ADVERTISEMENT

പെരുമ്പാവൂർ ∙ പെരിയാർ നദി നിരപ്പിൽ നിന്നു 160 അടി ഉയരത്തിലുള്ള ചുരമുടി മലയിലേക്കു സഞ്ചാരികളുടെ ഒഴുക്ക്. റോഡിന്റെ അറ്റകുറ്റപ്പണി  കഴിഞ്ഞതോടെയാണു വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നത്.കൂവപ്പടി,വേങ്ങൂർ പഞ്ചായത്തുകളിലെ അതിർത്തിയിലാണു ചൂരമുടി മല. ടൂറിസം,  ജലസേചന വകുപ്പും വിവിധ പദ്ധതികൾ നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്. പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ  ചൂരമുടിയുടെ  മുഖഛായ മാറുമെന്നു നാട്ടുകാർ പറയുന്നു.

  ചൂരമുടി മലയുടെ പടിഞ്ഞാറു നിന്നുള്ള നടപ്പാത സഞ്ചാര യോഗ്യമാക്കിയാൽ വൻ വികസനം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.  കൊമ്പനാട് കോടമ്പിള്ളി ചിറ,നെടുമ്പാറ, പുലിയണിപ്പാറ എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളോടു ചേർന്നാണ് ഈ പ്രദേശം. പാണിയേലി, ക്രാരിയേലി, പാണംകുഴി ,കൊമ്പനാട് ,ആലാട്ടുചിറ എന്നീ ഗ്രാമങ്ങളും സമീപത്താണ്. ഔഷധസസ്യങ്ങൾ നിറഞ്ഞ കുറ്റിക്കാടുകളായിരുന്നു ചൂരമുടി കുന്ന്.  കരിങ്കൽ ക്വാറികളുടെ പ്രവർത്തനങ്ങൾ ചൂരമുടിയെ ഇല്ലാതാക്കുകയാണ്. കരിങ്കല്ലുകൾ പൊട്ടിച്ച കുന്നിൻ ചെരിവുകൾ കണ്ടാൽ ഭയാനകമാണ്. ഇതു തടയാൻ ടൂറിസം പദ്ധതികൾ യാഥാർഥ്യമാകണമെന്നാണു നാട്ടുകാർ പറയുന്നത്. 

 മലയുടെ മുകളിൽ  പൗരസ്ത്യ സുവിശേഷ സമാജം വക പളളിയുണ്ട്. തീർഥാടന  കേന്ദ്രമായ മലയാറ്റൂർ കുരുശുമുടിയും ദീപാലങ്കാരങ്ങളും മലയുടെ മുകളിൽ നിന്നു കാണാം. കിഴക്കൻ മലനിരകളുടെ കാഴ്ചകളും  സൂര്യാസ്തമയവുമൊക്കെ ആസ്വദിക്കാം. ചുറ്റും വലിയ മരങ്ങൾ വളർന്നതും കെട്ടിടങ്ങൾ ഉയർന്നതും കാഴ്ചയ്ക്കു തടസ്സമുണ്ടാക്കിയിട്ടുണ്ട്. വേങ്ങൂർ - തൂങ്ങാലി ആലിൻചുവട്ടിൽ നിന്നു ചൂരമുടിക്കു ടാർ റോഡുണ്ട്. അതിലൂടെ ബസിൽ ചൂരമുടി കവലയിലെത്താം. കോടനാടു നിന്നു  ഗതാഗതയോഗ്യമായ റോഡുകൾ ഉള്ളതിനാൽ  മലയാറ്റൂർ, കോടനാട്, കപ്രിക്കാട്, പാണിയേലി പോര് എന്നിവിടങ്ങളിൽ വരുന്ന വിനോദ സഞ്ചാരികൾക്ക് ഇവിടെയും സന്ദർശിക്കാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com