുകൾ ഉയർന്നിട്ടുണ്ട്. തൊഴിലാളി യൂണിയനുകളുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് മുടങ്ങിക്കിടന്ന ഇടപ്പള്ളി റെയിൽവേ മേൽപാലം നിർമാണം പുനരാരംഭിച്ചു. ഇടപ്പള്ളി – കോട്ടപ്പുറം റീച്ചിൽ 2022 ഒക്ടോബർ 25ന് നിർമാണം ആരംഭിച്ചു. 910 ദിവസത്തെ കരാർ കാലാവധി പ്രകാരം 2025ൽ പൂർത്തിയാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com