ADVERTISEMENT

മൂവാറ്റുപുഴ∙ വേനൽ ദാഹം തീർക്കാൻ വ്യത്യസ്ത വിഭവങ്ങളുമായി വഴിയോര കച്ചവടക്കാർ വ്യാപകം. കടുത്ത വേനലിൽ ദാഹം തീർക്കാൻ വിവിധ ജ്യൂസുകളും കുലുക്കി സർബത്ത് പോലുള്ള വിഭവങ്ങളുമൊക്കെയായി നരിത്തുവക്കുകളിൽ ശീതളപാനീയ കടകൾ പെരുകുകയാണ്.വ്യത്യസ്തവും രുചികരവും ആയ ശീതളപാനീയങ്ങളുടെ നീണ്ട നിരയാണു നിരത്തു വക്കിൽ കൂണുകൾ പോലെ മുളച്ചു പൊന്തുന്ന ഷെഡുകളിൽ ഉള്ളത്.

ടാർപോളിൻ വലിച്ചു കെട്ടി വിവിധ ഫ്ലേവറുകളിൽ കുലുക്കി സർബത്തു വിൽക്കുന്നവരാണു വലിയ തോതിൽ വർധിച്ചിരിക്കുന്നത്. അൽപം ഇഞ്ചി പേസ്റ്റ്, പുതിന പേസ്റ്റ്, വിവിധ വർണങ്ങളിൽ കുപ്പികളിൽ നിറച്ചിട്ടുള്ള പഴങ്ങളുടെ ഫ്ലേവറുകൾ, തെർമോകോൾ കൊണ്ടു നിർമിച്ച പെട്ടിയിൽ അടച്ചുവച്ചിട്ടുള്ള ഐസ് കട്ടകൾ എന്നിവയാണ് ശീതളപാനീയ കടകളിൽ ഉള്ളത്. യുട്യൂബിലും മറ്റും ഹിറ്റായ ശീതള പാനീയങ്ങളും വഴിയോര വിൽപന കേന്ദ്രങ്ങളിൽ കാണാം. 

നിത്യേന ആയിരങ്ങളുടെ വിൽപനയാണ് നിരത്തുവക്കിലുള്ള താൽക്കാലിക ശീതള പാനീയ കേന്ദ്രങ്ങളിൽ നടക്കുന്നത്. ഇവിടങ്ങളിൽ ഉപയോഗിക്കുന്ന വെള്ളവും, ഐസും, പഴങ്ങളുടേതെന്നു പറയുന്ന ഫ്ലേവറുകളും ആരോഗ്യത്തിനു ഹാനികരമല്ലെന്നുറപ്പു വരുത്താൻ ആരോഗ്യ വിഭാഗം പരിശോധനകളുമായി രംഗത്തെത്തിയിട്ടുണ്ട്. ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് വൃത്തിഹീനമാണോയെന്നും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോ എന്നുമാണ് ആരോഗ്യ വിഭാഗം പരിശോധിക്കുന്നത്.

കഴിഞ്ഞ വർഷം വെള്ളത്തിൽ നിന്നു പകരുന്ന രോഗങ്ങളെ കുറിച്ചു വേനൽക്കാലത്ത് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ നടന്നിരുന്നുവെങ്കിലും ഇക്കൊല്ലം നടന്നിട്ടില്ല. പഞ്ചായത്ത് ആരോഗ്യ വിഭാഗവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com