ADVERTISEMENT

കൊച്ചി ∙ തുടർച്ചയായി 13 ദിവസം നിന്നു കത്തിയതിന്റെ പുക അന്തരീക്ഷത്തിൽനിന്നു മാറുന്നതിനു മുൻപ് ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു സംസ്കരണ കേന്ദ്രത്തിലെ ഏഴാമത്തെ സെക്ടറിൽ തീ പടർ‌ന്നത്. നേരത്തേ കത്താതെ കിടന്നിരുന്ന മാലിന്യത്തിനാണു തീപിടിച്ചത്. ശക്തിയായ കാറ്റടിച്ചതോടെ ഈ സെക്ടറിലെ കൂടുതൽ ഭാഗങ്ങളിലേക്കു തീ പടർന്നു.

അഗ്നിരക്ഷാ സേനയുടെ 4 യൂണിറ്റുകളിൽനിന്നുള്ള സേനാംഗങ്ങളെത്തി 4 മണിക്കൂറോളം ശ്രമിച്ചാണു തീ നിയന്ത്രണവിധേയമാക്കാനായത്. അപ്പോഴും പുകയടങ്ങിയില്ല. കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അടിഭാഗത്തു തീയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കോരിയിളക്കി അതിനുള്ളിലേക്കു വെള്ളം ചീറ്റുകയാണ് അഗ്നിരക്ഷാ സേന ചെയ്യുന്നത്.

ഫയർവാച്ചർമാരെ നിയോഗിച്ചിരുന്നതിനാൽ തീപിടിത്തമുണ്ടായ ഉടൻ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേ സമയം, ബ്രഹ്മപുരത്തുണ്ടായിരുന്ന 2 അഗ്നിരക്ഷാ വാഹനങ്ങളിലും ആവശ്യത്തിനു വെള്ളമുണ്ടായിരുന്നില്ലെന്നു നാട്ടുകാരും ഉമ തോമസ് എംഎൽഎയും ആരോപിച്ചു.

തൃക്കാക്കര, തൃപ്പൂണിത്തുറ, ഏലൂർ, പട്ടിമറ്റം എന്നിവിടങ്ങളിലെ ഫയർ യൂണിറ്റുകളിൽനിന്ന് 8 അഗ്നിരക്ഷാ സേനാ വാഹനങ്ങളാണു രംഗത്തുള്ളത്. മാലിന്യക്കൂനയ്ക്കുള്ളിൽനിന്നു പുക ഉയരുന്നതിനാൽ വലിയ ലൈറ്റുകൾ സജ്ജീകരിച്ചു രാത്രിയിലും മാലിന്യക്കൂനയിലേക്കു വെള്ളം ചീറ്റുന്നുണ്ട്.  തീപിടിത്തത്തിനു പിന്നാലെ പ്രദേശത്തു കനത്ത പുക പരന്നു. നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വൻ ദുരന്തമുണ്ടായിട്ടും തീപിടിത്തം തടയാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com