ADVERTISEMENT

കൊച്ചി ∙ വൈദ്യുതി കമ്പനികളിൽ നിന്നു ദീർഘകാലത്തേക്കു വൈദ്യുതി വാങ്ങാൻ 2014ൽ ഒപ്പുവച്ച കരാർമൂലം ഉപയോക്താക്കൾക്കു 66,250 കോടി രൂപയുടെ അധികബാധ്യത വന്നതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷനിൽ വാദം.റഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ വൈദ്യുതി വാങ്ങിയത് അംഗീകരിച്ചു നൽകണമെന്നാവശ്യപ്പെട്ടു കെഎസ്ഇബി കമ്മിഷനു നൽകിയ അപ്പീലിന്റെ ഹിയറിങ്ങിലാണ് ഈ വാദം.വൈദ്യുതി ഉപയോഗം വർധിക്കുമെന്ന അനുമാനത്തിൽ 25 വർഷത്തേക്കു 850 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണു കെഎസ്ഇബി കരാർ വച്ചത്. ‌റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയോടെ വില നിശ്ചയിച്ചോ അല്ലെങ്കിൽ ടെൻഡർ ക്ഷണിച്ചോ വേണം വൈദ്യുതി വാങ്ങാൻ. കരാർ ഒപ്പിടും മുൻപ് ഇതിന് അനുമതി വാങ്ങണം.

850 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി 2 ബിഡ് വച്ചു. 450 യൂണിറ്റിനും 400നും. ആദ്യ ബിഡിൽ ഒന്നാമതു വന്ന ജിൻഡാൽ പവർ യൂണിറ്റിന് 3.60 രൂപ ഫിക്സഡ് കോസ്റ്റിൽ വൈദ്യുതി നൽകാമെന്നേറ്റു. രണ്ടാമതെത്തിയ ജാംബവ പവർ 4.15 രൂപ ഫിക്സഡ് ചാർജിനു വൈദ്യുതി നൽകാൻ തയാറായി. ജിൻഡാലിന് 200 മെഗാവാട്ടിന്റെയും ജാംബവയ്ക്കു 115 മെഗാവാട്ടിന്റെയും കരാർ നൽകി. ടെൻഡറിൽ രണ്ടാമതെത്തിയ കമ്പനിക്കു കരാർ നൽകിയാൽ തന്നെ ടെൻഡറിലെ ഏറ്റവും കുറഞ്ഞ നിരക്കിനേ നൽകാൻ പാടുള്ളൂ എന്നാണു നിയമം. അതു ലംഘിച്ചു.

40 ദിവസത്തിനു ശേഷം നടന്ന രണ്ടാമത്തെ ബിഡിൽ ആദ്യം യൂണിറ്റിനു 3.60 രൂപ  ക്വോട്ട് ചെയ്ത ജിൻഡാൽ യൂണിറ്റിന് 4.43 രൂപ ക്വോട്ട് ചെയ്തു. രണ്ട് ബിഡുകളുടെയും കരാർ ഒപ്പിട്ടത് ഒരേ ദിവസം. ഇത് ഒറ്റ ടെൻഡർ ആയിരുന്നെങ്കിൽ യൂണിറ്റിന് 3.60 രൂപ നിരക്കിൽ 850 മെഗാവാട്ട് വൈദ്യുതി ലഭിക്കുമായിരുന്നു. കേരളത്തിന്റെ വൈദ്യുതി ആവശ്യം സംബന്ധിച്ച് യാഥാർഥ്യം മനസ്സിലാക്കാതെയാണു ദീർഘകാല കരാർ ഒപ്പുവച്ചതെന്നും കമ്മിഷനു മുന്നിൽ വാദം ഉയർന്നു. ഹ്യൂമൻ റൈറ്റ്സ് ആൻഡ് എൻവയൺമെന്റൽ പ്രൊട്ടക്‌ഷൻ ഫോറം ചെയർമാൻ ഡിജോ കാപ്പനു പുറമേ എച്ച്ടി, ഇഎച്ച്ടി കൺസ്യൂമേഴ്സ് അസോസിയേഷനും കമ്മിഷനിൽ ഹാജരായി.

2014ലെ വൈദ്യുതി വാങ്ങൽ കരാർ റെഗുലേറ്ററി കമ്മിഷൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. കേന്ദ്ര റെഗുലേറ്ററി അതോറിറ്റിയിൽ നിന്നു കെഎസ്ഇബിക്ക് അനുകൂല വിധിയുണ്ടായെങ്കിലും കമ്മിഷൻ സുപ്രീം കോടതിയിൽ പോയി. തീരുമാനമെടുക്കാൻ സുപ്രീം കോടതി വീണ്ടും കമ്മിഷനോട് ആവശ്യപ്പെട്ടു.ഇതു സംബന്ധിച്ച ഹിയറിങ് ആണ് നടക്കുന്നത്. അന്തിമ സിറ്റിങ് തിരുവനന്തപുരത്ത് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com