കാലടി∙ ശ്രീശങ്കര പാലത്തിൽ ടാറിങ്ങിന്റെ അപാകത കാരണം ഇരുചക്ര വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽ പെടുന്നു. കാലടിയിൽ നിന്നു പാലത്തിലേക്കു കയറുന്ന ഭാഗത്ത് ടാറിങ്ങ് നിരപ്പല്ലാതെ പൊങ്ങിയും താഴ്ന്നും കിടക്കുകയാണ്. അതു കഴിയുമ്പോൾ ടാർ നീളത്തിൽ ഇളകി പ്പോയി വരമ്പ് പോലെയായിരിക്കുന്നു. അതും പിന്നിടുമ്പോൾ ടാറിങ്ങിനു പാലത്തിന്റെ അരികിലേക്ക് ഒരു ചരിവാണ്. ഈ ഭാഗം താഴ്ന്നും കിടക്കുന്നു.
ഇരുചക്ര വാഹനങ്ങൾ ഈ ഭാഗങ്ങളിൽ പെട്ടെന്നു വെട്ടിത്തിരിയുന്നതും നിയന്ത്രണം തെറ്റുന്നതും മറിയുന്നതും പതിവാണ്. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രക്കാരൻ ലോറിക്കടിയിൽ നിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടത്. മറ്റു വാഹനങ്ങൾ മുട്ടിയുരുമ്മി പോകുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാർ ഇതിലെ ഭയാശങ്കയോടെയാണു പോകുന്നത്.
രാത്രിയിൽ ടാറിങ്ങിലെ അപാകത കാണാൻ കഴിയില്ല. അതിനാൽ അപകട സാധ്യത വർധിക്കുന്നു. ടാറിങ്ങിന്റെ അപാകത പരിഹരിക്കണമെന്നു യാത്രക്കാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല. പാലത്തിൽ ടാറിങ് നടത്തിയാൽ വളരെ വേഗം ടാറിങ് ഇളകി പോകുന്നതും കുഴികൾ ആകുന്നതും പതിവാണ്.ഈ സാഹചര്യത്തിൽ പാലത്തിന്റെ അറ്റകുറ്റ പണികൾക്കു റണ്ണിങ് കോൺട്രാക്ട് നൽകണമെന്ന് ആവശ്യപ്പെട്ടു ശ്രീശങ്കര ഹെറിറ്റേജ് ഫൗണ്ടേഷൻ പൊതുമരാമത്ത് മന്ത്രിക്കു നിവേദനം നൽകി.
കാലടി പ്രദേശത്തെ പല പിഡബ്ല്യുഡി റോഡുകളുടെയും തകരാറുകൾ യഥാസമയം പരിഹരിക്കാൻ സാധിക്കുന്ന വിധത്തിൽ റണ്ണിങ് കോൺട്രാക്ട് നൽകിയിട്ടുണ്ടെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇതു റോഡുകളുടെ നിലവാരം നിലനിർത്തുന്നതിനു സഹായകരമാണ്. എന്നാൽ കാലടി ശ്രീശങ്കര പാലത്തിൽ 25 വർഷത്തോളമായി സ്ഥിരമായി കുഴികൾ രൂപപ്പെടുന്ന അവസ്ഥയാണ്. ഇതിനു സ്ഥിരമായ പരിഹാരം ഉണ്ടായിട്ടില്ലെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.