തിരക്കൊഴിഞ്ഞു; നോട്ടമെത്താതെ കോതമംഗലം റവന്യു ടവർ നാശത്തിലേക്ക്

   കോതമംഗലം റവന്യു ടവർ.
കോതമംഗലം റവന്യു ടവർ.
SHARE

കോതമംഗലം∙ രണ്ടു പതിറ്റാണ്ടോളം താലൂക്കിന്റെ ഭരണസിരാകേന്ദ്രമായിരുന്ന നഗരമധ്യത്തിലെ റവന്യു ടവർ തിരക്കൊഴിഞ്ഞതോടെ നാശത്തിലേക്ക്. നഗരത്തിലെ സർക്കാർ ഓഫിസുകളെ ഒരുകുടക്കീഴിലാക്കാൻ ടൗൺ ബസ് സ്റ്റാൻഡിനു സമീപം ഹൗസിങ് ബോർഡ് സ്ഥാപിച്ചതാണ് ആറുനില മന്ദിരം. സർക്കാർ ഓഫിസുകളുടെ പ്രവർത്തനത്തോടൊപ്പം വ്യാപാരവും മറ്റു സേവന സ്ഥാപനങ്ങളും ഒട്ടേറെയായതോടെ നഗരത്തിൽ ഏറ്റവും തിരക്കേറിയ ഇടമായി റവന്യു ടവർ.ഹൈറേഞ്ച് ബസ് സ്റ്റാൻഡിനു സമീപം മിനി സിവിൽസ്റ്റേഷൻ യാഥാർഥ്യമായതോടെ സർക്കാർ ഓഫിസുകളെല്ലാം അവിടേക്കു മാറി. 

ഇതോടെ റവന്യു ടവറിലെ തിരക്ക് കുറഞ്ഞു. ഇപ്പോൾ ഇവിടെയുള്ള സബ് റജിസ്ട്രാർ ഓഫിസും വൈകാതെ സ്വന്തം കെട്ടിടത്തിലേക്കു മാറും. വ്യാപാരവും മറ്റു സ്വകാര്യ സ്ഥാപനങ്ങളുമായി താഴത്തെ രണ്ടു നില മാത്രമാണ് ഇപ്പോൾ സജീവമായുള്ളത്. ബഹുനില മന്ദിരത്തിന്റെ ഏറിയ ഭാഗവും ഒഴിഞ്ഞുകിടക്കുന്നു. പുതിയ വാടകക്കാരെത്തുന്നില്ല. നഗരത്തിൽ മുറികൾ തേടുന്നവരെയോ സംരംഭകരെയോ ആകർഷിക്കാൻ ഹൗസിങ് ബോർഡും ശ്രമമില്ല. ഓഫിസ് പ്രവർത്തനത്തിന് ഉതകുംവിധമാണു ടവറിന്റെ ഡിസൈനിങ് എന്നതും പോരായ്മയായി.

പരിപാലനമില്ലാതെ ടവറിന്റെ അവസ്ഥയും മോശമാണ്. ലിഫ്റ്റുകൾ പ്രവർത്തനരഹിതമായി. അകവും പുറവുമെല്ലാം പലയിടങ്ങളിലും വൃത്തിഹീനം. വാണിജ്യ ആവശ്യങ്ങൾക്കു മുറിയെടുത്തവർ സർക്കാർ ഓഫിസുകൾ പ്രവർത്തനം മാറ്റിയതോടെ പ്രതിസന്ധിയിലായി. വരുമാനം കുറഞ്ഞതോടെ പലരും മുറിയൊഴിഞ്ഞു. വായ്പയെടുത്തു നിർമിച്ച മന്ദിരത്തിൽ വാടകക്കാർ കുറ‍ഞ്ഞതോടെ തിരിച്ചടവിലും ഹൗസിങ് ബോർഡ് പ്രതിസന്ധിയിലാണ്. നഗരത്തിനു തിലകക്കുറിയായ മന്ദിരം പുനരുജ്ജീവിപ്പിക്കാൻ ദീർഘവീക്ഷണത്തോടെ അധികൃതരുടെ ഇടപെടലുണ്ടായില്ലെങ്കിൽ ഭാർഗവിനിലയമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA