ADVERTISEMENT

കൊച്ചി ∙ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ഭക്ഷ്യമാലിന്യങ്ങൾ ആളുകൾ റോഡിലിടുന്നതു കോർപറേഷനു തലവേദനയാവുന്നു. ജൈവ മാലിന്യം ബ്രഹ്മപുരത്തേക്കു കൊണ്ടുപോകാനും വേർതിരിച്ച പ്ലാസ്റ്റിക് ശേഖരിക്കാനും സംവിധാനമുളളപ്പോഴും മാലിന്യ പ്രശ്നത്തിനു പരിഹാരമാവുന്നില്ല. വീടുകളിൽ നിന്നു വേർതിരിച്ചാണു മാലിന്യം ശേഖരിക്കുന്നത്. ദിവസേന 10–20 ടൺ പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനി കൊണ്ടുപോകുന്നുണ്ട്. വേറെയും 2 കമ്പനികൾ രംഗത്തുണ്ട്.

റോഡുവക്കിലെത്തുന്ന മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താൻ കോർപറേഷൻ ഉൗർജിത പരിശോധന ആരംഭിച്ചു. പൊലീസ് സ്ക്വാഡിന്റെ സഹായവും തേടിയിട്ടുണ്ട്. കോർപറേഷൻ ഉദ്യോഗസ്ഥർ ഇരുചക്ര വാഹനത്തിൽ പരിശോധനയും ക്യാമറകളുപയോഗിച്ചും നിരീക്ഷണവും തുടങ്ങി. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നു കനത്ത തുക പിഴ ഇൗടാക്കാനാണു തീരുമാനം. മാലിന്യ സംസ്കരണത്തിൽ വീഴ്ചയുണ്ടെന്നു വരുത്താൻ ചില സ്ഥലങ്ങളിൽ ബോധപൂർവമായ പ്രവർത്തനം നടത്തുന്നുണ്ടോ എന്നും കോർപറേഷൻ അധികൃതർ സംശയിക്കുന്നു.

ഏപ്രിൽ ഒന്നു മുതൽ ഹരിത കർമ സേനയുടെ ചുമതലയിലാണു മാലിന്യ ശേഖരണം. വീടുകളിൽ നിന്ന് തുടർന്നും ജൈവ മാലിന്യവും  പ്ലാസ്റ്റിക് മാലിന്യവും ഇവർ ശേഖരിക്കും. തരംതിരിച്ച് , ശുചിയാക്കിയ പ്ലാസ്റ്റിക് മാത്രമേ സ്വീകരിക്കൂ. മറ്റൊരു തരത്തിലുള്ള മാലിന്യവും കലരാൻ പാടില്ല. ഇതു നിശ്ചിത സ്ഥലത്ത് ഏൽപിക്കണം.

വീടുകളിലെ ജൈവമാലിന്യം ശേഖരിക്കും: മേയർ 

വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ജൈവമാലിന്യം ശേഖരിക്കൽ  തുടരുമെന്ന് മേയർ എം. അനിൽകുമാർ. കൂടുതൽ മാലിന്യം തള്ളുന്ന  ഹോട്ടലുകൾ, ഫ്ലാറ്റുകൾ എന്നിവയ്ക്കു സ്വന്തം നിലയിൽ മാലിന്യസംസ്കരണ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകി. കഴിയുന്നത്ര വീടുകൾ  ഉറവിട മാലിന്യ സംസ്കരണ സംവിധാനത്തിലേക്കു മാറണം. ഇതിന്റെ മാർഗനിർദേശങ്ങൾക്കായി ഡിവിഷൻ കൗൺസിലർമാരുടെ സഹായം തേടണം. ബയോ ബിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കോർപറേഷൻ നൽകും. നിലവിലെ മാലിന്യശേഖരണ തൊഴിലാളികൾ ഹരിതകർമ സേനയുടെ ഭാഗമായി മാറുമെന്നും പറഞ്ഞു.

തൃക്കാക്കരയിലെ ജൈവമാലിന്യവും ബ്രഹ്മപുരത്തേക്കാണു കൊണ്ടുപോകുന്നത്. ബദൽ മാർഗങ്ങൾ തേടാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രഹ്മപുരത്തെ മാലിന്യസംസ്കരണത്തിനു ശുചിത്വമിഷന്റെ കീഴിലെ ഏജൻസികളിൽനിന്നു താൽപര്യപത്രം ക്ഷണിച്ചു. 

കഴുകി ഉണക്കിയ പ്ലാസ്റ്റിക് മാലിന്യമാണു വീടുകളിൽ നിന്നു  സ്വീകരിക്കുന്നത്. ക്ലീൻ കേരള കമ്പനി മിക്കയിടത്തും വീടുകളിലെ പ്ലാസ്റ്റിക് ശേഖരണം തുടങ്ങി.   ബയോമെഡിക്കൽ മാലിന്യം ശേഖരിക്കുന്ന ഏജൻസിയുടെ ഫോൺ നമ്പറിന് അതതിടങ്ങളിലെ ഹെൽത്ത് ഇൻസ്പെക്‌ടർമാരെ ബന്ധപ്പെടണമെന്നും മേയർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com