ADVERTISEMENT

കാലടി∙ തടസ്സങ്ങൾ നീങ്ങി. കാഴ്ച പരിമിതരായ കുറ്റിയാലുക്കൽ രാജൻ-രമ ദമ്പതികൾക്കു സുരക്ഷിത ഭവനം ലഭിക്കും. കൂവപ്പടി പഞ്ചായത്തിലെ ചെട്ടിനടയിൽ‌ കോച്ചേരിമാലിൽ പ്രദേശത്താണ് സർക്കാരിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം വീടുവയ്ക്കാൻ 5 സെന്റ് സ്ഥലം ലഭ്യമായത്. ഇവർ കാലടി പഞ്ചായത്തിലെ പിരാരൂരിൽ പരിമിതമായ സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾ കാരണം വീട് നിർമാണം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. 

2018ൽ ആണ് പട്ടികജാതി വികസന വകുപ്പ് വഴി സ്ഥലം ലഭ്യമായത്. തുടർന്നു പ്രളയവും കോവിഡ് വ്യാപനവും വന്നതിനെ തുടർന്നു പദ്ധതി നടപ്പായില്ല.   2021ൽ പദ്ധതിക്കു പുനരുജ്ജീവനം ലഭിച്ചപ്പോൾ പഞ്ചായത്ത് ഭരണ സമിതികൾ മാറിയിരുന്നു. രാജൻ-രമ ദമ്പതികൾ കാലടി സ്വദേശികൾ ആയതിനാൽ ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നു കൂവപ്പടി പഞ്ചായത്തും എല്ലാ രേഖകളും കൂവപ്പടി പഞ്ചായത്തിലേക്ക് മാറ്റിയിട്ടുള്ളതിനാൽ ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നു കാലടി പഞ്ചായത്തും നിലപാടെടുത്തു.ഇതേ തുടർന്നു അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാന്റെ നിരന്തര ശ്രമഫലമായാണ് കുരുക്കുകൾ അഴിച്ചത്. 

ഇവർ കാലടി പഞ്ചായത്തിലെ അതിദാരിദ്ര്യ ലിസ്റ്റിൽ മുൻഗണനയിൽ ഉള്ളവരും പേരുകൾ റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ളവരും ആയതിനാൽ 4 ലക്ഷം രൂപ കാലടി പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്കു കൈമാറാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി നിർദേശിച്ചു. ഇതേ തുടർന്നു കൂവപ്പടി പഞ്ചായത്തിൽ‍ നിന്നു വീട് നിർമാണ അനുമതി ലഭിക്കുകയും ചെയ്തു.ആദ്യഗഡു തുക 40,000 രൂപ ഇവർ‍ കൈപ്പറ്റി. 2 കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും ഉൾപ്പെടെ 420 ചതുരശ്ര അടി വിസ്തൃതിയുള്ള വീടാണു നിർമിക്കുന്നത്. മൊത്തം 7 ലക്ഷം രൂപ ചെലവ് വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com