കൊച്ചി∙ ചിത്രകലയും മ്യൂസിയോളജിയും ഇടകലർന്ന ആവിഷ്‌കാരങ്ങളുമായി കൊച്ചി ബിനാലെയിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണു മലയാളി ആർട്ടിസ്റ്റ് സജു കുഞ്ഞൻ. രണ്ടു മേഖലയിലും പഠനം നടത്തി കൈവരിച്ച ആധികാരികത സൃഷ്ടികളുടെ തികവിനു കാരണമാകുന്നു. സജുവിന്റെ ആറ് ആവിഷ്‌കാരങ്ങൾ ഫോർട്ട്കൊച്ചി പെപ്പർ ഹൗസിലെ ബിനാലെ വേദിയിൽ കാണാം. മുംബൈയിൽ താമസമാക്കിയ സജുവിന്റെ ജന്മനാടായ പാലക്കാട് വെള്ളിനേഴി തിരുവാഴിയോടാണു സൃഷ്ടികളുടെ ഭൂമിക.
ചിത്രകലാ ക്യാംപ്
പി.എഫ്.മാത്യൂസിന്റെയും കെ.ആർ.മീരയുടെയും ചെറുകഥകളെ ആസ്‌പദമാക്കി ബിനാലെയിൽ നാളെയും മറ്റന്നാളുമായി 'അക്ഷരാർഥം' ചിത്രകലാ ക്യാംപ് നടത്തും. ഫോർട്ട്കൊച്ചി കബ്രാൾ യാർഡ് ആർട് റൂമിൽ 25നു രാവിലെ 10.30നു ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്യും. നാളെ പി.എഫ്.മാത്യൂസിന്റെ ചെറുകഥകൾ പ്രമേയമാക്കി ചിത്രകാരന്മാർ പെയിന്റിങ്ങുകൾ ഒരുക്കും. വൈകിട്ട് 3.30നു പി.എഫ്.മാത്യൂസുമായി സംവാദം. 26നു രാവിലെ മുതൽ കെ.ആർ.മീരയുടെ കഥകൾ വിഷയമായി പെയിന്റിങ്. തുടർന്നു 3.30നു സംവാദം.
വെറ്റ് പാലറ്റ് ഗ്രൂപ്പിന്റെ വാർഷികത്തോട് അനുബന്ധിച്ചാണു ക്യാംപ്. സുനിൽ ലിനസ് ഡെ ആണു ക്യാംപ് ഡയറക്‌ടർ. കബ്രാൾ യാർഡ് ആർട്റൂമിൽ ഇന്നുമുതൽ 26 വരെ വിഷ്ണു തൊഴൂർ കൊല്ലേരി നയിക്കുന്ന ടെറാക്കോട്ട, മ്യൂറൽ ശിൽപശാല നടക്കും. നാളെയും മറ്റന്നാളും നടക്കുന്ന പോർട്രെയ്റ്റ് മേക്കിങ് ശിൽപശാല 'ഇൻ മി ഐ റിയലൈസ്' അർവാനി ആർട് പ്രോജക്റ്റ് ടീമാണ് ഒരുക്കുന്നത്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തമുറപ്പാക്കുന്നതാണു ശിൽപശാല.