ഏഴാറ്റുമുഖം ∙ തുമ്പിക്കൈ മുറിഞ്ഞുപോയ കുട്ടിയാന ഏഴാറ്റുമുഖം, തുമ്പൂർമുഴി ഭാഗങ്ങളിൽ സ്ഥിരം സാന്നിധ്യം. പ്ലാന്റേഷന്റെ റോഡുകളിലൂടെ പോകുന്ന വിനോദസഞ്ചാരികളും തൊഴിലാളികളും ഈ ആനയെ കാണാറുണ്ട്. കുട്ടിയാന വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വാഴച്ചാൽ ഡിഎഫ്ഒ ആർ.ലക്ഷ്മി പറഞ്ഞു. ജനുവരിയിലാണ് പ്ലാന്റേഷൻ കോർപറേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് 17,18 ബ്ലോക്കുകൾക്ക് ഇടയിൽ എണ്ണപ്പന തോട്ടത്തിൽ ഈ കുട്ടിയാനയെ അമ്മയോടൊപ്പം കണ്ടത്. കുട്ടിയാനയെ കണ്ടെത്താനുള്ള വനപാലകരുടെ ശ്രമം അന്നു ഫലം കണ്ടില്ല.
കുട്ടിയാന അവശനിലയിലായിരുന്നു. പരുക്കേറ്റ കുട്ടിയാന എത്രനാൾ ജീവിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. കുട്ടിയാന ഇപ്പോൾ അമ്മയുടെ പാലും വെള്ളവും കുടിക്കുന്നുണ്ട്. നടക്കുന്നതിനും പ്രയാസങ്ങളില്ല. കാട്ടാനക്കൂട്ടത്തിനൊപ്പം പുഴ കടന്ന് ഇരുഭാഗത്തേക്കും പോകുന്നുണ്ട്. എപ്പോഴും അമ്മയുടെ സംരക്ഷണയിലാണു കുട്ടിയാന ഉള്ളത്. കാട്ടാനകളുടെ കൂട്ടത്തിനൊപ്പം ആയതിനാൽ കുട്ടിയാനയുടെ അടുത്തുപോകുന്നതു പ്രായോഗികമല്ല. എങ്ങനെയാണു കുട്ടിയാനയ്ക്ക് പരുക്കേറ്റതെന്നു വ്യക്തമായിട്ടില്ല. അവശനിലയിൽ കണ്ടപ്പോൾ കുട്ടിയാനയെ പിടികൂടി ചികിത്സിക്കുന്നതിനു വനംവകുപ്പ് ശ്രമിച്ചിരുന്നു.
കുട്ടിയാന ഉണ്ടെന്നു സംശയം തോന്നിയ ഭാഗത്ത് തിരച്ചിൽ നടത്തിയപ്പോൾ മറ്റൊരു കാട്ടാനക്കൂട്ടം വനപാലകരെ ഓടിച്ചിരുന്നു. കുട്ടിയാനകൾ ഉൾപ്പെട്ട കാട്ടാനക്കൂട്ടത്തിന് മനുഷ്യരോടുള്ള ആക്രമണപ്രവണത കൂടുതലാണ്. കഴിഞ്ഞ ദിവസം പരിശോധന നടത്തിയ സംഘത്തെ കാട്ടാനക്കൂട്ടം ഓടിച്ചു. പ്ലാന്റേഷൻ കോർപറേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് പതിനേഴാം ബ്ലോക്കിൽ കുട്ടിയാനയെ കണ്ട ഭാഗത്തിനു കുറച്ചു മാറി കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു കുട്ടിയാനയെ ചരിഞ്ഞിരുന്നു. കാട്ടിൽ നിന്നു കാട്ടാനക്കൂട്ടം പുഴയിലേക്ക് വെള്ളം കുടിക്കാൻ പോകുന്നതിനിടെ കുട്ടിയാനയ്ക്ക് കുഴിയിൽ വീണു പരുക്കേറ്റാണു ചരിഞ്ഞത്. മണിക്കൂറുകളോളം ഭീതി വിതച്ച ശേഷമാണ് അന്ന് കാട്ടാനക്കൂട്ടം കാടുകയറിയത്.