ADVERTISEMENT

കൊച്ചി∙ കേരളത്തിലെ സ്ത്രീ സംരംഭകർക്കായി കൊച്ചി മെട്രോ സംഘടിപ്പിച്ച ‘മെട്രോ മഹിളാ മാർക്കറ്റിന്’ വൻ ജനപങ്കാളിത്തം. 53 വനിതകളും ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന 6 സംഘടനകളും വിവിധ സ്റ്റാളുകൾ ഒരുക്കി പ്രദർശന വിപണന മേളയിൽ പങ്കെടുക്കുന്നു. വൈറ്റില മെട്രോ സ്റ്റേഷനിൽ ഇന്നലെ തുടങ്ങിയ മേള ഇന്ന് അവസാനിക്കും. 10 മുതൽ 7 വരെയാണു പ്രദർ‍ശനം. മിതമായ വിലയിൽ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന സ്ത്രീസംരംഭകർക്ക് ഉപഭോക്താക്കളെ കണ്ടെത്താനുള്ള വഴിയൊരുക്കുകയാണു കൊച്ചി മെട്രോ ഈ സംരംഭത്തിലൂടെ നടത്തുന്നതെന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

‘ഞങ്ങളു തന്നെ പിടിച്ച് അച്ചാറിട്ടതാ, ഒന്നുതൊട്ടു നുണയുമ്പോൾ തന്നെ കാര്യം അറിയാം’. വെളുത്തുള്ളിക്കൊപ്പം പുളകിതനായി കിടക്കുന്ന ചെമ്മീൻ അച്ചാർ ചൂണ്ടി പനങ്ങാട്ടു നിന്നുള്ള വനിതാ സംരംഭകർ പറയുന്നു. കുരുക്കുകൾ അഴിക്കാനുള്ളതല്ല, മനോഹരമായ കരവിരുതിലൂടെ വീണ്ടും കെട്ടാനുള്ളതാണെന്ന സുന്ദര കാഴ്ചയാണ് തൃശൂർ കാരാഞ്ചിറ ആലപ്പാട് പാലത്തിങ്കൽ ജോസഫും ബീനയും ഒരുക്കുന്നത്. മാക്രമേ നോട്ടുകൾ എന്നറിയപ്പെടുന്ന കെട്ടുകൾ കൊണ്ടുണ്ടാക്കിയ വോൾ ഹാങ്ങിങ്സ്, ഫ്ലവർ ഹാങ്ങേഴ്സ്, ബോട്ടിൽ ജാക്കറ്റ്, ലാംപ് ഷേഡുകൾ മുതലായവ ഇവരുടെ ‘നോട്ടി ഡിസൈൻസിൽ ലഭ്യം. 

അമൃത സ്പെഷൽ സ്കൂളിലെ കുട്ടികൾ, സൊലേസ്, തക്ഷൺ ക്രിയേറ്റിവിറ്റി, സ്മൃതി സ്കൂൾ, ആശ്വാസകിരണം, ഓട്ടിസം ക്ലബ് എന്നിവരുടെ സ്റ്റാളുകൾ ശ്രദ്ധേയം. തൃശൂർ പേരാമംഗലം സ്വദേശി ശാരി ചങ്ങരംകുമരത്ത് കഴുതപ്പാൽ കൊണ്ടു സോപ്പ് ഉണ്ടാക്കി അവതരിപ്പിക്കുന്നു. ഈറ്റ കൊണ്ടുള്ള കണ്ണാടിപ്പായയും വിശറിയും കുട്ടയും മുറവും പൂക്കൂടയുമായി ഇടുക്കി ഉപ്പുകുന്നിലെ അംബുജം, കാന്താരിയും ഇഞ്ചിയും വിവിധ നാടൻ ഉൽപന്നങ്ങളും ഉപയോഗിച്ചുണ്ടാക്കിയ ജ്യൂസ് സിറപ്പുമായി തൃശൂരിൽ നിന്നു ലക്ഷ്മി തുടങ്ങിയവരെല്ലാം  ആകർഷകങ്ങളായ സ്റ്റാളുകളാണ് അവതരിപ്പിച്ചത്. 

ഫ്രഞ്ച് ചിത്രകലയായ ആയ ഡികോപാഷ് ആർട്ടും റെസിൻ ആർട്ടും സംയോജിപ്പിച്ച് സെറാമിക് ഉൽപന്നങ്ങളിലും മരത്തിലും വിസ്മയം തീർത്തു പ്രദർശിപ്പിച്ച കാക്കനാട് സ്വദേശി മനു മാത്യുവിന്റെ സ്റ്റാളിൽ സന്ദർശകർ ഏറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com