‘അനാവശ്യ പൊതുടാപ്പുകൾ നിർത്തലാക്കണം’; വൻതോതിൽ വെള്ളമൂറ്റൽ നടക്കുന്നതായി പരാതി

HIGHLIGHTS
  • ടാപ്പുകളിൽ നിന്ന് വൻതോതിൽ വെള്ളമൂറ്റൽ
eklm-well-image
എടവനക്കാട് പഞ്ചായത്തിൽ അടുത്തിടെ പുനരുദ്ധരിച്ച പൊതുകിണറുകളിൽ ഒന്ന്.
SHARE

വൈപ്പിൻ∙ ശുദ്ധജല ദുരുപയോഗം വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ വൈപ്പിനിൽ വെറുതേ കിടക്കുന്ന പൊതുടാപ്പുകൾ നിർത്തലാക്കണമെന്ന് ആവശ്യമുയരുന്നു. ശുദ്ധജലത്തിനു സമീപവാസികളായ വീട്ടുകാർ ആശ്രയിക്കാത്ത ഇത്തരം ടാപ്പുകളിൽ നിന്നു മറ്റ് ആവശ്യങ്ങൾക്കായി വൻതോതിൽ വെള്ളമൂറ്റൽ നടക്കുന്നതായാണ് പരാതി.

‌ഇത്തരം ദുരുപയോഗത്തിനും പൈപ്പ് പൊട്ടി പാഴാകുന്ന വെള്ളത്തിനും വാട്ടർ അതോറിറ്റിക്ക് പണം നൽകേണ്ടി വരുന്നത് പഞ്ചായത്തുകൾക്ക് അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. ഇതിനു പുറമേ കിട്ടാത്ത വെള്ളത്തിനും പൊതുടാപ്പുകളുടെ എണ്ണത്തിന് അനുസരിച്ച് ലക്ഷക്കണക്കിന് രൂപയാണ് വൈപ്പിനിലെ പഞ്ചായത്തുകൾ വാട്ടർ അതോറിറ്റിയിൽ അടച്ചു കൊണ്ടിരിക്കുന്നതെന്ന്  ഞാറയ്ക്കൽ  പഞ്ചായത്തിലെ അംഗങ്ങൾ  നടത്തിയ പരിശോധനയിൽ അടുത്തിടെ വെളിപ്പെട്ടിരുന്നു. മറ്റു പഞ്ചായത്തുകളിലും ഇതു തന്നെയാണ് സ്ഥിതി. 

അനാവശ്യ പൊതുടാപ്പുകൾ സംയുക്‌ത പരിശോധന നടത്തി നിർത്തൽ ചെയ്യണമെന്നും പൊട്ടിത്തകർന്ന പൈപ്പുകളുടേയും ടാപ്പുകളുടേയും തകരാറുകൾ പരിഹരിക്കണമെന്നും അനധികൃത വെള്ളമൂറ്റലിന് എതിരെ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും പള്ളിപ്പുറം പഞ്ചായത്തിൽ  നിന്ന് നേരത്തെ ആവശ്യം  ഉയർന്നിരുന്നു.   

ഗാർഹിക കണക്‌ഷൻ വ്യാപകമായതോടെ സംസ്‌ഥാന പാതയുടേയും പോക്കറ്റ് റോഡുകളുടേയും വശങ്ങളിൽ ഒട്ടേറെ ടാപ്പുകൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.ഇത്തരം ടാപ്പുകൾ വഴിയാണ് പ്രധാനമായും ജലചൂഷണം നടക്കുന്നത്. പലയിടത്തും രാത്രിയും പകലും ഹോസ് ഉപയോഗിച്ച് വെള്ളമൂറ്റുന്നത് പതിവു കാഴ്‌ചയാണ്. ചിലർ വാഹനത്തിലെത്തി വലിയ ടാങ്കുകളിൽ വെള്ളം ഊറ്റിക്കൊണ്ടു പോയി വിൽപന നടത്തുന്നുണ്ട്.

കുടിക്കാനുള്ള വെള്ളം ചെടികൾ നനയ്‌ക്കാനും വാഹനങ്ങൾ കഴുകാനും ഉപയോഗിക്കുന്നവരും ഏറെയാണ്.പൊതുടാപ്പുകളിൽ നിന്ന് ഹോസ് വഴി വീടുകളിലേക്ക് വെള്ളമെടുക്കുന്നത് കുറ്റകരമാണെങ്കിലും പലയിടങ്ങളിലും ഹൗസ്‌കണക്‌ഷൻ  ഉള്ളവർ പോലും പണം ലാഭിക്കാൻ പൊതുടാപ്പുകളിൽ നിന്ന് വെള്ളമൂറ്റുന്നുണ്ട്.

സംസ്‌ഥാനപാതയുടെ ഇരുവശങ്ങളിലുമുള്ള  ടാപ്പുകളിൽ നിന്ന് രാത്രിയും പുലർച്ചെയും വൻതോതിലാണ് ശുദ്ധജലം ബസുകൾ കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്നത്. വീടു നിർമാണത്തിനും മറ്റും വെള്ളം ശേഖരിക്കുന്നതും പൊതുടാപ്പുകളിൽ നിന്നു തന്നെ. അനധികൃത വെള്ളമൂറ്റൽ കാരണം പല ഗാർഹിക കണക്‌ഷനുകളിലും വെള്ളമെത്തുന്നില്ലെന്ന പരാതിയുമുണ്ട്. പല പഞ്ചായത്തുകളിലും പൊതുടാപ്പുകൾ പൊട്ടിത്തകർന്നു.പമ്പിങ് ശക്‌തമാകുമ്പോൾ ഇത്തരം ടാപ്പുകളിലൂടെ വൻതോതിലാണ് വെള്ളം നഷ്‌ടമാകുന്നത്.

പൊതു കിണറുകൾ പുനരുദ്ധരിച്ചു

പൊതുടാപ്പുകൾ നിർത്തലാക്കി പകരം ആ മേഖലയിലെ പരമ്പരാഗത ജലസ്രോതസുകൾ പുനരുജ്ജീവിപ്പിച്ചാൽ പഞ്ചായത്തുകൾക്ക്  ധനനഷ്ടം ഒഴിവാക്കാൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്തിടെ  എടവനക്കാട് പഞ്ചായത്ത് ഇക്കാര്യത്തിൽ മാതൃകാപരമായ  ചില നടപടികൾ കൈക്കൊണ്ടിരുന്നു. വിവിധ വാർഡുകളിൽ പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന 5  പൊതുകിണറുകളാണ് പുനരുദ്ധരിച്ച്  ഉപയോഗയോഗ്യമാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA