ADVERTISEMENT

വരാപ്പുഴ ∙ മുട്ടിനകം ഡിപ്പോ കടവിലെ അനധികൃത പടക്ക നിർമാണശാലയിൽ ഉഗ്രസ്ഫോടനം നടന്നിട്ട് ഒരു മാസം തികയുമ്പോഴും നാശനഷ്ടങ്ങൾ സംഭവിച്ചവർക്കു നഷ്ടപരിഹാരത്തിനുള്ള നടപടികൾ ഒന്നുമായില്ല.

അപകടത്തിൽ മരിച്ച ഇൗരയിൽ ഡേവിസിന്റെ കുടുംബത്തിനും, വീട് വാസയോഗ്യമല്ലാത്ത തരത്തിൽ തകർന്നു പോയ മുട്ടിനകം സ്വദേശി ബിജുവിന്റെ കുടുംബത്തിനും ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നുള്ള സഹായം ലഭിച്ചിട്ടില്ല. രണ്ടു വർഷം മുൻപ് നിർമിച്ച പുതിയ വീടാണ് സ്ഫോടനത്തിൽ തകർന്നത്. സ്ഫോടനത്തിന്റെ ഉഗ്രശബ്ദം മൂലം ബിജുവിന്റെ ഭാര്യയുടെയും മൂന്നു പെൺമക്കളുടെയും കർണപുടത്തിനും തകരാർ സംഭവിച്ചിരുന്നു. ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ ചികിത്സ ചെലവുകൾ വഹിച്ചത് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എംഎൽഎയാണ്. 

തിരികെ വരാപ്പുഴയിലെ വീട്ടിൽ താമസിക്കാൻ സാധിക്കാത്തതിനാൽ ഇവർ നെട്ടൂരിലെ ബന്ധുവിന്റെ വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടികൾക്കു കാത്തു നിൽക്കാതെ സുമനസ്സുകളുടെ സഹായത്തോടെ ഇവർക്കു വീട് നിർമിച്ചു നൽകാനുള്ള ശ്രമങ്ങളും നാട്ടുകാർ ആരംഭിച്ചിട്ടുണ്ട്.

അപകടത്തിൽ മരിച്ച ഡേവിസിന്റെ ഭാര്യയും മൂന്നു പെൺകുട്ടികളും ആലംബഹീനരായി. ഇവർക്കും സർക്കാരിന്റെ ഭാഗത്തു നിന്നു സഹായങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. മൂന്നു മക്കളുടെയും വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തതായി ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്. കേടുപാടുകൾ പറ്റിയ ഏതാനും വീടുകൾ കോൺഗ്രസ് മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെയും വരാപ്പുഴ അതിരൂപത, ഇടവക, സുമനസ്സുകൾ എന്നിവരുടെ നേതൃത്വത്തിൽ നന്നാക്കി നൽകിയിട്ടുണ്ട്. അധികൃതരുടെ സഹായം പ്രതീക്ഷിച്ചു നിൽക്കാതെ സ്വന്തം ചെലവിൽ തന്നെ അറ്റകുറ്റപ്പണികൾ നടത്തിയവരും ഏറെയുണ്ട്.

ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചു മണിയോടെയാണു വരാപ്പുഴയും സമീപപ്രദേശങ്ങളെല്ലാം വിറപ്പിച്ച സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പടക്കം നിർമാണശാലയും അനധികൃതമായി പടക്കം നിർമിച്ചിരുന്ന വീടും പൂർണമായും തകർന്നു. പടക്കശാലയുടെ ലൈസൻസി ഇൗരയിൽ ജെൻസൻ സഹോദരങ്ങളായ ജാൻസൻ, ജെയ്സൻ എന്നിവർക്കും പടക്കം സൂക്ഷിക്കാൻ വീട് വാടകയ്ക്കു നൽകിയ കൂരൻ മത്തായി എന്നയാൾക്കും എതിരെയാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഇതിൽ ജെൻസനെയും, ജെയ്സനെയും കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. പൊള്ളലേറ്റ ജാൻസൻ ആശുപത്രിയിൽ ചികിത്സയിലാണ്. കൂരൻ മത്തായിയെ അറസ്റ്റ് ചെയ്തു നിബന്ധനകളോടെ വിട്ടയച്ചു.

കടയിൽ ചൈനീസ് പടക്കം മാത്രം വിൽക്കാനുള്ള ലൈസൻസിന്റെ മറയാക്കി ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നതായും വിശദമായ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അധികൃതരുടെയും നടത്തിപ്പുകാരുടെയും അശ്രദ്ധയും കുറ്റവും കൊണ്ടുണ്ടായ സ്ഫോടനത്തിൽ നഷ്ടങ്ങൾ സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം എത്രയും വേഗത്തിൽ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം. ഇത്തരം അനധികൃത സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതു തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും പഞ്ചായത്ത് മുൻ അംഗം ടി.ജെ.ജോമോൻ പറഞ്ഞു.

അധികൃതരുടെയും നടത്തിപ്പുകാരുടെയും കുറ്റം കൊണ്ടുണ്ടായ സ്ഫോടനത്തിൽ നഷ്ടങ്ങൾ സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം എത്രയും വേഗത്തിൽ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം. ഇത്തരം അനധികൃത സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതു തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും പഞ്ചായത്ത് മുൻ അംഗം ടി.ജെ.ജോമോൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com