ADVERTISEMENT

തൃപ്പൂണിത്തുറ ∙ ഹിൽപാലസ് സ്റ്റേഷനിലെ കസ്റ്റഡി മരണക്കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റ് മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ  ബന്ധുക്കളുടെയും ദൃക്സാക്ഷികളുടെയും മൊഴിയെടുത്തു. വാഹനപരിശോധനയ്ക്കിടയിൽ എസ്ഐ ജിമ്മി ജോസ് മുഖത്ത് അട‌ിക്കുന്നതു കണ്ടതായുള്ള ദൃക്സാക്ഷിയുടെ മൊഴിയാണു കേസിൽ ഏറ്റവും നിർണായകം. ഇതിന്റെ സത്യാവസ്ഥയാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

വാഹന പരിശോധനയ്ക്കിടയിൽ പൊലീസ് കൈ കാണിച്ചപ്പോൾ മനോഹരൻ വണ്ടി നിർത്താതെ ഉദ്യോഗസ്ഥന്റെ കൈ തട്ടിത്തെറിപ്പിച്ചു കടന്നുപോകാൻ ശ്രമിച്ചതായാണു പൊലീസിന്റെ നിലപാട്. കസ്റ്റഡിയിലെടുത്ത മനോഹരനെ ഹിൽപാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെവച്ചു കുഴഞ്ഞു വീഴുന്നതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ഹൃദയാഘാതത്തിലേക്കു നയിച്ച കാരണങ്ങൾ വിശദമായി പരിശോധിക്കണമെന്നാണു മനോഹരന്റെ ബന്ധുക്കളുടെ ആവശ്യം.

പൊലീസ് കൈ കാണിച്ച ഭാഗത്തു നിന്നു വാഹനം കുറച്ചുകൂടി മുന്നോട്ടു കയറ്റി നിർത്തിയ മനോഹരൻ ഹെൽമറ്റ് ഊരിയതിനു തൊട്ടുപിന്നാലെ എസ്ഐ അടിച്ചതായി ദൃക്സാക്ഷിമൊഴി ഉണ്ടായിരുന്നു. പൊലീസിന്റെ  ഈ നടപടി മനോഹരനിൽ പേടി ഉണ്ടാക്കുകയും അതു ഹൃദയാഘാതത്തിനു വഴിയൊരുക്കുകയും ചെയ്തുവെന്നാണ്  ബന്ധുക്കൾ പറയുന്നത് ക്രൈംബ്രാഞ്ച് എസ്പി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ 3 സംഘങ്ങളായാണു കേസ് അന്വേഷിക്കുന്നത്.

മനോഹരന്റെ മരണത്തോടെ കുടുംബത്തിന്റെ നാഥനെയാണു നഷ്ടപ്പെട്ടത്. ഭാര്യയ്ക്കു സർക്കാർ ജോലി നൽകണമെന്നും മക്കളുടെ പഠിപ്പ് സർക്കാർ ഏറ്റെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

മനോഹരന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം: കെ. സുധാകരൻ

കസ്റ്റഡിയിലിരിക്കെ മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവു സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹത്തിന്റെ ഭാര്യയ്ക്കു ജോലി നൽകണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മനോഹരന്റെ വീട് അദ്ദേഹം സന്ദർശിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി വേണം. ഡിസിസിയുടെ നേതൃത്വത്തിൽ ലീഗൽ സെല്ലിന് രൂപം നൽകി സത്യം പുറത്തു കൊണ്ടു വരാനുള്ള നിയമ പോരാട്ടം നടത്തും. സുധാകരൻ പറഞ്ഞു.

 പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ഇരുമ്പനത്തെ മനോഹരന്റെ വസതിയിലെത്തി അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ഇരുമ്പനത്തെ മനോഹരന്റെ വസതിയിലെത്തി അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.

മുഖ്യമന്ത്രിക്കു വീഴ്ച: വി.എം.സുധീരൻ

പൊലീസ് വകുപ്പു കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രിക്കു വീഴ്ച പറ്റിയെന്നും സംസ്ഥാനം കണ്ട ഏറ്റവും മോശം ആഭ്യന്തര മന്ത്രി പിണറായി വിജയനാണെന്നും മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. മനോഹരന്റെ ഇരുമ്പനത്തെ വീട്ടിലെത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാരുടെ ക്രിമിനൽ പശ്ചാത്തലം വർധിച്ചു വരികയാണെന്നും പറഞ്ഞു.

മനോഹരന് നീതി: ബിജെപി ഉപവാസം നാളെ

ഇരുമ്പനത്തു പൊലീസ് മർദനമേറ്റതിനെത്തുടർന്നു മരിച്ച മനോഹരന്റെ കുടുംബത്തിനു നീതി ആവശ്യപ്പെട്ടു ബിജെപി നേതാക്കളും പ്രവർത്തകരും നാളെ 24 മണിക്കൂർ ഉപവാസസമരം നടത്തും. തൃപ്പൂണിത്തുറ സ്റ്റാച്യു ജംക്‌ഷനിൽ രാവിലെ 9 മുതൽ 31നു രാവിലെ 9 വരെയാണ് ഉപവാസം. കുടുംബത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അടിയന്തരമായി 50 ലക്ഷം രൂപ അനുവദിക്കണമെന്നും സംഭവത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം വേണമെന്നും എ.എൻ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

മനോഹരന്റെ ഭാര്യയ്ക്കു യോഗ്യതയനുസരിച്ച സർക്കാർ ജോലി നൽകുക, മക്കളുടെ സംരക്ഷണച്ചുമതല സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

സർക്കുലറിന് വിരുദ്ധമായി വാഹന പരിശോധന

‘ഇടുങ്ങിയ റോഡുകൾ, വളവുകൾ എന്നിവിടങ്ങളിൽ വാഹന പരിശോധന പാടില്ല’ എന്ന   സർക്കുലർ നിലവിലുള്ളപ്പോഴാണു ഹിൽപാലസ് പൊലീസിന്റെ വാഹന പരിശോധന കർഷക കോളനിയിലെ ചെറിയ റോഡിൽ നടന്നതെന്ന് നാട്ടുകാരും ബന്ധുക്കളും കുറ്റപ്പെടുത്തി. പരിശോധനയ്ക്കിടെ യോഗ്യമല്ലാത്ത പെരുമാറ്റമോ ദേഹോപദ്രവമോ പാടില്ല. അനാവശ്യമായി വാഹനം കസ്റ്റഡിയിലെടുക്കുകയോ വാഹനം ഓടിക്കുന്നവർക്കു സമയനഷ്ടം ഉണ്ടാക്കുകയോ ചെയ്യരുത് എന്നും സർക്കുലറിൽ പറയുന്നു. 

പൊലീസ് നടത്തിയ വാഹന പരിശോധന മുതൽ മനോഹരനെ ജീപ്പിൽ കയറ്റി കൊണ്ടുപോയതു വരെ സംസ്ഥാന പൊലീസ് മേധാവികൾ പലപ്പോഴായി ഇറക്കിയ ഉത്തരവുകളുടെ ലംഘനമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com