കൂത്താട്ടുകുളം∙ സർക്കാർ സബ്സിഡി തുക നൽകാത്തതിനാൽ പുതുവേലിയിലെ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ അടച്ചു പൂട്ടുന്നു. ഈ മാസം 31ന് പ്രവർത്തനം അവസാനിപ്പിക്കും. 2022 ഓഗസ്റ്റ് മുതൽ സർക്കാർ തുക നൽകുന്നില്ല. 2.7 ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. 20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ഹോട്ടൽ സാധാരണക്കാർക്ക് ഏറെ സഹായകമാണ്. മീൻ വറുത്തതിന് 30 രൂപയും മീൻ കറിക്ക് 40 രൂപയുമാണ് വില.
ഇതിൽ ഒരു ഊണിന് സർക്കാർ നൽകുന്ന 10 രൂപ സബ്സിഡി തുകയാണ് ലഭിക്കാത്തത്. 2020 ജൂലൈ 13നാണ് പുതുവേലി പുതിയാമറ്റത്തിൽ ബിന്ദു രാധാകൃഷ്ണൻ ഹോട്ടൽ തുടങ്ങുന്നത്. ഇതിനായി ഒരു ലക്ഷം രൂപ ചെലവ് വന്നു. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ 3.30 വരെയാണ് പ്രവർത്തനം. എംസി റോഡിന്റെ സമീപമായതിനാൽ ഡ്രൈവർമാരും കൂലിപ്പണിക്കാരുമാണ് ഭക്ഷണം കഴിക്കാൻ എത്തുന്നവരിൽ അധികവും.
ദിവസേന 125 മുതൽ 150 വരെ ഊണ് ചെലവാകും. കുറഞ്ഞ തുകയ്ക്ക് ഭക്ഷണം നൽകുമ്പോൾ സബ്സിഡി കൃത്യമായി കിട്ടിയില്ലെങ്കിൽ നഷ്ടമാണെന്നും ഇക്കാരണം കൊണ്ടാണ് ഹോട്ടൽ നിർത്തുന്നതെന്നും ബിന്ദു പറഞ്ഞു.